രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി പ്രൊഫഷണൽ കോൺഗ്രസ്; പാലക്കാട്ടെ പ്രൊഫഷണൽ കോൺഗ്രസ് മീറ്റിലേക്ക് ക്ഷണമില്ല

ലൈംഗിക ആരോപണ വിവാദങ്ങൾക്കിടെ രാഹുൽ മണ്ഡലത്തിൽ സജീവമാകാൻ ശ്രമിക്കുമ്പോഴാണ് കോൺഗ്രസിന്റെ ഒഴിവാക്കൽ

രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി പ്രൊഫഷണൽ കോൺഗ്രസ്; പാലക്കാട്ടെ പ്രൊഫഷണൽ കോൺഗ്രസ് മീറ്റിലേക്ക് ക്ഷണമില്ല
dot image

പാലക്കാട്: പാലക്കാട് നടക്കുന്ന പ്രൊഫഷണൽ കോൺഗ്രസ് മീറ്റിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ക്ഷണമില്ല. ലൈംഗിക ആരോപണ വിവാദങ്ങൾക്കിടെ രാഹുൽ മണ്ഡലത്തിൽ സജീവമാകാൻ ശ്രമിക്കുമ്പോഴാണ് ഒഴിവാക്കൽ. വി കെ ശ്രീകണ്ഠൻ എം പി, ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ തുടങ്ങിയവരാണ് ഞായറാഴ്ച നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്.

യുവതികളുടെ ലൈംഗികാരോപണ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്നും പാർലമെന്റി പാർട്ടിയിൽനിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. അതേസമയം രാഹുൽ മണ്ഡലത്തിലെത്തിയാൽ പ്രതിഷേധിക്കുമെന്ന് സിപിഐമ്മും ബിജെപിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം മാത്രം രാഹുൽ മാങ്കൂട്ടത്തിൽ സഭയിലെത്തിയിരുന്നു. സഭയിലെത്തിയ രാഹുലിനോട് കോൺഗ്രസ് നേതാക്കളടക്കം വിമുഖതകാണിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും രാഹുൽ സഭയിലെത്തിയതിൽ അതൃപ്തിയുണ്ടായിരുന്നു. എന്നാൽ നിയമസഭയിൽ വരാർ പാടില്ലെന്ന് പാർട്ടി നേതൃത്വം നിർദേശിച്ചതിന് പിന്നാലെ രാഹുൽ പിന്നീട് സഭയിലെത്തിയില്ല. ഇനി സഭയിലെത്തിയാൽ തന്നെ രാഹുലിനെ പരിഗണിക്കേണ്ടെന്നാണ് പാർട്ടി തീരുമാനം. ഭരണകക്ഷി പ്രതിഷേധിച്ചാലും ഇടപെടേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ തീരുമാനം.

Content Highlights: No invitation for Rahul Mamkootathil for Professional Congress Meet in Palakkad

dot image
To advertise here,contact us
dot image