'സമയമാകുമ്പോൾ ഷാഫിക്കെതിരെ തെളിവുകള്‍ പുറത്തുവിടും'; വെല്ലുവിളിയുമായി ഇ എൻ സുരേഷ് ബാബു

'കുമ്പളങ്ങ കട്ടത് ആരാണെന്ന് ചോദിച്ചാൽ എന്തിനാണ് ഷാഫി തോളിൽ ചെളിയുണ്ടോ എന്ന് നോക്കുന്നത്'

'സമയമാകുമ്പോൾ ഷാഫിക്കെതിരെ തെളിവുകള്‍ പുറത്തുവിടും'; വെല്ലുവിളിയുമായി ഇ എൻ സുരേഷ് ബാബു
dot image

പാലക്കാട്: ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഷാഫി പറമ്പിൽ എംപിയെ വെല്ലുവിളിച്ച് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. സമയമാകുമ്പോൾ ഷാഫിക്കെതിരെ തെളിവുകൾ പുറത്തുവിടുമെന്നാണ് വെല്ലുവിളി. താൻ ഉന്നയിച്ച വിഷയം ഷാഫി തന്നെ ഏറ്റെടുത്തു. കുമ്പളങ്ങ കട്ടത് ആരാണെന്ന് ചോദിച്ചാൽ എന്തിനാണ് ഷാഫി തോളിൽ ചെളിയുണ്ടോ എന്ന് നോക്കുന്നതെന്നും സുരേഷ് ബാബു മാധ്യമങ്ങളോട് ചോദിച്ചു. പറയേണ്ടത് പറയാൻ ശേഷിയുള്ളതു കൊണ്ടാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ബാംഗ്ലൂരിലേക്ക് ഷാഫി ട്രിപ്പ് വിളിക്കും. സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ ഹെഡ്മാസ്റ്റര്‍ ആണ് ഷാഫി പറമ്പിലെന്നാണ് സുരേഷ് ബാബു ആരോപിച്ചത്. ഷാഫി മാത്രമല്ല കോണ്‍ഗ്രസിലെ പല നേതാക്കളും സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ അധ്യാപകരാണ്. സഹികെട്ടാണ് വി ഡി സതീശന്‍ രാഹുലിനെതിരെ നടപടിയെടുത്തത്. കൊത്തി കൊത്തി മുറത്തില്‍ കേറി കൊത്തിയപ്പോള്‍ സതീഷന് രാഹുലിനെതിരെ നടപടിയെടുക്കേണ്ടി വന്നു. സ്ത്രീ വിഷയത്തില്‍ മുസ്‌ലിം ലീഗാണ് അവര്‍ക്ക് മാതൃകയെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു.

എന്നാൽ തനിക്കെതിരെ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു നടത്തിയത് ആരോപണമല്ല അധിക്ഷേപമാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും പാലക്കാട് മുന്‍ എംഎല്‍എയുമായ ഷാഫി പറമ്പില്‍ എംപി പ്രതികരിച്ചത്. അധിക്ഷേപവും വ്യക്തിഹത്യയുമാണോ 2026 ഇടതുപക്ഷത്തിന്റെ പ്രചാരണ ആയുധമെന്നും അദ്ദേഹം ചോദിച്ചിരുന്നു.

ഇങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞാണോ അടുത്ത തെരഞ്ഞെടുപ്പുകളെ നേരിടുന്നത് എന്ന് സിപിഐഎം വ്യക്തമാക്കണം. സുരേഷ് ബാബുവിന് മറുപടി നല്‍കേണ്ടത് താനല്ല സിപിഐഎം നേതൃത്വമാണ്. നിയമനടപടിയെക്കുറിച്ച് ആലോചിക്കും. അതേ ഭാഷയില്‍ താന്‍ മറുപടി പറയുന്നില്ല. ഇതാണോ സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ. സുരേഷ് ബാബു മറുപടി പോലും അര്‍ഹിക്കുന്നില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Content Highlights: CPIM Palakkad District Secretary EN Suresh Babu challenges Shafi Parambil MP after making serious allegations

dot image
To advertise here,contact us
dot image