
കല്‍പ്പറ്റ: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ബാങ്കിലെ കുടിശിക തീര്‍ത്തെന്ന കെപിസിസിയുടെ വാദത്തില്‍ പ്രതികരണവുമായി എം എന്‍ വിജയന്റെ മരുമകള്‍ പത്മജ. കട ബാധ്യത തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും അറിയിച്ചില്ലെന്നാണ് പത്മജ വ്യക്തമാക്കിയത്. മാധ്യമങ്ങളില്‍ നിന്ന് ലഭിച്ച വിവരം മാത്രമെ ഇക്കാര്യത്തിലുള്ളൂ. നേതൃത്വമോ ബാങ്കോ ഇക്കാര്യത്തില്‍ തങ്ങളെ വിവരങ്ങളൊന്നും അറിയിച്ചില്ലെന്നും പത്മജ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. എഗ്രിമെന്റ് കാണാതായതില്‍ പിന്നെ ഒരു കാര്യത്തിനും ഒരാളു പോലും ബന്ധപ്പെട്ടിട്ടില്ലെന്നും പത്മജ വ്യക്തമാക്കി.
'എത്ര പണം അടച്ചു. ഇനി എത്ര രൂപ തിരികെ നല്‍കാനുണ്ട് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല. എത്ര രൂപ തിരിച്ചടയ്ക്കാന്‍ ബാക്കിയുണ്ട് എന്നതില്‍ ബാങ്കിന്റെ പ്രതിനിധി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് വിശദീകരം നല്‍കിയിരുന്നു. അതിനപ്പുറമുള്ള കാര്യങ്ങള്‍ നമുക്ക് അറിയില്ല. ഈ വിഷയത്തില്‍ സംതൃപ്തിയുടെ കാര്യമില്ല. ഈ തുക പാര്‍ട്ടിക്ക് വേണ്ടി നടത്തിയതാണെന്ന് അച്ഛന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ പണം തിരികെ നല്‍കേണ്ടത് പാര്‍ട്ടിയുടെ ബാധ്യസ്ഥതയാണ്. പണം അടച്ച് തീര്‍ത്തതില്‍ ആശ്വാസമുണ്ട്. പക്ഷെ അത്രയും മാനസിക ബുദ്ധിമുട്ടിലൂടെ കടത്തിവിട്ട ശേഷമാണ് അവര്‍ അത്തരത്തില്‍ ഒരു തീരുമാനമെടുത്തത്.' പത്മജ കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെയാണ് എന്‍ എം വിജയന്റെ സാമ്പത്തിക ബാധ്യത തീര്‍ത്തതായി കെപിസിസി അറിയിച്ചത്. ബാങ്കിലെ കുടിശ്ശികയായ 63 ലക്ഷത്തോളം രൂപയാണ് കെപിസിസി അടച്ചു തീര്‍ത്തത്. ബത്തേരി അര്‍ബന്‍ ബാങ്കിലുണ്ടായിരുന്ന കുടിശ്ശികയാണിത്. നേരത്തെ 20 ലക്ഷം കുടുംബത്തിന് നല്‍കിയിരുന്നു.
നേരത്തേ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുമ്പ് എന്‍ എം വിജയന്റെ കുടുംബം ഉയര്‍ത്തിയത്. നേതാക്കള്‍ പറഞ്ഞ് പറ്റിച്ചുവെന്ന് മരുമകള്‍ പത്മജ പറഞ്ഞിരുന്നു. എന്‍ എം വിജയന്റെ എല്ലാ ബാധ്യതകളും തീര്‍ക്കുമെന്ന് പറഞ്ഞതല്ലേയെന്നും അവര്‍ ചോദിച്ചിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കെപിസിസിയുടെ നിര്‍ണായക ഇടപെടലെന്നതും ശ്രദ്ധേയമാണ്.
എന്‍ എം വിജയന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ പരമാവധി ഇടപെട്ടിരുന്നുവെന്ന് വിവാദങ്ങള്‍ക്കിടെ ടി സിദ്ദിഖ് എംഎല്‍എ പ്രതികരിച്ചിരുന്നു. പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടി പാലിക്കില്ലെന്ന് എന്‍ എം വിജയന്റെ കുടുംബത്തിന് തോന്നലുണ്ടെന്നും അതുകൊണ്ട് താന്‍ മുന്‍കൈ എടുത്ത് കരാറെഴുതിയിരുന്നെന്നും സിദ്ദിഖ് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ഒരാളെയും ചതിച്ചിട്ടില്ലെന്നും കുടുംബത്തോടുളള തുടര്‍സമീപനം പാര്‍ട്ടി നേതൃത്വം പറയുമെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.
ഡിസംബര്‍ 25-നാണ് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27-ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുരുക്കായത്. ഐ സി ബാലകൃഷ്ണന്‍, എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍, പി വി ബാലചന്ദ്രന്‍ എന്നിവരുടെ പേരുകളടക്കം വിജയന്‍ കത്തില്‍ പരാമര്‍ശിച്ചിരുന്നു. മരണക്കുറിപ്പ് എന്ന നിലയിലാണ് കത്ത് എഴുതിയിരുന്നത്.
Content Highlight; KPCC settles N M Vijayan's financial obligations; Padmaja responds