
ഫർഹാൻ അക്തർ സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ ചിത്രമാണ് ഡോൺ. സിനിമയുടെ മൂന്നാം ഭാഗം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. രൺവീർ സിങ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. ചിത്രത്തിലെ വില്ലൻ സ്ഥാനത്തേക്ക് വിജയ് ദേവരകൊണ്ട, വിക്രാന്ത് മാസി തുടങ്ങി നിരവധി താരങ്ങളുടെ പേരുകൾ ഉയർന്ന് കേട്ടിരുന്നു. ഇപ്പോഴിതാ രൺവീറിനെ ഏറ്റുമുട്ടാൻ ഒരു ഒന്നൊന്നര വില്ലൻ തന്നെ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.
തമിഴ് താരം അർജുൻ ദാസ് ആണ് സിനിമയിൽ വില്ലനായി എത്തുക എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. തന്റെ ശബ്ദ ഗാംഭീര്യം കൊണ്ടും അഭിനയമികവ് കൊണ്ടും വളരെ വേഗം തമിഴ് സിനിമാപ്രേമികളുടെ മനം കവർന്ന നടനാണ് അർജുൻ ദാസ്. ബോളിവുഡിലും നടന് തിളങ്ങാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ. ചിത്രത്തിന്റെ കഥ അർജുന് വളരെയധികം ഇഷ്ടമായെന്നും ചിത്രത്തിലേക്ക് ജോയിൻ ചെയ്യാൻ താരം വലിയ ആവേശത്തിലാണെന്നുമാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയിൽ ആരംഭിക്കും. ചിത്രത്തിനായി പ്രത്യേക പരിശീലനം നടത്തുകയാണ് നടൻ രൺവീർ സിങ്.
നിലവിൽ രൺവീർ സിംഗ് ദുരന്തർ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. ഈ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത് ശേഷം ചിത്രത്തിന്റെ പ്രൊമോഷനായുള്ള തയ്യാറെടുപ്പുകളിലേക്ക് നടൻ കടക്കും. ഇതിന് ശേഷമാകും രൺവീർ ഡോൺ ത്രീയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. കൃതി സനോൺ ആണ് സിനിമയിൽ നായികയായി എത്തുന്നത്. കൃതിയുടെ ഭാഗങ്ങളും ജനുവരിയിൽ തന്നെ ചിത്രീകരിച്ച് തുടങ്ങുമെന്നാണ് റിപ്പോർട്ട്. പ്രധാനമായും യൂറോപ്പിൽ ആകും ഡോൺ 3 ചിത്രീകരിക്കുന്നത്. ഷാരൂഖ് ഖാന്‍ പിന്‍മാറിയതിനെ തുടര്‍ന്നാണ് രൺവീർ സിംഗ് ഡോണ്‍ എന്ന ടൈറ്റില്‍ റോളില്‍ എത്തിയത്. ഡോൺ സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങളുടെയും തുടർച്ചയല്ലാതെ ഒരു സ്പിരിച്വൽ സീക്വൽ പോലെയാണ് മൂന്നാം ഭാഗമൊരുങ്ങുന്നത്. ചിത്രം 2026 ൽ തിയേറ്ററിൽ എത്തുമെന്നാണ് സൂചന.
Content Highlights: Arjun das to star opposite ranveer singh in Don 3