
അയ്യപ്പസംഗമം മത-സാമുദായിക സംഘടനകളെ ഒപ്പം നിര്‍ത്താനുള്ള കൈവിട്ട കളി; സര്‍ക്കാരിനെതിരെ സമസ്ത മുഖപത്രം
കോഴിക്കോട്: പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുഖപത്രം സുപ്രഭാതം. അയ്യപ്പസംഗമത്തെ മുന്‍നിര്‍ത്തിയാണ് സുപ്രഭാതം മുഖപ്രസംഗം. സര്‍ക്കാര്‍ വിലാസം ഭക്ത സംഘം എന്ന പേരിലാണ് സുപ്രഭാതം മുഖപ്രസംഗം.
അയ്യപ്പ സംഗമം മത സാമുദായിക സംഘടനകളെ ഒപ്പം നിര്‍ത്താനുള്ള കൈവിട്ട കളിയാണ്. ഇടതു സര്‍ക്കാറിന്റേത് ഇരട്ടത്താപ്പാണെന്നും ആരോപിക്കുന്നു. വെള്ളാപ്പളി നടേശനുമായുള്ള മുഖ്യമന്ത്രിയുടെ യാത്രയ്ക്കും വിമര്‍ശനമുണ്ട് മുഖപ്രസംഗത്തില്‍. മതേതര മനസിനെ മുറിവേല്‍പ്പിക്കുന്ന ചില സമുദായ നേതാക്കളുടെ തോളില്‍ കയ്യിടുന്നു.
ഇത് അപകടകരം. എത്ര വെള്ളപൂശിയാലും പുള്ളി പുലിയുടെ പുള്ളി ഒരുനാള്‍ തെളിഞ്ഞു വരുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
'സര്‍ക്കാര്‍ വിലാസം ഭക്തസംഘം
വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്ന ബോധ്യം കുറച്ചുകാലമായി കേരളത്തിലെ സി.പി.എമ്മിനുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍തന്നെ മുമ്പ് അക്കാര്യം വ്യക്തമാക്കിയതുമാണ്. അപ്പോഴും തങ്ങളുടെ വര്‍ഗരാഷ്ട്രീയവും പ്രായോഗിക രാഷ്ട്രീയവും മതനിരപേക്ഷ ഉള്ളടക്കത്താല്‍ ഭദ്രമാണെന്ന് തോന്നിപ്പിക്കാന്‍ സി.പി.എമ്മിന്, വിശിഷ്യാ പിണറായി സര്‍ക്കാരിന് കഴിഞ്ഞിരുന്നു. എന്നാല്‍, എത്ര വെള്ളപൂശിയാലും പുള്ളിപ്പുലിയുടെ പുള്ളി ഒരുനാള്‍ തെളിഞ്ഞുവരുമെന്നതാണ് കണ്‍മുന്നിലെ യാഥാര്‍ഥ്യം. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സര്‍ക്കാര്‍ വിലാസം പരിപാടിയായ ആഗോള അയ്യപ്പസംഗമവും അതുവഴി മത-സമുദായ സംഘടനകളെ ഒപ്പം നിര്‍ത്താനുള്ള കൈവിട്ട കളിയും. കേരളത്തിന്റെ മതേതര മനസിനെ നിരന്തരം മുറിവേല്‍പ്പിക്കുന്ന ചില സമുദായ നേതാക്കളുടെ തോളില്‍ കൈയിട്ടാണ് ഈ അപകടക്കളിയെന്നതും കാണാതെപോകരുത്. മതസൗഹാര്‍ദവും സാഹോദര്യവുമൊന്നും കേരളം കടന്നാല്‍ കണികാണാന്‍ കിട്ടില്ലെന്നാണ് കാലങ്ങളായി ഇന്നാട്ടിലെ ഇടതുനേതാക്കളും ബുദ്ധിജീവികളുമൊക്കെ വലിയ വായില്‍ പറയുന്നത്. എന്നാല്‍ മതവിശ്വാസത്തിലും ആഘോഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും കേരളത്തിനു തൊട്ടുകിടക്കുന്ന തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും മുഖ്യമന്ത്രിമാര്‍ കൈക്കൊള്ളുന്ന നെഞ്ചുറപ്പുള്ള നിലപാടുകളുമായി തുലനം ചെയ്യുമ്പോള്‍ ബോധ്യപ്പെടും ഇടതുസര്‍ക്കാരിന്റെ ഇരട്ടത്താപ്പ്.
