
ലോകത്തിലെ ഏറ്റവും ആഡംബരമുള്ള ട്രെയിനുകളിലൊന്നിലാണ് നമ്മുടെ രാഷ്ട്രപതി ദ്രൗപതി മുർമു യാത്ര ചെയ്യുന്നത്. ഇന്ത്യൻ റെയിൽവെയാണ് സ്‌പെഷ്യൽ കോച്ചുകളുള്ള ട്രെയിൻ രാഷ്ട്രപതിക്കായി സജ്ജീകരിച്ചത്. വ്യാഴാഴ്ച ന്യൂഡൽഹിയിലെ സഫ്ദാർജംഗ് റെയിൽവെ സ്റ്റേഷനിൽ നിന്നും മഥുരയിലെ വൃന്ദാവൻ റോഡ് സ്റ്റേഷൻവരെ രാഷ്ട്രപതി യാത്ര ചെയ്തത് ഈ ട്രെയിനിലാണ്.
മഹാരാജാസ് എക്‌സ്പ്രസ് ട്രെയിൻ, പേരു പോലെ തന്നെ രാജകീയമായ എല്ലാ സൗകര്യങ്ങളും ഇതിലുണ്ട്. പതിനെട്ട് കോച്ചുകളാണ് ട്രെയിനുള്ളത്. ഇതിൽ ലക്ഷ്വറി കാബിനുകൾ, ഡൈനിങ് കാറുകൾ, സെക്യൂരിറ്റി, സ്റ്റാഫ് കോച്ചുകൾ എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്.
സാധാരണ ട്രെയിനുകളിൽ നിന്നും വളരെ വ്യത്യസ്തമായി ഡിസൈൻ ചെയ്തിരിക്കുന്ന ഈ ട്രെയിനിൽ പ്രസിഡന്റിന്റെ കുടുംബത്തിനായി പ്രത്യേകം കോച്ചുണ്ട്. മാത്രമല്ല അടിയന്തര ഘട്ടങ്ങൾ കൈകാര്യം ചെയ്യാൻ മെഡിക്കൽ കോച്ചുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് വീതം എൻജിനുകൾ, റെയിൽവെ കോച്ചുകൾ, പവർ കാറുകൾ, ലക്ഷ്വറി സ്യൂട്ട്, ലോഞ്ചുകൾ, റെസ്റ്റോറന്റുകൾ, ഒരു പ്രസിഡൻഷ്യൽ സ്യൂട്ട്, അടുക്കള, മൂന്ന് ജൂനിയർ സ്യൂട്ട്, സ്റ്റാഫ് കോച്ച് എന്നിവയുമുണ്ട് ഈ 'മഹാരാജാവിന്'.
ഓരോ കോച്ചിനും ഓരോ ഉദ്ദേശമായതിനാൽ പ്രത്യേകം പേരുകളാണ് നൽകിയിരിക്കുന്നത്. മെഡിക്കൽ ടീമിനായുള്ള സ്യൂട്ടിന്റെ പേര് 'നീലം' എന്നാണ്. രാഷ്ട്രപതിയുടെ കുടുംബത്തിന്റെ സ്യൂട്ടിന് നൽകിയിരിക്കുന്ന പേര് 'ഹിര' എന്നാണ്. പ്രസിഡൻ്റ് സ്യൂട്ടിന് 'നവരത്‌ന' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഇതിലെല്ലാം ആധുനിക സജ്ജീകരണങ്ങളാണുള്ളതും.
റെസ്റ്റോറൻ്റിലെ ഡൈനിനെ 'മയൂർ മഹലെ'ന്നും പ്രസിഡന്റിന്റെ സെക്രട്ടേറിയേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥർ സഞ്ചരിക്കുന്ന ലോഞ്ചിനെ 'രാജാ ക്ലബെ'ന്നുമാണ് വിളിക്കുന്നത്. ട്രെയിന്റെ കിച്ചൻ - റെസ്റ്റോറൻ്റ് എന്നിവടങ്ങിലെ സ്റ്റാഫുകൾ രാഷ്ട്രപതി ഭവനിൽ നിന്നുള്ളവരാണ്. കോമൺ ഏരിയയിലെ ലോഞ്ചിനെ 'സഫാരി' എന്നാണ് വിളിക്കുന്നത്. മറ്റ് ഉദ്യോഗസ്ഥർ ജൂനിയർ സ്യൂട്ടായ 'ഗോമദ്', 'മണിക്ക്' എന്നീ കോച്ചുകളിലാണ് യാത്ര ചെയ്യുന്നത്. ട്രെയിനിലെ വലിയൊരു ഭാഗമായ റെസ്റ്റോറന്റുകളിലൊന്നിനെ 'രംഗ് മഹൽ' എന്നാണ് വിളിക്കുന്നത്. അതായത് പൂർണമായും ഒരു മിനി രാഷ്ട്രപതി ഭവൻ അന്തരീഷമാണ് ഈ ട്രെയിനിനെന്ന് വേണമെങ്കിൽ പറയാം.
അടിയന്തരമായ സാഹചര്യത്തിലല്ലാതെ മറ്റൊരു സ്റ്റോപ്പിലും ട്രെയിൻ നിർത്തില്ല. ആഹാരവും വെള്ളവുമെല്ലാം ട്രെയിനിൽ തന്നെ. ഫുൾ എയർ കണ്ടീഷൻ ചെയ്ത ട്രെയിനിൽ റെയിൽവേ ഉദ്യോഗസ്ഥർക്കായി പ്രത്യേകം റിസർവ് ചെയ്ത കോച്ചുമുണ്ട്.
ഇന്ന് രാഷ്ട്രപതി സന്ദർശനം നടത്തുന്നത് വൃന്ദാവനത്തിലെ ശ്രീ ബങ്കേ ബിഹാരി മന്ദിറിലും മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാൻ ക്ഷേത്രത്തിലുമടക്കമാണ്.
Content Highlights: Maharaja's Express, the train in which President of India travels