'തന്റെ ഉണ്ണികൃഷ്ണ പരാമര്‍ശം നാക്കുപിഴ, വര്‍ഗീയ വിഷം പ്രചരിപ്പിക്കുന്നവരെ ശ്രദ്ധിക്കേണ്ടതുണ്ട്; ജിന്റോ ജോണ്‍

ജിന്‍റോ ഭഗവാന്‍ ശ്രീകൃഷ്ണനെ അപമാനിച്ചുവെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്‍ രംഗത്തെത്തുകയുണ്ടായി

'തന്റെ ഉണ്ണികൃഷ്ണ പരാമര്‍ശം നാക്കുപിഴ, വര്‍ഗീയ വിഷം പ്രചരിപ്പിക്കുന്നവരെ ശ്രദ്ധിക്കേണ്ടതുണ്ട്; ജിന്റോ ജോണ്‍
dot image

കൊച്ചി: കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശം വിവാദമായതോടെ തിരുത്തി കോണ്‍ഗ്രസ് വക്താവ് ഡോ. ജിന്റോ ജോണ്‍. നാക്കുപിഴ സംഭവിച്ചുപോയതില്‍ ഖേദം ഉണ്ടെന്നും പറയാന്‍ ഉദ്ദേശിച്ച രീതിയിലല്ല അവതരിപ്പിക്കാന്‍ സാധിച്ചതെന്നും പറഞ്ഞ ജിന്റോ പരാമർശത്തിൽ ഫേസ്ബുക്കിലൂടെ ഖേദപ്രകടനം നടത്തി. സിപിഐഎം നേതാവ് കെ ജെ ഷൈനിനെതിരായ അപവാദ പ്രചാരണത്തിലെ പ്രതികരണത്തിനിടെ ജിന്റോ ജോണ്‍ നടത്തിയ പരാമര്‍ശമായിരുന്നു വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. 'കേരളത്തില്‍ അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പൊതുവായി പറയുന്ന പേര് ഉണ്ണികൃഷ്ണന്‍' എന്നാണെന്ന് ജിന്റോ കഴിഞ്ഞദിവസം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. പിന്നാലെ ജിന്‍റോ ഭഗവാന്‍ ശ്രീകൃഷ്ണനെ അപമാനിച്ചുവെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്‍ രംഗത്തെത്തുകയുണ്ടായി.

'പറഞ്ഞു വന്നപ്പോള്‍ പറയാന്‍ ഉദ്ദേശിച്ചതില്‍ നിന്നും മാറ്റമുണ്ടായി. അതുകൊണ്ട് തന്നെ ആ വാക്ക് പ്രയോഗത്തില്‍ ചിലര്‍ക്ക് വിഷമമുണ്ടായതായി അറിയുന്നു. എന്റെ മാത്രം വാക്കുപിഴയില്‍ പാര്‍ട്ടിയല്ല ഞാനാണ് തിരുത്തേണ്ടത്. എന്റെ പ്രവര്‍ത്തിയുടെയോ വാക്കുകളുടെയോ പേരില്‍ യാതൊരു വിധത്തിലും പാര്‍ട്ടി തെറ്റിദ്ധരിക്കപ്പെടാനും പാടില്ല. ആയതിനാല്‍ മനപ്പൂര്‍വ്വമല്ലാത്ത ആ വാക്കുകളില്‍ വിഷമം തോന്നിയവര്‍ എന്നോട് ക്ഷമിക്കണം.

ഞാന്‍ ഒരു ദൈവനിഷേധിയോ മതനിഷേധിയോ അല്ലെന്ന് എന്റെ ജീവിത വ്യവഹാരങ്ങളിലൂടെ ബോധ്യപ്പെടാത്തവരെ തൃപ്തിപ്പെടുത്താന്‍ എനിക്കാവില്ല. എന്നാലും എനിക്കും തെറ്റായിപ്പോയെന്ന് ബോധ്യപ്പെട്ട ഒരു വാക്കിന്റെ മറപറ്റി ഞാന്‍ ഒരിക്കലും മനസ്സില്‍ വിചാരിക്കാത്ത വര്‍ഗ്ഗീയ വിഷം പ്രചരിപ്പിക്കുന്നവരെ ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ ലക്ഷ്യം വര്‍ഗ്ഗീയതയാണ് ഞാനല്ലല്ലോ. അവര്‍ക്ക് ഒരവസരം കൊടുത്തുകൂടാ എന്ന് കരുതിയാണ് ഈ വാക്കുകള്‍ കുറിക്കുന്നത്. ഇതിലെ സത്യസന്ധത ബോധ്യപ്പെടുമെന്ന് കരുതുന്നു.

