വയനാട് പുനരധിവാസം സംബന്ധിച്ച് പ്രതിസന്ധിയില്ല; സ്റ്റോപ്പ് മെമ്മോ ചിലരുടെ സങ്കൽപം: പിഎംഎ സലാം

പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി

വയനാട് പുനരധിവാസം സംബന്ധിച്ച് പ്രതിസന്ധിയില്ല; സ്റ്റോപ്പ് മെമ്മോ ചിലരുടെ സങ്കൽപം: പിഎംഎ സലാം
dot image

വയനാട്: മുണ്ടക്കൈ-ചൂരൽമല പുനരധിവാസം സംബന്ധിച്ച് പ്രതിസന്ധി ഇല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. സ്റ്റോപ്പ് മെമ്മോ ചിലരുടെ സങ്കൽപമാണെന്നും നടപടി മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പ്രതികരിച്ചു. ലീഗിന് യാതൊരു മെമ്മോയും കിട്ടിയില്ല. ചിലർക്ക് ആദ്യമായി അധികാരം കിട്ടിയതിന്റെ അഹങ്കാരമാണ്. രാഷ്ട്രീയ ദുഷ്ടലാക്കോടു കൂടിയാണ് ചിലരുടെ പ്രവർത്തനം. മാധ്യമങ്ങൾക്ക് കിട്ടിയത് തെറ്റായ വിവരമാണ്. പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കെടി ജലീൽ വിഷയം സംബന്ധിച്ച് പി കെ ഫിറോസ് പറയുന്നതാണ് ലീഗിന്റെ അഭിപ്രായമെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ടുളള ലീഗിന്റെ വീട് നിർമ്മാണം നിർത്തിവയ്ക്കാൻ മേപ്പാടി പഞ്ചായത്ത് സെക്രട്ടറി ലീഗ് നേതാക്കൾക്ക് നിർദേശം നൽകിയത്. ലാൻഡ് ഡെവലപ്‌മെന്റ് പെർമിറ്റ് നടപടിക്രമം പാലിക്കാതെയാണ് നിർമ്മാണം നടത്തുന്നതെന്ന് കാണിച്ച് സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു. പിന്നാലെ പഞ്ചായത്ത് സെക്രട്ടറി സ്ഥലത്ത് സന്ദർശനം നടത്തുകയായിരുന്നു. വാക്കാലാണ് നിർമ്മാണം നിർത്തിവയ്ക്കാൻ നിർദേശം നൽകിയത്.

വീടുകളുടെ നിർമ്മാണം ഈ മാസം ആദ്യമാണ് ആരംഭിച്ചത്. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജിൽ മുട്ടിൽ-മേപ്പാടി പ്രധാന റോഡരികിലാണ് ലീഗിന്റെ വീട് നിർമാണം. വിലയ്‌ക്കെടുത്ത 11 ഏക്കറിൽ 105 കുടുംബങ്ങൾക്കാണ് വീടൊരുക്കുന്നത്. ഒരു കുടുംബത്തിന് എട്ടുസെന്റിൽ 1000 ചതുരശ്രയടിയിൽ നിർമിക്കുന്ന വീട്ടിൽ മൂന്നുമുറിയും അടുക്കളയും മറ്റു സൗകര്യങ്ങളുമുണ്ടാവും. 1000 സ്‌ക്വയർ ഫീറ്റ് പിന്നീട് കൂട്ടിച്ചേർക്കാവുന്ന തരത്തിലായിരിക്കും വീടൊരുക്കുക. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യവും ഉറപ്പാക്കും. എട്ടുമാസംകൊണ്ട് നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

Content Highlights: PMA Salam says there is no crisis regarding the rehabilitation of mundakkai

dot image
To advertise here,contact us
dot image