
തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനം അടക്കം സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് മുറുകി നില്‍ക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് രാജ്ഭവനില്‍ നടക്കുന്ന പരിപാടിയിലേക്ക് ക്ഷണം. രാജ്ഭവന്‍ വിശേഷങ്ങളുമായി ഇറങ്ങുന്ന മാസികയായ 'രാജഹംസ'ത്തിന്റെ പ്രകാശന ചടങ്ങിലേക്കാണ് മുഖ്യമന്ത്രിക്ക് ക്ഷണം. മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് രാജ്ഭവന്‍ അറിയിച്ചു. ശശി തരൂര്‍ എംപിക്ക് പുസ്തകം നല്‍കി മുഖ്യമന്ത്രി ത്രൈമാസ മാസിക പ്രകാശനം ചെയ്യും. പ്രതിപക്ഷ നേതാവിന് ക്ഷണം ഉണ്ടെങ്കിലും നേരത്തെ നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു.
ഈ മാസം 28നാണ് ചടങ്ങ് നടക്കുന്നത്. രാജ്ഭവനില്‍ നടക്കുന്ന പ്രധാന പരിപാടികള്‍, സര്‍ക്കാരിന്റെ പ്രധാന നടപടികള്‍ അടക്കം മാസികയില്‍ ഉണ്ടാകും. ഇംഗ്ലീഷിലാണ് മാസിക തയ്യാറാക്കിയിരിക്കുന്നത്. രാജേന്ദ്ര ആര്‍ലേക്കര്‍ ഗവര്‍ണര്‍ ആയിരുന്ന ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം മാസിക പ്രസിദ്ധീകരിച്ചിരുന്നു.
ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് എത്തിയ തുടക്ക കാലത്ത് ആര്‍ലേക്കറും സര്‍ക്കാരും തമ്മില്‍ വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ആര്‍എസ്എസ് പരിപാടികളില്‍ സ്ഥാപിക്കുന്ന കാവിക്കൊടിയേന്തിയ വനിതയുടെ ചിത്രം രാജ്ഭവനില്‍ ഉപയോഗിച്ചതോടെയായിരുന്നു സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ആദ്യം ഉടക്കിയത്. ഇത് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കേരള സര്‍വകലാശാലയിലെ പരിപാടിയിലും ഗവര്‍ണര്‍ ഇതേ ചിത്രം ഉപയോഗിച്ചതോടെ സര്‍ക്കാരും ഗവര്‍ണറും കൂടുതല്‍ അകന്നു. ഇതിന് പിന്നാലെയാണ് വൈസ് ചാന്‍സലര്‍ നിയമനം, ബില്ലുകള്‍ ഒപ്പിടുന്നതിലെ കാലതാമസം അടക്കമുള്ള വിഷയങ്ങളില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് മുറുകിയത്.
ഓണാഘോഷത്തിന്റെ സമാപന ചടങ്ങിലേക്ക് സര്‍ക്കാര്‍ ഗവര്‍ണറെ ക്ഷണിക്കാത്തത് വാര്‍ത്തയായി. ഇതോടെ മന്ത്രിമാരായ വി ശിവന്‍കുട്ടി, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ ഗവര്‍ണറെ നേരിട്ടെത്തി ക്ഷണിച്ചു. ഗവര്‍ണര്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതോടെ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള വലിയ അകല്‍ച്ച കുറഞ്ഞു. എന്നാല്‍ നിലപാടുകളില്‍ ഇരുവിഭാഗവും കാര്യമായ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല.
Content Highlights-Rajbhavan invite cm pinarayi vijayan for book release ceremony