
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ വികസന സദസുമായി സഹകരിക്കില്ലെന്ന് മുസ്‌ലീം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി അബ്ദുള്‍ ഹമീദ് എംഎല്‍എ. യുഡിഎഫിന്റെ നേതൃത്വത്തില്‍ വികസന സദസുകള്‍ നടത്താനാണ് നിര്‍ദേശം നല്‍കിയതെന്നും സര്‍ക്കുലറില്‍ പിഴവുണ്ടെങ്കില്‍ തിരുത്തുമെന്നും അബ്ദുള്‍ ഹമീദ് വ്യക്തമാക്കി. യുഡിഎഫ് നേതൃത്വം തളളിയ സംസ്ഥാന സര്‍ക്കാരിന്റെ വികസന സദസുമായി ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി സഹകരിക്കുമെന്ന വാര്‍ത്ത വലിയ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി എംഎല്‍എ രംഗത്തെത്തിയത്.
'യുഡിഎഫ് സംസ്ഥാന നേതൃത്വം എടുത്തതിന് അപ്പുറം ഒരു തീരുമാനം മലപ്പുറം ജില്ലാ കമ്മിറ്റിക്കില്ല. യുഡിഎഫിന്റെയും മുസ്‌ലീം ലീഗിന്റെയും നേതൃത്വത്തില്‍ വികസന സദസുകള്‍ നടത്താനാണ് നിര്‍ദേശം നല്‍കിയത്. സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കുന്നതിന് പകരം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്താനാണ് പറഞ്ഞത്. ആ വികസനനേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കാനാണ് നിര്‍ദേശിച്ചത്' എന്നാണ് അബ്ദുള്‍ ഹമീദ് എംഎല്‍എ വ്യക്തമാക്കിയത്. വികസന സദസ് നടത്തിപ്പില്‍ വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും മലപ്പുറം ജില്ലാ മുസ്‌ലീം ലീഗ് കമ്മിറ്റിയും ജില്ലാ യുഡിഎഫ് കമ്മിറ്റിയും യോഗം ചേര്‍ത്തപ്പോള്‍ നടന്ന ചര്‍ച്ചകള്‍ പ്രകാരം പരിപാടി ഗംഭീരമായി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന സര്‍ക്കുലറിനെക്കുറിച്ചുളള ചോദ്യത്തിന്, സര്‍ക്കുലറില്‍ വന്ന പിഴവാണ് അതെന്നും തിരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ മറുപടി നല്‍കി.
യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ വികസന സദസ് സംഘടിപ്പിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ അവതരിപ്പിക്കാനായി അവിടങ്ങളില്‍ സദസ് നടത്തുമെന്ന് അബ്ദുള്‍ ഹമീദ് എംഎല്‍എ നേരത്തെ വ്യക്തമാക്കിയിരുന്നു. വികസന സദസ് ഗംഭീരമായി നടത്തണമെന്നും യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ സദസ് സംഘടിപ്പിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ അവതരിപ്പിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. തദ്ദേശ വകുപ്പും പിആര്‍ഡിയും ചേര്‍ന്ന് തദ്ദേശസ്ഥാപനങ്ങളില്‍ ഈ മാസം 22 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് വികസന സദസുകള്‍ സംഘടിപ്പിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ പ്രാദേശിക തലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉള്‍ക്കൊളളുന്നതിനുമായാണ് വികസന സദസ് സംഘടിപ്പിക്കുന്നതെന്നാണ് സര്‍ക്കാര്‍ പക്ഷം. തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലങ്ങളിലാണ് നടക്കുക. വികസന സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ ഇരുപതിന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തുടര്‍ന്ന് ജില്ലാ, ഗ്രാമ പഞ്ചായത്തുതലങ്ങളില്‍ വിവിധ ദിവസങ്ങളിലായി പരിപാടികള്‍ നടത്തും.
Content Highlights: Will not cooperate with government's vikasana sadas says League Malappuram District Secretary