
തിരുവനന്തപുരം: മരണത്തിന് രണ്ട് ദിവസം മുന്‍പ് തിരുമല കൗണ്‍സിലര്‍ കെ അനില്‍ കുമാറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നതായി സ്ഥിരീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് രാജീവ് ചന്ദ്രശേഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 'അനിലിനെ രണ്ടുദിവസം മുന്‍പ് കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു' എന്നാണ് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ എഴുതിയത്. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന നേതാവെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
'ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ ജനറല്‍ സെക്രട്ടറിയും തിരുമല വാര്‍ഡ് കൗണ്‍സിലറുമായ തിരുമല അനിലിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് വളരെ അടുത്ത് പ്രവര്‍ത്തിച്ചിരുന്ന അനില്‍, വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്നൊരു നേതാവ് കൂടിയാണ്. രണ്ടു ദിവസം മുന്‍പും അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. അനിലിന്റെ മരണത്തില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പാര്‍ട്ടി കാര്യകര്‍ത്താക്കളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു.' രാജീവ് ചന്ദ്രശേഖര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
സ്വന്തം ഓഫീസിനുള്ളിലാണ് തിരുമല അനിലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുമല വാര്‍ഡ് കൗണ്‍സിലറായിരുന്നു. അനില്‍ ഭാരവാഹിയായ വലിയശാല ടൂര്‍ സൊസൈറ്റിയില്‍ സാമ്പത്തിക പ്രശ്നം ഉണ്ടായപ്പോള്‍ പാര്‍ട്ടി സഹായിച്ചില്ലെന്നും താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും അനിലിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ടെന്നാണ് വിവരം. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയാണ് തിരുമല അനില്‍. രണ്ടാഴ്ച മുന്‍പ് അനില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടിരുന്നുവെന്നും ബാങ്കിന്റെ ബാധ്യതയെക്കുറിച്ച് രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചിരുന്നതായാണ് വിവരം.
വലിയശാലയിലെ ഫാം ആന്‍ഡ് ടൂര്‍ കോപ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്നും മുന്‍പ് ആത്മഹത്യയ്ക്ക് ശ്രമിക്കുമെന്ന് പല കൗണ്‍സിലര്‍മാരോടും അടുത്ത ആളുകളോടും പറഞ്ഞിട്ടുണ്ടെന്നും പൊലീസും പറയുന്നുണ്ട്.
അനിൽ ഭാരവാഹിയായ ബാങ്കിൽ സാമ്പത്തിക പ്രതിസന്ധി വന്നതോടെ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും അനിൽ സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നുവെന്നും സിപിഐഎം നേതാവ് വി ജോയിയും പ്രതികരിച്ചിരുന്നു. ലോണ്‍ എടുത്തവരിൽ ബഹുഭൂരിപക്ഷവും ബിജെപിക്കാരായിരുന്നു. ഇവർ പണം തിരിച്ചടക്കുന്നില്ലെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നേതൃത്വത്തെ അറിയിച്ചെങ്കിലും അവർ ഇടപെട്ടില്ലെന്നാണ് അറിയാൻ സാധിക്കുന്നിതെന്നും വി ജോയ് പ്രതികരിച്ചു. ബാങ്കിന്‍റെ തകർച്ചയുടെ ഭാഗമായിട്ടാണ് ആത്മഹത്യയെന്നും വി ജോയ് പറഞ്ഞിരുന്നു.
Content Highlight; Rajeev Chandrasekhar reacts to K Anil Kumar's Death