ഓടുന്ന ട്രെയിനില്‍ പാമ്പുമായി കയറി ഭയപ്പെടുത്താൻ ശ്രമം; ശേഷം പണം തട്ടല്‍: വൈറലായി വീഡിയോ

അഹമ്മദാബാദ് സബര്‍മതി എകസ്പ്രസിലാണ് സംഭവം ഉണ്ടായത്

ഓടുന്ന ട്രെയിനില്‍ പാമ്പുമായി കയറി ഭയപ്പെടുത്താൻ ശ്രമം; ശേഷം പണം തട്ടല്‍: വൈറലായി വീഡിയോ
dot image

ട്രെയിന്‍ യാത്രയ്ക്കിടയില്‍ ദുരനുഭവങ്ങള്‍ നേരിട്ട പലരുടെയും കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ടല്ലേ. അത്തരത്തില്‍ സോഷ്യല്‍ മീഡിയയിലാകെ ഇപ്പോൾ ചര്‍ച്ചയാകുന്നത് അസ്വസ്ഥതപ്പെടുത്തുന്ന ഒരു വീഡിയോയാണ്. ഇന്ത്യന്‍ റെയില്‍വെയില്‍ യാത്ര ചെയ്യുന്ന ഒരാള്‍ മറ്റ് സഹയാത്രകാരില്‍ നിന്ന് പാമ്പിനെ കാണിച്ച് ഭയപ്പെടുത്തി പണം തട്ടുന്നതാണ് വീഡിയോ. പാമ്പുമായി ഓരോ യാത്രകാര്‍ക്ക് നേരെയും ഇയാള്‍ നീങ്ങുന്നതും പലരും പൊടുന്നനെ തന്നെ പേഴ്‌സില്‍ നിന്ന് പണം എടുത്ത് നല്‍കുന്നതായും കാണാം.

അഹമ്മദാബാദ് സബര്‍മതി എകസ്പ്രസിലാണ് സംഭവം ഉണ്ടായത്. യാത്രക്കാരുടെ തൊട്ടടുത്തായി പാമ്പിനെ നീട്ടി പിടിച്ചായിരുന്നു ഇയാളുടെ പരാക്രമം. ഇത് യാത്രക്കാരില്‍ ഭയവും അസ്വസ്ഥതയും സൃഷ്ടിക്കുന്നുണ്ട്. ചിലര്‍ ഉടന്‍ തന്നെ കീശയില്‍ നിന്ന് പേഴ്‌സ് എടുത്ത് പണം നല്‍കുന്നുണ്ട്.

'മുന്‍ഗാവോളിയില്‍ നിന്ന് ഒരാള്‍ പാമ്പുമായി കയറി. ഇന്ത്യന്‍ റെയില്‍വേയ്ക്കുള്ളിലെ കഠിനാധ്വാനികളായ തൊഴിലാളി വിഭാഗത്തില്‍ നിന്ന് പണം തട്ടാനുള്ള പുതിയ മാര്‍ഗം.' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാഴ്ചയില്‍ വിഷമില്ലാത്ത പാമ്പായാണ് തോന്നിയതെന്ന് പലരും വീഡിയോ കണ്ട ശേഷം അഭിപ്രായപ്പെടുന്നു. പോസ്റ്റിന് താഴെ നിരവധിപേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണ് ഇത്തരത്തിലുള്ള പ്രവണതകളെന്നും എത്രയും പെട്ടെന്ന് അയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇന്ത്യന്‍ റെയില്‍വേയെ ടാഗ് ചെയ്ത് പറഞ്ഞു.

പൊതുഗതാഗതം എല്ലാവര്‍ക്കും സുരക്ഷിതമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍, യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും അസാധാരണമായ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് പിന്തുണ നല്‍കുന്ന റെയില്‍വേ സേവയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പിന്നാലെ നിങ്ങളുടെ യാത്രാ വിവരങ്ങളും മൊബൈല്‍ നമ്പറും വെച്ച് വിവരങ്ങള്‍ ഡിഎം ചെയ്യാനും വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തിക്ക് റെയില്‍വേ സേവ മറുപടി നല്‍കിയിട്ടുണ്ട്. ഇനിയും ഇതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ നിരീക്ഷണം വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Content Highlights- Attempt to scare people with a snake on a moving train, then extort money

dot image
To advertise here,contact us
dot image