
പത്തനംതിട്ട: പന്തളത്തെ ബദല്‍ അയ്യപ്പ സംഗമത്തിലെ ജനപങ്കാളിത്തം മുന്‍കൂട്ടി കാണുന്നതില്‍ പൊലീസിന് വന്‍ വീഴ്ച. കുറവ് ആളുകള്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട് നല്‍കിയതിൽ പൊലീസ് ഉദ്യോഗസ്ഥന് ജില്ലാ പൊലീസ് മേധാവി മെമ്മോ നല്‍കി.
പത്തനംതിട്ട ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് പന്തളം ഫീല്‍ഡ് ഓഫീസര്‍ക്കാണ് ജില്ലാ പൊലീസ് മേധാവി മെമ്മോ നല്‍കിയത്. പന്തളം സിഐ, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി, അടൂര്‍ ഡിവൈഎസ്പി എന്നിവരോട് നാളെ വിശദീകരണം ചോദിച്ചേക്കും.
ഇക്കഴിഞ്ഞ 23നായിരുന്നു പന്തളത്ത് ബദല്‍ അയ്യപ്പ സംഗമം നടന്നത്. ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തിലായിരുന്നു സംഗമം നടന്നത്. പരിപാടിയില്‍ മൂവായിരത്തില്‍ താഴെ മാത്രം ആളുകള്‍ പങ്കെടുക്കുമെന്നായിരുന്നു ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 200 പൊലീസുകാരെ മാത്രമാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. പ്രതീക്ഷിച്ചതില്‍ അധികം ആളുകള്‍ എത്തിയതോടെ എം സി റോഡില്‍ അടക്കം വലിയ രീതിയില്‍ ഗതാഗത തടസ്സമുണ്ടായി. പരിപാടിയില്‍ പതിനയ്യായിരത്തോളം പേര്‍ പങ്കെടുത്തുവെന്നാണ് കണക്ക്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫീല്‍ഡ് ഓഫീസര്‍ക്ക് മെമ്മോ നല്‍കിയത്. തെറ്റായ എണ്ണം നല്‍കി ആഭ്യന്തര വകുപ്പിനെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് മെമ്മോയില്‍ പറയുന്നത്.
Content Highlights- District police superintendent send memo on report over pandalam ayyappa sangamam