അപ്പോഴും ഞാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കാര്യങ്ങളില്‍ മാറ്റമില്ലാതെ ഉറച്ചു നില്‍ക്കുക കൂടിയാണ്. സിപിഎം നിര്‍മ്മിച്ചു നല്‍കുന്ന വാദങ്ങള്‍ പ്രചരണത്തിന് ഉപയോഗിക്കുന്ന ബിജെപിയുടെ ആശങ്ക ഇക്കാര്യത്തില്‍ മുഖവിലക്ക് എടുക്കുന്നുമില്ല. പറയാനുള്ളത് പറഞ്ഞു കൊണ്ടേയിരിക്കും. തെറ്റുപറ്റിയെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്താനും മടിയില്ല. സിപിഎമ്മിനും ബിജെപിക്കും എന്നോട് സ്വഭാവികമായി ഉണ്ടാകുന്ന പ്രയാസം മനസ്സിലാക്കുന്നു. എന്നാലും മനുഷ്യര്‍ക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങളെ ദൂരീകരിക്കാന്‍ മാത്രമാണ് ഈ കുറിപ്പ്', ജിന്റോ ഫേസ്ബുക്കില്‍ കുറിച്ചു.

ജിന്റോ കഴിഞ്ഞദിവസം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിക്കുന്ന ഉണ്ണികൃഷ്ണന്‍ ആരാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. തുടര്‍ന്ന് 'കേരളത്തില്‍ അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പൊതുവായി പറയുന്ന പേര് ഉണ്ണികൃഷ്ണന്‍' എന്നാണെന്ന് ജിന്റോയുടെ മറുപടിയാണ് വിവാദങ്ങള്‍ക്കിടയാക്കിയത്.

ബി ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്-

'ഭഗവാന്‍ ശ്രീ കൃഷ്ണനെ അപമാനിച്ച ജിന്റോ ജോണും കോണ്‍ഗ്രസ് പാര്‍ട്ടിയും മാപ്പ് പറയുക…ഉണ്ണി കൃഷ്ണന്‍ എന്ന വാക്ക് ആദരവും സ്‌നേഹവും ആരാധനയും ഉള്ള ഹൈന്ദവ വിശ്വാസികളുടെ ഹൃദയ വികാരമാണ്… അധമ ജീവിത തറവാട്ടിലെ സന്തതിക്ക് ഉണ്ണികൃഷ്ണന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ അസാന്മാര്‍ഗികം എന്ന് തോന്നുന്നത് ഡിഎന്‍എയുടെ സ്വഭാവം കൊണ്ടാണ്… താങ്കളുടെ അപ്പന്‍ ജോണിന്റെ പേര് അഥമന്‍ എന്നാണന്ന് പറഞ്ഞാല്‍ താങ്കള്‍ക്ക് സഹിക്കുമൊ ? കോടിക്കണക്കിനു ഹൈന്ദവരുടെ ആരാധന മൂര്‍ത്തിയെ പറഞ്ഞാല്‍ വാ മൂടി കെട്ടി ഇരിക്കുമെന്ന് കരുതിയോ?ഹിന്ദുക്കളെ അപമാനിച്ച ജിന്റോ ജോണും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും മാപ്പ് പറയണം… കന്യാസ്ത്രികളുടെ പേര് പറഞ്ഞ് ഉറഞ്ഞ് തുള്ളിയ വിഡി സതീശന്‍ മറുപടി പറയണം… കോണ്‍ഗ്രസ്സ് പരസ്യമായി മാപ്പ് പറയണം..' അഡ്വ. ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Content Highlights: remark was a mistake said jinto john about unnikrishnan statement

dot image
To advertise here,contact us
dot image