ജോലിയോ പരമ്പരാഗത സ്വത്തോ ഇല്ല, എന്നിട്ടും ലക്ഷപ്രഭു; കേസെടുത്ത് അന്വേഷണം വേണം; ഫിറോസിനെതിരെ ഇ ഡിക്ക് പരാതി

കെ ടി ജലീല്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്

ജോലിയോ പരമ്പരാഗത സ്വത്തോ ഇല്ല, എന്നിട്ടും ലക്ഷപ്രഭു; കേസെടുത്ത് അന്വേഷണം വേണം; ഫിറോസിനെതിരെ ഇ ഡിക്ക് പരാതി
dot image

മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി. പ്രത്യക്ഷത്തില്‍ ജോലിയോ പരമ്പരാഗത സ്വത്തോ ഇല്ലാത്ത ഫിറോസ് ഇന്ന് ലക്ഷപ്രഭുവാണെന്നും സ്വത്ത് സമ്പാദനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നുമാണ് പരാതിയില്‍ പറയുന്നത്. സിപിഐഎം മലപ്പുറം നെടുവ ലോക്കല്‍ കമ്മിറ്റി അംഗം എ പി മുജീബാണ് പരാതി നല്‍കിയത്. കെ ടി ജലീല്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുജീബ് പരാതി നല്‍കിയിരിക്കുന്നത്. ഇ മെയില്‍ ആയും പോസ്റ്റല്‍ ആയും പരാതി നല്‍കിയിട്ടുണ്ട്.

ഒറ്റക്കും കൂട്ടായും പല കച്ചവട സംരംഭങ്ങളിലും ഫിറോസ് പങ്കാളികളാണെന്ന് പരാതിയില്‍ പറയുന്നു. കോഴിക്കോട് ഫിറോസിന്റേതായി ബ്ലൂഫിന്‍ ട്രാവല്‍, ബ്ലൂഫിന്‍ വില്ലാ പ്രൊജക്ട് എന്നിങ്ങനെ രണ്ട് സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കായി നടത്തുന്ന പിരിവുകളില്‍ ഫിറോസ് വ്യാപക കൃത്രിമം നടത്തിയതായി യൂത്ത് ലീഗുകാര്‍ക്കിടയില്‍ തന്നെ ആക്ഷേപമുണ്ട്. ഇതിലൂടെ ലഭിച്ച പണമാണ് കച്ചവടത്തിന് മുടക്കിയതെന്നും ആരോപണമുണ്ട്. ഒരു കോടിയോളം രൂപ ചെലവഴിച്ച് വീട് നിര്‍മിച്ചതിലും ദുരൂഹതയുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പാലക്കാട് കൊപ്പത്ത് യമ്മി ഫ്രൈഡ് ചിക്കന്‍ എന്ന സ്ഥാപനത്തിന്റെ ഫ്രാഞ്ചസി ഫിറോസ് തുടങ്ങിയത് മുഹമ്മദ് അഷറഫ് എന്ന ബിനാമിയെവെച്ചാണെന്നും ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. യമ്മി ഫ്രൈഡ് ചിക്കന്റെ ഫ്രൈഞ്ചൈസിയിലും ഫിറോസിന് ഷെയറുള്ളതായി ആരോപണമുണ്ട്. അതിന്റെ ലൈസന്‍സിയുടെ പേര് വിവരം കോര്‍പ്പറേഷന്‍ ഓഫീസില്‍ നിന്ന് ലഭിക്കും. കെ ടി ജലീല്‍ എംഎല്‍എ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങളാണ്. കെ ടി ജലീലിനെ സാക്ഷിയാക്കിക്കൊണ്ട് അദ്ദേഹത്തിന്റെ കയ്യിലുള്ള തെളിവുകള്‍ ശേഖരിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Content Highlights- Cpim leader filed complaint against p k firos

dot image
To advertise here,contact us
dot image