'യേശു തിരികെ വരുന്നു, ലോകം അവസാനിക്കും'; ആഫ്രിക്കൻ പാസ്റ്ററുടെ പ്രവചനത്തിന് പിന്നാലെ ചിലർ വാഹനമടക്കം വിറ്റു!

പ്രവചനത്തിന് പിന്നാലെ പലരും ജോലി രാജിവച്ചു. ചിലർ സ്വന്തം സ്വത്തുകൾ വാഹനമടക്കം വിറ്റു

'യേശു തിരികെ വരുന്നു, ലോകം അവസാനിക്കും'; ആഫ്രിക്കൻ പാസ്റ്ററുടെ പ്രവചനത്തിന് പിന്നാലെ ചിലർ വാഹനമടക്കം വിറ്റു!
dot image

സൗത്ത് ആഫ്രിക്കൻ പ്രഭാഷകനും പാസ്റ്ററുമായ ജോഷ്വാ മാക്കേല നടത്തിയ പ്രവചനം ഒരുകൂട്ടം വിശ്വാസികളെ ആശങ്കയിലായിരിക്കുകയാണെന്ന് റിപ്പോർട്ട്. ബൈബിളിൽ പറഞ്ഞതുപോലെ (Rapture) ജീസസ് രണ്ടാം തവണ ഭൂമിയിലേക്ക് തിരികെ എത്തുകയും തന്റെ വിശ്വാസികളെ സ്വർഗത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യുമെന്നാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. ഇത് ഈ വർഷം സെപ്തംബർ 23നോ 24നോ സംഭവിക്കുമെന്നാണ് ജോഷ്വാ പറഞ്ഞത്. ജൂതന്മാരുടെ പുതുവർഷത്തിൽ ഇത് സംഭവിക്കുമെന്നാണ് അദ്ദേഹം പ്രവചിച്ചത്. ചിലർ ഈ ദിവസത്തെ അന്ത്യനാളുകളായാണ് കണക്കാക്കുന്നത്. ടിക്ക്‌ടോക്കിലാണ് ഇദ്ദേഹം ഇത് പറയുന്ന വീഡിയോ വൈറലായിരിക്കുന്നത്.

#RaptureTok എന്ന ഹാഷ്ടാഗിലാണ് ഇത് വൈറലായിക്കൊണ്ടിരിക്കുന്നത്. ചില വിശ്വാസികൾ ഇതിനെ ദൈവീകമായ മുന്നറിയിപ്പായാണ് കാണുന്നത്. എന്നാൽ ഭൂരിഭാഗവും പാസ്റ്ററെ വിമർശിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ വിശ്വാസികളായ ചിലർ പ്രവചനത്തിന് പിന്നാലെ ജോലി രാജിവെച്ചതായും റിപ്പോർട്ടുണ്ട്. ചിലർ സ്വന്തം സ്വത്തുകളും വാഹനവുമടക്കം വിറ്റു. മറ്റുചിലർ റിട്ടയർമെൻ്റ് സേവിങ്‌സുകൾ പണമായി മാറ്റിയെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തനിക്ക് ജീസസിനെ കാണാൻ കഴിഞ്ഞുവെന്നാണ് പ്രവചനത്തിൽ പാസ്റ്റർ അവകാശപ്പെടുന്നത്. തനിക്ക് പെട്ടെന്ന് അമാനുഷികമായ ഒരു അനുഭവമുണ്ടായെന്നും നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ജീസസ് രണ്ടാം തവണ ഭൂമിയിലേക്ക് വരാനുള്ള സമയം അടുത്തുവെന്നായിരുന്നു പാസ്റ്ററുടെ പ്രഖ്യാപനം. യഥാർത്ഥ വിശ്വാസികൾ എല്ലാം സ്വർഗത്തിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു. 'സിംഹാസനത്തിൽ ഇരിക്കുന്ന രീതിയിൽ ജീസസിനെ കണ്ടു, താൻ ഉടനെ വരുന്നുണ്ട്, ഉടൻ തന്നെ ഭൂമിയിലേക്ക് വരുന്നുണ്ടെന്ന് ജീസസ് പറഞ്ഞു' എന്നാണ് എക്‌സിലടക്കം പ്രചരിക്കുന്ന വീഡിയോയിൽ പാസ്റ്റർ പറയുന്നത്.

ഈ വീഡിയോയ്ക്ക് പിന്നാലെ രൂക്ഷ വിമർശനമാണ് പാസ്റ്ററുടെ പ്രവചനത്തിന് ലഭിക്കുന്നത്. അദ്ദേഹത്തെ ഇനിയും പിന്തുടരുന്നവർ നരകത്തിലേക്കാകും പോകുകയെന്നാണ് വീഡിയോയ്ക്ക് താഴെ ഒരാൾ കമൻ്റ് ചെയ്തത്. ഇദ്ദേഹം ബൈബിൾ വായിച്ചെങ്കിൽ ഒരിക്കലും ഇത് പറയില്ലെന്നും, അന്ത്യനാളുകളെ കുറിച്ച് മനുഷ്യന്മാർക്കൊന്നും അറിയാൻ കഴിയില്ലെന്നുമുള്ള പ്രതികരണങ്ങളും കമൻ്റായി വരുന്നുണ്ട്.

Content Highlights: Prophecy by a South African pastor about 'Rapture'

dot image
To advertise here,contact us
dot image