ബുക്ക് ചെയ്ത ബസ് റദ്ദാക്കി,റീഫണ്ടും ചെയ്തില്ല;ഒടുവിൽ 1003 രൂപയുടെ ടിക്കറ്റിന് 82555 രൂപ നഷ്ടപരിഹാരം നൽകി KSRTC

ഇരു കൂട്ടരെയും വിസ്തരിച്ചപ്പോള്‍ കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് നിന്നും വീഴ്ച വന്നതായി കമ്മീഷന്‍ കണ്ടെത്തിയതോടെയാണ് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ടത്

ബുക്ക് ചെയ്ത ബസ് റദ്ദാക്കി,റീഫണ്ടും ചെയ്തില്ല;ഒടുവിൽ 1003 രൂപയുടെ ടിക്കറ്റിന് 82555 രൂപ നഷ്ടപരിഹാരം നൽകി KSRTC
dot image

അടൂര്‍: യാത്രക്കാരിക്ക് 82555 രൂപ നഷ്ടപരിഹാരം നല്‍കി കെഎസ്ആര്‍ടിസി എം ഡി. പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. പത്തനംതിട്ട ഏറത്ത് സ്വദേശിനിയും ചൂരക്കോട് എന്‍എസ്എസ് എച്ച്എസ്എസിലെ അധ്യാപികയുമായ പി പ്രിയയുടെ പരാതിയിലാണ് നടപടി. 1003 രൂപ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും ബസ് വന്നിരുന്നില്ല.

2018നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. 2018 ഓഗസ്റ്റ് രണ്ടിന് രാവിലെ ഒമ്പതിന് മൈസൂരില്‍ നടക്കുന്ന പിഎച്ച്ഡി ഗൈഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് പോകാനാണ് ഒന്നിന് രാത്രി 8.30ന് കൊട്ടാരക്കര ഡിപ്പോയില്‍ പോകുന്ന കെഎസ്ആര്‍ടിസി സ്‌കാനിയ ബസില്‍ പ്രിയ ടിക്കറ്റ് ബുക്ക് ചെയ്തത്. 1003 രൂപയ്ക്ക് ജൂലൈ 29ന് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്തു.

ഓഗസ്റ്റ് ഒന്നിന് വൈകിട്ട് അഞ്ചിന് പ്രിയ കൊട്ടാരക്കര ബസ് സ്റ്റാൻഡിലെത്തി. ബസ് ഉടനെത്തുമെന്ന് രണ്ട് തവണ ഫോണില്‍ അറിയിപ്പും വന്നു. ബസ് വൈകുന്നത് കണ്ടപ്പോള്‍ പ്രിയ തിരുവനന്തപുരം ഡിപ്പോയില്‍ വിളിച്ചപ്പോഴും ബസ് വരുമെന്ന അറിയിപ്പായിരുന്നു ലഭിച്ചത്. എന്നാല്‍ രാത്രി ഒമ്പതിന് ബസ് റദ്ദാക്കിയെന്ന വിവരം കൊട്ടാരക്കര ഓഫീസില്‍ നിന്ന് പ്രിയയെ വിളിച്ച് അറിയിക്കുകയായിരുന്നു. പകരം ബസ് അന്വേഷിച്ചപ്പോള്‍ ഉണ്ടാകില്ലെന്ന മറുപടിയായിരുന്നു ലഭിച്ചത്. രാത്രി 11.15ന് കായംകുളത്ത് നിന്ന് മൈസൂരിലേക്ക് ബസ് ഉണ്ടെന്ന് അറിഞ്ഞ് ടാക്‌സിയില്‍ അവിടേക്ക് പോകുകയും ആ ബസില്‍ പ്രിയ മൈസൂരിലേക്ക് തിരിക്കുകയുമായിരുന്നു.

എന്നാല്‍ രണ്ടിന് എട്ടിന് മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തേണ്ടിയിരുന്ന പ്രിയയ്ക്ക് വൈകി 11നാണ് എത്തിച്ചേരാന്‍ സാധിച്ചത്. താമസിച്ചെത്തിയതിനാല്‍ തന്നെ ഗൈഡിനെ കാണാനും സാധിച്ചില്ല. പിന്നാലെ മൂന്ന് ദിവസം കൂടി അവിടെ താമസിച്ചായിരുന്നു ഗൈഡിനെ കാണാന്‍ സാധിച്ചത്. തുടര്‍ന്ന് റദ്ദാക്കിയ സ്‌കാനിയ ബസിന്റെ ടിക്കറ്റിന്റെ പണം പ്രിയ ആവശ്യപ്പെട്ടെങ്കിലും തിരികെ നല്‍കാന്‍ കെഎസ്ആര്‍ടിസി തയ്യാറായില്ല. പിന്നാലെയാണ് പ്രിയ പരാതി നല്‍കിയത്.

ഇരു കൂട്ടരെയും വിസ്തരിച്ചപ്പോള്‍ കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് നിന്നും വീഴ്ച വന്നതായി കമ്മീഷന്‍ കണ്ടെത്തിയതോടെയാണ് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് പാലിക്കാതെ വന്നതോടെ എംഡിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കമ്മീഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. ഇതിന് പിന്നാലൊണ് എംഡി നഷ്ടപരിഹാര തുക നല്‍കിയത്. 1003 രൂപ ടിക്കറ്റ് ചാര്‍ജ് റീ ഫണ്ട് ചെയ്യാനും ഉത്തരവുണ്ട്.

Content Highlights: Booked bus cancelled KSRTC give Compensation to Pathanamthitta native

dot image
To advertise here,contact us
dot image