
ബഹ്‌റൈനിൽ തൊഴിൽപരമായ വ്യാജ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ. വ്യക്തികളുടെ സുരക്ഷയും അവരുടെ സ്വകാര്യ വിവരങ്ങളും സംരക്ഷിക്കുന്നതിന് ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ ബന്ധപ്പെടാവുവെന്നും ഇത്തരത്തിലുള്ള ഏതെങ്കിലും സംശയാസ്പദമായ പ്രവർത്തനം ശ്രദ്ധയിൽ പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും പൊതുജനങ്ങളോട് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.
പ്രശസ്ത ബ്രാൻഡുകളെയും കമ്പനികളെയും അനുകരിക്കുന്ന വ്യാജ അക്കൗണ്ടുകൾ പ്രചരിക്കുന്നതിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ ജനറൽ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. തൊഴിലില്ലാത്തവരെ കബളിപ്പിക്കാൻ പ്രശസ്ത കമ്പനികളുടെ പേരിൽ വ്യാജ തൊഴിൽ പരസ്യങ്ങൾ ആകർഷകമായ ശമ്പളമുള്ള ഓൺലൈൻ വർക്ക് ഫ്രം ഹോം ജോലികൾക്കായി സോഷ്യൽ മീഡിയയിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ഈ അക്കൗണ്ടുകൾ പ്രചരിപ്പിച്ചിരുന്നു. തുടർന്ന് ഇരകളെ വഞ്ചനയ്ക്കും ഡാറ്റ മോഷണത്തിനും വേണ്ടി വാട്ട്‌സ്ആപ്പ്, ടെലിഗ്രാം പോലുള്ള ആപ്ലിക്കേഷനുകളിൽ വിവരങ്ങൾ കൈമാറാൻ പ്രേരിപ്പിക്കും. ബഹ്‌റൈനിലെ തൊഴിലന്വേഷകരെ ഈ വ്യാജ പരസ്യങ്ങൾ ലക്ഷ്യമിടുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം വ്യാജമാർക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഉറവിടം വെക്തമാക്കാത്ത സംശയാസ്പദമായ സന്ദേശങ്ങളോ ലിങ്കുകളോടോ പ്രതികരിക്കരുതെന്നും മന്ത്രാലയം നിർദേശം നൽകി.
ഔദ്യോഗിക കമ്പനി ചാനലുകൾ വഴി ഏതെങ്കിലും ജോലി ഓഫറിന്റെ ആധികാരികത പരിശോധിക്കണമെന്നും പൊതുജനങ്ങളോട് അധികൃതർ അറിയിച്ചു. വ്യക്തികളുടെ സുരക്ഷയും അവരുടെ സ്വകാര്യ ഡാറ്റയുടെ സുരക്ഷയും സംരക്ഷിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകൾ വഴി ഇത്തരത്തിലുള്ള ഏതെങ്കിലും സംശയാസ്പദമായ പ്രവർത്തനം ഉടനടി റിപ്പോർട്ട് ചെയ്യണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം നിർദേശം നൽകി.
Content Highlights: Authorities warn against fake job advertisements in Bahrain