പിണറായി സര്‍ക്കാര്‍ ആഗോള അയ്യപ്പസംഗമം നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് കര്‍ണാടകയില്‍ ദസറ ആഘോഷങ്ങള്‍ക്കു തുടക്കമായത്. എഴുത്തുകാരിയും ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് ജേതാവുമായ ബാനു മുഷ്താഖ് ആയിരുന്നു ദസറ മഹോത്സവത്തിന് തിരിതെളിച്ചത്. ഒരു മുസ്ലിം വനിത, ദസറ ഉദ്ഘാടനം ചെയ്യുന്നതിനെതിരേ വന്‍ പ്രതിഷേധമാണ് സംഘ്പരിവാര്‍ സംഘടനകള്‍ കര്‍ണാടകയില്‍ നടത്തിയത്. ബാനു മുഷ്താഖിനെ വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിവരെ അവര്‍ പോയെങ്കിലും മുഖ്യമന്ത്രി സിദ്ധരാമയ്യ തരിമ്പും കുലുങ്ങിയില്ല. ഉദ്ഘാടനവേദിയില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി പറഞ്ഞവാക്കുകള്‍ കേരളം കേള്‍ക്കേണ്ടതാണ്: 'ബാനു മുഷ്താഖ് മുസ്ലിം സ്ത്രീയായിരിക്കാം. അതിലുപരി അവരൊരു മനുഷ്യനാണ്. നമ്മളൊക്കെ ഉള്‍ക്കൊള്ളുന്ന മനുഷ്യസമൂഹത്തിന്റെ ഭാഗമാണ്. മനുഷ്യര്‍ മനുഷ്യരെ സ്നേഹിക്കുകയാണ് വേണ്ടത്, വെറുക്കുകയല്ല'. തമിഴ്നാട്ടില്‍ നബിദിന സംഗമത്തില്‍ പങ്കെടുത്തതിന്റെ പടം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനു താഴെ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കുറിച്ചത് ഇങ്ങനെ: ന്യൂനപക്ഷ സഹോദരങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍ കോട്ടകണക്കെ കൂടെ, ദ്രാവിഡമുന്നേറ്റ കഴകമുണ്ടാകും'.
ഈ നിലപാടുകളുടെ വെള്ളിവെളിച്ചത്തില്‍ നിന്നുകൊണ്ട് അയ്യപ്പസംഗമത്തിന്റെ പേരില്‍ കേരളത്തില്‍ നടന്നതെന്തെല്ലാമെന്ന് പരിശോധിച്ചാല്‍ ബോധ്യപ്പെടും ഇടതുസര്‍ക്കാരിന്റെ യഥാര്‍ഥ മുഖം. നാഴികയ്ക്കു നാല്‍പതുവട്ടം മുസ്ലിം സമുദായത്തിനെതിരേ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി നടേശനെ ഔദ്യോഗിക വാഹനത്തില്‍ തൊട്ടടുത്തിരുത്തി ആനയിച്ചാണ് പിണറായി വിജയന്‍ അയ്യപ്പ സംഗമവേദിയിലെത്തിയത്. രാജ്യത്ത് വര്‍ഗീയവിഷം വമിപ്പിക്കുന്നതില്‍ മുന്നിലുള്ള യോഗി ആദിത്യനാഥിനെ സംഗമത്തിലേക്ക് ക്ഷണിച്ചതും ഏതുതരം ഭൗതികവാദമാണെന്ന് എം.വി ഗോവിന്ദനെങ്കിലും നാട്ടുകാര്‍ക്ക് പറഞ്ഞുകൊടുക്കണം. അയ്യപ്പസംഗമത്തിനെത്തിയില്ലെങ്കിലും ആശംസാകുറിപ്പ് അയക്കാന്‍ ആദിത്യനാഥോ, അത് വേദിയില്‍ വായിക്കാന്‍ 'ഇടതു മതേതര മന്ത്രി'യോ മറന്നില്ലെന്നതും ശ്രദ്ധേയം!
