'ഈ മരണ വാര്‍ത്ത സഹിക്കാന്‍ കഴിയുന്നതല്ല'; തിരുമല അനിലിന്‍റെ മരണത്തിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

നിലവില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും ആര്യാ രാജേന്ദ്രന്‍

'ഈ മരണ വാര്‍ത്ത സഹിക്കാന്‍ കഴിയുന്നതല്ല'; തിരുമല അനിലിന്‍റെ മരണത്തിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ
dot image

തിരുവനന്തപുരം: തിരുമല കൗണ്‍സിലര്‍ കെ അനില്‍ കുമാര്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ രംഗത്ത്. കുറച്ച് കാലമായി കൗണ്‍സിലില്‍ അനില്‍ സജീവമായി പങ്കെടുത്തിരുന്നില്ലെന്നും ഈ മരണ വാര്‍ത്ത സഹിക്കാന്‍ കഴിയുന്നതല്ലെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. 'സാമ്പത്തിക ബാധ്യതയെക്കുറിച്ച് ചില സംസാരങ്ങള്‍ കേട്ടിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ആദ്യമേ അറിയാമായിരുന്നു. കൗണ്‍സിലില്‍ പങ്കെടുക്കാതിരുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്നാണ് പറഞ്ഞത്.' ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. ആശുപത്രിയില്‍ കാണിക്കുന്ന കാര്യത്തില്‍ ഡെപ്യൂട്ടി മേയര്‍ അടക്കം ഇടപെട്ടിരുന്നുവെന്നും നിലവില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും ആര്യാ രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സ്വന്തം ഓഫീസിനുള്ളിലാണ് തിരുമല അനിലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുമല വാര്‍ഡ് കൗണ്‍സിലറായിരുന്നു. അനില്‍ ഭാരവാഹിയായ വലിയശാല ടൂര്‍ സൊസൈറ്റിയില്‍ സാമ്പത്തിക പ്രശ്നം ഉണ്ടായപ്പോള്‍ പാര്‍ട്ടി സഹായിച്ചില്ലെന്നും താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും അനിലിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ടെന്നാണ് വിവരം. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയാണ് തിരുമല അനില്‍. രണ്ടാഴ്ച മുന്‍പ് അനില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടിരുന്നുവെന്നും ബാങ്കിന്റെ ബാധ്യതയെക്കുറിച്ച് രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചിരുന്നതായാണ് വിവരം.

വലിയശാലയിലെ ഫാം ആന്‍ഡ് ടൂര്‍ കോപ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്നും മുന്‍പ് ആത്മഹത്യയ്ക്ക് ശ്രമിക്കുമെന്ന് പല കൗണ്‍സിലര്‍മാരോടും അടുത്ത ആളുകളോടും പറഞ്ഞിട്ടുണ്ടെന്നും പൊലീസും പറയുന്നുണ്ട്.

അനിൽ ഭാരവാഹിയായ ബാങ്കിൽ സാമ്പത്തിക പ്രതിസന്ധി വന്നതോടെ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും അനിൽ സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നുവെന്നും സിപിഐഎം നേതാവ് വി ജോയിയും പ്രതികരിച്ചിരുന്നു. ലോണ്‍ എടുത്തവരിൽ ബഹുഭൂരിപക്ഷവും ബിജെപിക്കാരായിരുന്നു. ഇവർ പണം തിരിച്ചടക്കുന്നില്ലെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നേതൃത്വത്തെ അറിയിച്ചെങ്കിലും അവർ ഇടപെട്ടില്ലെന്നാണ് അറിയാൻ സാധിക്കുന്നിതെന്നും വി ജോയ് പ്രതികരിച്ചു. ബാങ്കിന്‍റെ തകർച്ചയുടെ ഭാഗമായിട്ടാണ് ആത്മഹത്യയെന്നും വി ജോയ് പറഞ്ഞിരുന്നു.

എന്നാൽ ആരോപണം ബിജെപി നേതാവ് വി വി രാജേഷ് നിഷേധിക്കുകയായിരുന്നു. അനിൽ പ്രസിഡന്‍റായ ബാങ്കിൽ പ്രതിസന്ധിയുണ്ട്. പറ്റുന്നതരത്തിലൊക്കെ പാർട്ടി സഹായിച്ചുണ്ട്. കടുത്ത മാനസിക സമ്മർദ്ദം അദ്ദേഹത്തിനുണ്ടെന്നുമായിരുന്നു വി വി രാജേഷിന്‍റെ പ്രതികരണം.

Content Highlight; Mayor Arya Rajendran reacts to K Anil Kumar's Death

dot image
To advertise here,contact us
dot image