ശബരിമലയിലെ എൻഎസ്എസ് നിലപാട്; യുഡിഎഫിന് ആശങ്ക, സുകുമാരൻ നായരെ കാണാൻ കോൺഗ്രസ് നേതാക്കൾ

എൽഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതായും ആഗോള അയ്യപ്പ സംഗമം ബിജെപിക്ക് അവസരമുണ്ടാക്കിയെന്നും യുഡിഎഫ് വിലയിരുത്തി

ശബരിമലയിലെ എൻഎസ്എസ് നിലപാട്; യുഡിഎഫിന് ആശങ്ക, സുകുമാരൻ നായരെ കാണാൻ കോൺഗ്രസ് നേതാക്കൾ
dot image

തിരുവനന്തപുരം: ശബരിമലയിലെ സർക്കാർ നിലപാടിൽ ആത്മാർത്ഥതയില്ലെന്ന് യുഡിഎഫ്. എൽഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതായും ആഗോള അയ്യപ്പ സംഗമം ബിജെപിക്ക് അവസരമുണ്ടാക്കിയെന്നും യുഡിഎഫ് വിലയിരുത്തി. ശബരിമലയിലെ നിലപാട് കീഴ്ഘടകങ്ങളിൽ വിശദീകരിക്കാനാണ് യുഡിഎഫിന്റെ തീരുമാനം. ജില്ലാ യുഡിഎഫ് യോഗങ്ങളിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുക്കും.

അതേസമയം, ശബരിമല വിഷയത്തിൽ എൻഎസ്എസ് എൽഡിഎഫിനൊപ്പമാണെന്ന ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസ്താവനയിൽ യുഡിഎഫിന് ആശങ്കയുണ്ട്. എൻഎസ്എസിനെ അനുനയിപ്പിക്കാനാണ് നേതാക്കളുടെ നീക്കം. ശബരിമലയിലെ യുഡിഎഫ് നിലപാട് എൻഎസ്എസ് നേതൃത്വത്തെ ബോധ്യപ്പെടുത്തും. എൻഎസ്എസ് ജനറൽ സെക്രട്ടറിയെ കാണാനാണ് കോൺഗ്രസ് നേതാക്കളുടെ തീരുമാനം.

ഒരു ദേശീയ ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സുകുമാരൻ നായർ തന്റെ നിലപാട് വ്യക്തമാക്കിയത്. അയ്യപ്പ സംഗമം ബഹിഷ്കരിച്ച കോൺഗ്രസിനെ വിമർശിച്ച സുകുമാരൻ നായർ കോൺഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു.

എൽഡിഎഫ് സർക്കാർ ആചാരം സംരക്ഷിക്കാൻ നടപടി എടുക്കുകയാണ്. ശബരിമലയിലെ ആചാരം സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. സ്ത്രീപ്രവേശന വിധിക്കെതിരെ എൻഎസ്എസ് നാമജപ ഘോഷയാത്ര നടത്തി. കോൺഗ്രസും ബിജെപിയും അന്ന് വിട്ടുനിന്നു. വിശ്വാസികൾ കൂട്ടത്തോടെ വന്നപ്പോഴാണ് അവരും വന്നത്. എൽഡിഎഫ് സർക്കാർ സ്ത്രീപ്രവേശനം അനുവദിച്ചില്ല. അവർക്ക് വേണമെങ്കിൽ അത് ചെയ്യാമായിരുന്നു. ആചാരങ്ങൾ അതേ പോലെ നിലനിർത്തി. കേന്ദ്രത്തിലെ ബിജെപി സർക്കാർ ഒന്നും ചെയ്തില്ല. കോൺഗ്രസും ഒന്നും ചെയ്തില്ല. ശബരിമലയിലെ പ്രശ്നം പരിഹരിക്കുമെന്നും ആചാരങ്ങൾ സംരക്ഷിക്കുമെന്നും എൻഎസ്എസിന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. എൽഡിഎഫ് സർക്കാർ ആചാരത്തിനെതിരെ ഒന്നും ചെയ്യില്ല. മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വം മന്ത്രിയാണ് ഉറപ്പുനൽകിയതെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.

ബിന്ദു അമ്മിണി സംഗമത്തിൽ പങ്കെടുത്തില്ല. അയ്യപ്പസംഗമം പശ്ചാത്താപം തീർത്തതല്ല. തെറ്റ് തിരുത്തുമ്പോൾ അങ്ങനെ കാണരുതെന്നും സുകുമാരൻ നായർ പറഞ്ഞു. ബിജെപിയും കോൺഗ്രസും സംഗമം ബഹിഷ്കരിച്ചത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. തെരഞ്ഞെടുപ്പടുക്കുമ്പോൾ അവർക്ക് രാഷ്ട്രീയമാണ്. കോൺഗ്രസിന് ന്യൂനപക്ഷ വോട്ടുകൾ മാത്രമേ ആവശ്യമുള്ളൂവെന്നും സുകുമാരൻ നായർ പറഞ്ഞു.

സെപ്തംബർ 20-നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പാ തീരത്ത് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഗമം സംഘടിപ്പിച്ചത്. 4126 പേരാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തത്. ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് മൂന്ന് സെഷനുകളായായി ചർച്ചകളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ശബരിമല മാസ്റ്റർപ്ലാൻ, ആധ്യാത്മിക ടൂറിസം, തിരക്ക് നിയന്ത്രണം എന്നിവയെ കുറിച്ചായിരുന്നു ചർച്ച.

സംഗമം വിജയമായിരുന്നുവെന്ന് സർക്കാർ പറയുമ്പോൾ, വിശ്വാസി സമൂഹം സംഗമത്തെ തള്ളിക്കളഞ്ഞുവെന്നായിരുന്നു കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ പ്രതികരണം. ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകൾ ശബരിമല സംരക്ഷണ സംഗമം എന്ന പേരിൽ പന്തളത്ത് മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിരുന്നു. ബിജെപി മുൻ തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയായിരുന്നു ബദൽ സംഗമത്തിന്റെ ഉദ്ഘാടകൻ.

Content Highlights: UDF says government's stance on Sabarimala is not sincere

dot image
To advertise here,contact us
dot image