അയ്യപ്പസംഗമത്തിലേക്ക് പിണറായി വിജയനൊപ്പം കാറില്‍ എത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് വെള്ളാപ്പള്ളിയുടെ നാവില്‍നിന്നു വീണതും വിഷം തീണ്ടിയ വാക്കുകള്‍ തന്നെ. 'മുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്തതില്‍ ആര്‍ക്കാണ് പ്രശ്നം, ഞാനെന്താ തീണ്ടല്‍ ജാതിയില്‍ പെട്ടവനാണോ' എന്ന പരാമര്‍ശം മതവിരുദ്ധത മാത്രമല്ല, കടുത്ത ജാതിവിരുദ്ധത കൂടിയാണ്. ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സംഘടനയുടെ തലപ്പത്തിരുന്നാണ് വെള്ളാപ്പള്ളി ഈ ജാതിവിരോധം വിളമ്പുന്നതെന്നോര്‍ക്കണം. അയ്യപ്പസംഗമത്തിന് അനുഗ്രഹാശിസ്സുകളുമായെത്തിയ പ്രധാനികളില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമുണ്ടായിരുന്നല്ലോ. സമദൂരവും ശരിദൂരവുമൊക്കെ കൈയൊഴിഞ്ഞ് ഇടതുചേരിയിലേക്ക് അകലം കുറയ്ക്കാനുള്ള സുകുമാരന്‍ നായരുടെ താല്‍പര്യങ്ങളെ കുറ്റം പറയുന്നില്ല. ഏത് കക്ഷിക്ക് കൂറുപ്രഖ്യാപിക്കണമെന്നതും ആര്‍ക്കു വോട്ടു ചെയ്യണമെന്നതുമൊക്കെ അതതു സംഘടനകളുടെയും വ്യക്തികളുടെയും അവകാശമാണ്. എന്നാല്‍ ജാതി സംവരണത്തില്‍ ഉള്‍പ്പെടെ മനുഷ്യവിരുദ്ധ, വരേണ്യനിലപാടുകള്‍ മുറുകെപ്പിടിക്കുന്നവരെ കൂടെക്കൂട്ടണോ എന്ന്, മസ്തകത്തില്‍ മതനിരപേക്ഷത തിടമ്പേറ്റിയ ഇടതുകക്ഷികളെങ്കിലും രണ്ടുവട്ടം ആലോചിക്കേണ്ടതാണ്. വിവിധ ജാതികള്‍ തമ്മിലുള്ള സ്പര്‍ധയ്ക്കും വര്‍ഗീയതയ്ക്കും കാരണമാകും എന്നതിനാല്‍ ജാതി സെന്‍സസ് അനുവദിക്കരുതെന്നാണ് എന്‍.എസ്.എസിന്റെയും സുകുമാരന്‍ നായരുടെയും നിലപാട്. ഈ നിലപാടിനോട് തരിമ്പും യോജിപ്പില്ലെന്നാണ് ഇവിടുത്തെ ഇടതുപക്ഷവും യു.ഡി.എഫും നിരന്തരം പറയുന്നത്. ജാതി സെന്‍സസ് ഉടന്‍ നടപ്പാക്കണമെന്നാണ് കോണ്‍ഗ്രസും സി.പി.എമ്മും ദേശീയതലത്തിലുള്‍പ്പെടെ പറയുന്നത്. ഇതരജാതികളില്‍പെട്ടവരും മറ്റു മതങ്ങളില്‍ പെട്ടവരും കാലങ്ങളായി അനര്‍ഹമായ അവകാശാധികാരങ്ങളില്‍ അടയിരിക്കുന്നുവെന്നാണല്ലോ സുകുമാരന്‍നായര്‍ പറയുന്നത്. അതില്‍ വാസ്തവമുണ്ടോ എന്നെങ്കിലും ബോധ്യമാവാന്‍ ജാതി സെന്‍സസ് അനിവാര്യമല്ലേ.
ജാതി സെന്‍സസില്‍ ഉള്‍പ്പെടെ ഇവിടുത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ക്ക് വലിയ താല്‍പര്യമില്ലെന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടുതന്നെയാണ് സെന്‍സസിനെതിരേ സുകുമാരന്‍ നായര്‍ രംഗത്തെത്തിയപ്പോള്‍ ഇരു മുന്നണികളുടെയും നട്ടെല്ല് വളഞ്ഞുപോയത്. ദേശീയതലത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിലപാട് പറയാനെങ്കിലും ഈ മുന്നണികള്‍ക്ക് ആര്‍ജവമുണ്ടാവേണ്ടിയിരുന്നു. തൂത്താല്‍ പോകാത്തത്ര ജാതി ജീര്‍ണതകള്‍ തലയ്ക്കുപിടിച്ചവരുടെ തോളില്‍ കൈയിടാന്‍ ഇരുമുന്നണികളിലും പെട്ട നേതാക്കള്‍ മത്സരിക്കുന്നതു കാണുമ്പോള്‍ ഇന്നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന മതേതരവിശ്വാസികളിലും ആശങ്ക പെരുകുന്നുണ്ട്. ആര്‍ക്കൊപ്പമാണ് വെള്ളാപ്പള്ളിയുടെ മനസ് എന്നത് കേരളത്തിനറിയാം. എന്നാല്‍, അദ്ദേഹമടക്കമുള്ളവരെ തോളേറ്റിനടക്കുന്ന ഇടതുപക്ഷം വാസ്തവത്തില്‍ ആര്‍ക്കൊപ്പമാണെന്നത് പേടിപ്പിക്കുന്ന ചോദ്യം തന്നെയാണ്.', ഇങ്ങനെയാണ് മുഖപ്രസംഗം.