സ്ത്രീകൾക്ക് എതിരായ പരാമർശങ്ങൾക്ക് തുടക്കം കുറിച്ചയാളാണ് എം വി ഗോവിന്ദൻ; പഠിപ്പിക്കാൻ വരണ്ട: വി ഡി സതീശൻ

തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കമ്പിളിപ്പിക്കുന്നുവെന്ന് വി ഡി സതീശന്‍ പറഞ്ഞു

സ്ത്രീകൾക്ക് എതിരായ പരാമർശങ്ങൾക്ക് തുടക്കം കുറിച്ചയാളാണ് എം വി ഗോവിന്ദൻ; പഠിപ്പിക്കാൻ വരണ്ട: വി ഡി സതീശൻ
dot image

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത് കപടഭക്തനെ പോലെയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ ഒന്നും ചെയ്യാതെ ഇപ്പോള്‍ മാസ്റ്റര്‍ പ്ലാനുമായി ഇറങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സര്‍ക്കാര്‍ എന്താണ് ശബരിമലയില്‍ ചെയ്തത് എന്ന് ജനങ്ങള്‍ക്ക് അറിയാം. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ലെന്നും സതീശന്‍ പറഞ്ഞു. കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണത്തിലും വി ഡി സതീശന്‍ പ്രതികരിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെയും വി ഡി സതീശന്‍ രംഗത്തെത്തി.

'ആന്തൂരിലെ സാജിന്റെ കുടുംബത്തിനെതിരെ വ്യാജപ്രചരണം നടത്തിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. സ്ത്രീകള്‍ക്ക് എതിരായ പരാമര്‍ശങ്ങള്‍ക്ക് തുടക്കം കുറിച്ചയാളാണ് എം വി ഗോവിന്ദന്‍. എം വി ഗോവിന്ദന്‍ പഠിപ്പിക്കാന്‍ വരണ്ട', വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരി തെളിയിച്ച് ആരംഭിച്ചു. വെള്ളാപ്പള്ളി നടേശന്‍, ഗോകുലം ഗോപാലന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, മെമ്പര്‍മാര്‍, ജില്ലാ കലക്ടര്‍ എന്നിവരും സമീപമുണ്ടായിരുന്നു. ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍, ആരോഗ്യമന്ത്രി വീണ ജോര്‍ജ്, മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപുള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചത്. തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിനിധികള്‍ അടക്കം 3,500 പ്രതിനിധികളാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. മൂന്ന് സെഷനുകളായാണ് ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്. മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ച മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറും ആധ്യാത്മിക ടൂറിസം ചര്‍ച്ച പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെഎ നായരും തിരക്ക് നിയന്ത്രണത്തെക്കുറിച്ചുള്ള ചര്‍ച്ച റിട്ട. ഡിജിപി ജേക്കബ് പുന്നൂസും നയിക്കും.

Content Highlights: V D Satheesan about Global ayyappa Sangamam

dot image
To advertise here,contact us
dot image