പ്രവാസികൾക്ക് തിരിച്ചടി; ഒമാൻ ആ​രോ​ഗ്യമേഖലയിൽ സ്വദേശിവത്ക്കരണം വർദ്ധിച്ചതായി കണക്കുകൾ

പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്നവരില്‍ 47 ശതമാനവും ഒമാനികളായ നഴ്‌സുമാരാണെന്നും ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രവാസികൾക്ക് തിരിച്ചടി; ഒമാൻ ആ​രോ​ഗ്യമേഖലയിൽ സ്വദേശിവത്ക്കരണം വർദ്ധിച്ചതായി കണക്കുകൾ
dot image

ഒമാനില്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായി ആരോഗ്യമേഖലയില്‍ സ്വദേശിവത്കരണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. സ്വദേശികളായ ഡോക്ടര്‍മാരുടെ നിയമനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന ഉണ്ടായതായും ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒമാനില്‍ ആരോഗ്യ മേഖലയിലെ സ്വദേശി വത്ക്കരണ നിരക്കില്‍ ഡോക്ടര്‍മാരുടെ എണ്ണത്തിലാണ് ഏറ്റവും വര്‍ദ്ധന.

44 ശതമാനമാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്വദേശി ഡോക്ടര്‍മാരുടെ എണ്ണം. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന ഒമാനി ഡോക്ടര്‍മാരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പൊതു ജനാരോഗ്യ സ്ഥാപനങ്ങളിലെ ഒമാന്‍ സ്വദേശികളായ ഡോക്ടര്‍മാരുടെ എണ്ണം രാജ്യത്തെ ആകെ ഡോക്ടര്‍മാരുടെ എണ്ണത്തിന്റെ 45 ശതമാനമായി ഉയര്‍ന്നു.

പൊതു, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം 71,180 ആയി വര്‍ധിച്ചതായും ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 55 ശതമാനത്തോളമാണ് ഒമാനികളുടെ എണ്ണം. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്നവരില്‍ 47 ശതമാനവും ഒമാനികളായ നഴ്‌സുമാരാണെന്നും ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

2020-2024 കാലയളവില്‍ ഡോക്ടര്‍ മാര്‍ക്കിടയിലെ സ്വദേശിവത്കരണ നിരക്ക് 39 ശതമാനത്തില്‍ നിന്ന് 44 ശതമാനമായി വര്‍ധിച്ചപ്പോള്‍ ആരോഗ്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടില്ലാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സ്വദേശിവത്കരണ നിരക്ക് 51 ശതമാനത്തില്‍ നിന്ന് 48 ശതമാനമായി കുറഞ്ഞു. 2020നെ അപേക്ഷിച്ച് ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനവ് കൈവരിച്ചു. 94 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ 2,384 എണ്ണത്തില്‍ 12 ശതമാനമാണ് വര്‍ധന. 2020ല്‍ 794 ആയിരുന്ന സ്വകാര്യ ഫാര്‍മസികളുടെ എണ്ണം 2024ല്‍ 1,177 ആയി ഉയര്‍ന്നു.പൊതുമേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളുടെയും ക്ലിനിക്കുകളുടെയും എണ്ണം ഒമ്പത് ശതമാനം വര്‍ധിച്ചതായും ദേശീയ സ്ഥിതി വിവര കേന്ദ്രം വ്യക്തമാക്കി.

Content Highlights: Oman reports increase in nationalization in health sector, a blow to expatriates

dot image
To advertise here,contact us
dot image