
മലപ്പുറം: സമസ്ത മുശാവറ അംഗം ബഹാഉദ്ദീൻ നദ്‌വിക്കെതിരെ രൂക്ഷ വിമർശനവുമായി കെ ടി ജലീൽ എംഎൽഎ. ഇല്ലാത്ത സർവകലാശാലയുടെ കാണാത്ത വി സി പദവിയിൽ ഇരിക്കുന്ന വ്യക്തിയാണ് ബഹാഉദ്ദീൻ നദ്‌വിയെന്ന് കെ ടി ജലീൽ ആരോപിച്ചു. നദ്‌വിയുടെ വൈഫ് ഇൻ ചാർജ് പരാമർശം തന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹം തികഞ്ഞ
മുസ്‌ലിം ലീഗ് പ്രവർത്തകനാണ്. നദ്‌വി കൂടുതലും കണ്ടത് ലീഗുകാരായ മന്ത്രിമാരെയും എംഎൽഎമാരെയുമാണെന്നും അതുകൊണ്ടാകും അങ്ങനെ പറഞ്ഞതെന്നും കെ ടി ജലീൽ പറഞ്ഞു. മലപ്പുറം കാരത്തൂരിൽ നടക്കുന്ന 'ഇഎംഎസിന്റെ ലോകം' ദേശീയ സെമിനാറിലാണ് ജലീലിന്റെ പ്രസ്താവന.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോ പാലോളി മുഹമ്മദ് കുട്ടിക്കോ വൈഫ് ഇൻ ചാർജ് ഉള്ളതായി കണ്ടിട്ടില്ലെന്ന് നേതാക്കൾ വേദിയിലിരിക്കെ ജലീൽ പറഞ്ഞു. ഇഎംഎസും ഖലീഫ ഉമറും ഒരുപോലെ മികച്ച ഭരണാധികാരികളാണെന്നും ജലീൽ പ്രസംഗത്തിൽ കൂട്ടിച്ചേര്‍ത്തു.
പല മന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കും ഭാര്യക്ക് പുറമേ ഇൻ ചാർജ് ഭാര്യമാരുണ്ടെന്നായിരുന്നു ബഹാഉദ്ദീൻ നദ്‌വിയുടെ വിവാദ പ്രസ്താവന. കോഴിക്കോട് മടവൂരിൽ നടന്ന സുന്നി മഹല്ല് ഫെഡറേഷൻ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം വിവാദ പരാമർശം നടത്തിയത്. ഇവർക്കൊക്കെ ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാൽ വൈഫ് ഇൻചാർജ്ജുകളായി വേറെ ആളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവർ കൈ ഉയർത്താൻ പറഞ്ഞാൽ ആരും ഉണ്ടാവില്ലെന്നും ബഹാഉദ്ദീൻ നദ്‌വി പറഞ്ഞിരുന്നു. പിന്നാലെ നദ്‌വിക്കെതിരെ സിപിഐഎം രംഗത്ത് വന്നിരുന്നു. പണ്ഡിത വേഷം ധരിച്ച നാറിയാണ് നദ്‌വിയെന്നാണ് സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ. അഖില്‍ അഹമ്മദ് വിമർശിച്ചത്. ഇഎംഎസിനെയും ജനപ്രതിനിധികളെയും അവഹേളിച്ചുവെന്ന് ആരോപിച്ച് നദ്‌വിക്കെതിരെ മടവൂരില്‍ പ്രതിഷേധവും നടന്നിരുന്നു.
Content Highlights: KT Jaleel against Bahauddeen Nadwi on his Wife In Charge Remark