'അഭിമാനിയായ അനിച്ചേട്ടൻ പലിശക്കുപണമെടുത്ത് ബാധ്യത തീർക്കാനുള്ള ഓട്ടത്തിലായിരുന്നു'; സന്ദീപ് വാര്യർ

അനില്‍ അധ്യക്ഷനായ വലിയശാല ടൂര്‍ സൊസൈറ്റിയില്‍ സാമ്പത്തിക പ്രശ്നം ഉണ്ടായപ്പോള്‍ പാര്‍ട്ടി സഹായിച്ചില്ലെന്നും മാനസിക സമ്മര്‍ദ്ദത്തിലാണ് അനില്‍ ജീവനൊടുക്കിയതെന്നും ആരോപണം ഉണ്ട്

'അഭിമാനിയായ അനിച്ചേട്ടൻ പലിശക്കുപണമെടുത്ത് ബാധ്യത തീർക്കാനുള്ള ഓട്ടത്തിലായിരുന്നു'; സന്ദീപ് വാര്യർ
dot image

കൊച്ചി: തിരുമല കൗണ്‍സിലര്‍ കെ അനില്‍കുമാറിന്റെ മരണത്തില്‍ ബിജെപിക്കെതിരെ മുന്‍ ബിജെപി നേതാവും കോണ്‍ഗ്രസ് വക്താവുമായ സന്ദീപ് വാര്യര്‍. പ്രതിസന്ധി വന്നപ്പോള്‍ പ്രസ്ഥാനം തിരിഞ്ഞുനോക്കിയില്ലെന്നും ഈ മരണത്തിന്റെ ഉത്തരവാദികള്‍ മാരാര്‍ജി ഭവനിലുണ്ടെന്നും സന്ദീപ് വാര്യര്‍ കുറിച്ചു. അനില്‍ അധ്യക്ഷനായ വലിയശാല ടൂര്‍ സൊസൈറ്റിയില്‍ സാമ്പത്തിക പ്രശ്നം ഉണ്ടായപ്പോള്‍ പാര്‍ട്ടി സഹായിച്ചില്ലെന്നും മാനസിക സമ്മര്‍ദ്ദത്തിലാണ് അനില്‍ ജീവനൊടുക്കിയതെന്നും ആരോപണം ഉണ്ട്. ഇതിനിടെയാണ് ബിജെപിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി സന്ദീപ് വാര്യര്‍ രംഗത്തെത്തുന്നത്.

'താന്‍ കാരണം ഉണ്ടായ പ്രതിസന്ധി അല്ലെങ്കില്‍ പോലും അഭിമാനിയായ അനിച്ചേട്ടന്‍ പലിശക്ക് പണമെടുത്ത് സൊസൈറ്റിക്കുണ്ടായ ബാധ്യത തീര്‍ക്കാനുള്ള ഓട്ടത്തിലായിരുന്നു. എന്നാല്‍ സൊസൈറ്റിയിലെ മറ്റു ഡയറക്ടര്‍മാരും അനിച്ചേട്ടന്‍ വിശ്വസിച്ച പ്രസ്ഥാനവും അദ്ദേഹത്തെ കൈവിട്ടു . പ്രതിസന്ധി വന്നപ്പോള്‍ പ്രസ്ഥാനം തിരിഞ്ഞു നോക്കിയില്ല. തിരുവനന്തപുരം നഗരസഭയില്‍ സിപിഎമ്മിന് നിത്യ തലവേദനയായിരുന്നു തിരുമല അനില്‍ . ഈ മരണത്തിന്റെ ഉത്തരവാദികള്‍ മാരാര്‍ജി ഭവനിലുണ്ട്', സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സ്വന്തം ഓഫീസിനുള്ളിലാണ് തിരുമല അനിലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുമല വാര്‍ഡ് കൗണ്‍സിലറായിരുന്നു. അനില്‍ ഭാരവാഹിയായ വലിയശാല ടൂര്‍ സൊസൈറ്റിയില്‍ സാമ്പത്തിക പ്രശ്നം ഉണ്ടായപ്പോള്‍ പാര്‍ട്ടി സഹായിച്ചില്ലെന്നും താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും അനിലിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ടെന്നാണ് വിവരം. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയാണ് തിരുമല അനില്‍. രണ്ടാഴ്ച മുന്‍പ് അനില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടിരുന്നുവെന്നും ബാങ്കിന്റെ ബാധ്യതയെക്കുറിച്ച് രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചിരുന്നതായാണ് വിവരം.

വലിയശാലയിലെ ഫാം ആന്‍ഡ് ടൂര്‍ കോപ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്നും മുന്‍പ് ആത്മഹത്യയ്ക്ക് ശ്രമിക്കുമെന്ന് പല കൗണ്‍സിലര്‍മാരോടും അടുത്ത ആളുകളോടും പറഞ്ഞിട്ടുണ്ടെന്നും പൊലീസും പറയുന്നുണ്ട്.

അനിൽ ഭാരവാഹിയായ ബാങ്കിൽ സാമ്പത്തിക പ്രതിസന്ധി വന്നതോടെ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും അനിൽ സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നുവെന്നും സിപിഐഎം നേതാവ് വി ജോയിയും പ്രതികരിച്ചിരുന്നു. ലോണ്‍ എടുത്തവരിൽ ബഹുഭൂരിപക്ഷവും ബിജെപിക്കാരായിരുന്നു. ഇവർ പണം തിരിച്ചടക്കുന്നില്ലെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നേതൃത്വത്തെ അറിയിച്ചെങ്കിലും അവർ ഇടപെട്ടില്ലെന്നാണ് അറിയാൻ സാധിക്കുന്നിതെന്നും വി ജോയ് പ്രതികരിച്ചു. ബാങ്കിന്‍റെ തകർച്ചയുടെ ഭാഗമായിട്ടാണ് ആത്മഹത്യയെന്നും വി ജോയ് പറഞ്ഞിരുന്നു.

എന്നാൽ ആരോപണം ബിജെപി നേതാവ് വി വി രാജേഷ് നിഷേധിക്കുകയായിരുന്നു. അനിൽ പ്രസിഡന്‍റായ ബാങ്കിൽ പ്രതിസന്ധിയുണ്ട്. പറ്റുന്നതരത്തിലൊക്കെ പാർട്ടി സഹായിച്ചുണ്ട്. കടുത്ത മാനസിക സമ്മർദ്ദം അദ്ദേഹത്തിനുണ്ടെന്നുമായിരുന്നു വി വി രാജേഷിന്‍റെ പ്രതികരണം.

Content Highlights: Sandeep G Varier Against BJP Over councillor Anil Kumar death

dot image
To advertise here,contact us
dot image