സർക്കാർ അനുകൂല നിലപാട്; NSSൽ സുകുമാരൻ നായർക്കെതിരെ പടയൊരുക്കം, പ്രമേയം പാസാക്കി കരയോഗം, രാജിവെച്ച് അംഗങ്ങള്‍

ശബരിമല വനിതാപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനോട് എതിർപ്പ് പ്രകടിപ്പിച്ച ജനറൽ സെക്രട്ടറി നിലപാട് മാറ്റിയെന്ന് വിമര്‍ശനം

സർക്കാർ അനുകൂല നിലപാട്; NSSൽ സുകുമാരൻ നായർക്കെതിരെ പടയൊരുക്കം, പ്രമേയം പാസാക്കി കരയോഗം, രാജിവെച്ച് അംഗങ്ങള്‍
dot image

കൊച്ചി: സർക്കാർ അനുകൂല നിലപാടിന് പിന്നാലെ എൻഎസ്എസിൽ ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ പടയൊരുക്കം. സുകുമാരൻ നായർക്കെതിരെ കൊച്ചി കണയന്നൂർ എൻ എസ്എസ് കരയോഗം രംഗത്തുവന്നു. സുകുമാരൻ നായരുടെത് വീണ്ടുവിചാരമില്ലാത്ത ഇടപെടലെന്ന് കരയോഗം ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു. സുകുമാരൻ നായരുടെ പ്രസ്താവന പ്രതിഷേധാർഹമെന്ന് ചൂണ്ടിക്കാട്ടി കരയോഗം പ്രമേയം പാസാക്കി. അദ്ദേഹത്തിന്റേത് നിരുത്തരവാദപരമായ പ്രസ്താവനയെന്നാണ് ഭാരവാഹികളുടെ കുറ്റപ്പെടുത്തൽ.

പഴയ നിലപാടിൽനിന്നും സെക്രട്ടറി വ്യതിചലിച്ചു. ശബരിമലയിലെ വനിതാപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനോട് എതിർപ്പ് പ്രകടിപ്പിച്ച ജനറൽ സെക്രട്ടറി നിലപാട് മാറ്റി. സ്ത്രീപ്രവേശനത്തിനെതിരെ നാമജപയാത്ര നടത്തിയവരാണ് തങ്ങളെന്നും കരയോഗം ഭാരവാഹികൾ പറഞ്ഞു. സുകുമാരൻ നായർ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണ് അല്ലാതെ എൻഎസ്എസിന്റേതല്ല. സമരത്തിൽ പങ്കെടുത്തതിന് കേസ് ചുമത്തപ്പെട്ടവരുണ്ട്. ആ കേസുകളെല്ലാ പിൻവലിക്കണം. ഏതെങ്കിലും രീതിയിൽ സർക്കാരുമായി എന്തെങ്കിലും ധാരണകൾ ഉണ്ടെങ്കിൽ അത് പുറത്തുവിടണം. കരയോഗങ്ങളെ അറിയിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.

അതേസമയം ശബരിമല വിഷയത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ നിലപാട് മാറ്റിയെന്ന് ആരോപിച്ച് പ്രതിഷേധ സൂചകമായി സംഘടനയിൽനിന്നും നാലുപേർ രാജിവെച്ചു. ചങ്ങനാശേരി പുഴവാതിൽ ഗോപകുമാറും കുടുംബവുമാണ് അംഗത്വം രാജിവെച്ചത്. അച്ഛനും അമ്മയും രണ്ടു മക്കളുമാണ് രാജിവെച്ചത്. പ്രതിഷേധം വ്യക്തമാക്കി ഇവർ കരയോഗത്തിന് കത്ത് നൽകി.

ഇതിനിടെ സുകുമാരന്‍ നായര്‍ക്കെതിരെ പത്തനംതിട്ടയില്‍ വീണ്ടും പോസ്റ്റര്‍ ഉയർന്നു. സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേടാണെന്ന് കുറ്റപ്പെടുത്തുന്നതാണ് പോസ്റ്റര്‍. പത്തനംതിട്ട പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തെ 681 നമ്പര്‍ ളാക്കൂര്‍ കരയോഗത്തിന് സമീപമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

'കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേട്' എന്ന് പോസ്റ്ററില്‍ വിമര്‍ശിക്കുന്നു. കഴിഞ്ഞ ദിവസം പത്തനംതിട്ട വെട്ടിപ്പുറം എന്‍എസ്എസ് കരയോഗം ഓഫീസിന് മുന്നിലായിരുന്നു ബാനര്‍. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സമുദായത്തിന് നാണക്കേടാണെന്നും കുടുംബകാര്യത്തിന് വേണ്ടി അയ്യപ്പഭക്തരെ പിന്നില്‍ നിന്ന് കുത്തിയെന്നുമായിരുന്നു ബാനര്‍.

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ആചാരം സംരക്ഷിക്കാന്‍ നടപടി എടുക്കുകയാണ്. ശബരിമലയിലെ ആചാരം സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. സ്ത്രീപ്രവേശന വിധിക്കെതിരെ എന്‍എസ്എസ് നാമജപ ഘോഷയാത്ര നടത്തി. കോണ്‍ഗ്രസും ബിജെപിയും അന്ന് വിട്ടുനിന്നു. വിശ്വാസികള്‍ കൂട്ടത്തോടെ വന്നപ്പോഴാണ് അവരും വന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീപ്രവേശനം അനുവദിച്ചില്ല. അവര്‍ക്ക് വേണമെങ്കില്‍ അത് ചെയ്യാമായിരുന്നു. ആചാരങ്ങള്‍ അതേ പോലെ നിലനിര്‍ത്തി. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കോണ്‍ഗ്രസും ഒന്നും ചെയ്തില്ല. ശബരിമലയിലെ പ്രശ്‌നം പരിഹരിക്കുമെന്നും ആചാരങ്ങള്‍ സംരക്ഷിക്കുമെന്നും എന്‍എസ്എസിന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആചാരത്തിനെതിരെ ഒന്നും ചെയ്യില്ല. മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വം മന്ത്രിയാണ് ഉറപ്പുനല്‍കിയതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. അതേസമയം, ജി സുകുമാരന്‍ നായരുടെ പ്രസ്താവനയില്‍ ആശങ്കയിലാണ് യുഡിഎഫ്.

Content Highlights: NSS Karayogam is preparing to fight against General Secretary Sukumaran Nair

dot image
To advertise here,contact us
dot image