
തിരുവനന്തപുരം: നിയമസഭയിലെ വിലക്കയറ്റ ചര്‍ച്ചയ്ക്കിടയിലെ ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനിലിനെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജി ആര്‍ അനിലിനെതിരെ പ്രയോഗിച്ച 'പച്ചക്കള്ളം പറയുന്നു.' എന്ന പരാമര്‍ശമാണ് വി ഡി സതീശന്‍ പിന്‍വലിച്ചത്. മുതിര്‍ന്ന അംഗം മാത്യു ടി തോമസിന്റെ ഇടപാടിനെ തുടര്‍ന്നാണ് സതീശന്‍ തന്റെ ഭാഗത്തെ തെറ്റ് അംഗീകരിച്ചത്. പ്രസ്തുത വാക്ക് സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് വി ഡി സതീശൻ ആവശ്യപ്പെടുകയും മന്ത്രിയോടും സഭയോടും ക്ഷമാപണം നടത്തുകയും ചെയ്തു.
അടിയന്തര ചര്‍ച്ചയ്ക്കിടെ വിലക്കയറ്റവുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടി പറയുകയായിരുന്നു ജി ആര്‍ അനില്‍. പ്രതിപക്ഷ നേതാവ് പറവൂരിലെ ഓണച്ചന്ത ഉദ്ഘാടനം ചെയ്യവെ സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചുവെന്ന് ജി ആര്‍ അനില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് 'പച്ചക്കള്ളം പറയുന്നു' എന്ന് പ്രതിപക്ഷ നേതാവ് സഭയില്‍ ഉന്നയിച്ചത്. താന്‍ സപ്ലൈക്കോയുടെ പ്രസക്തിയെക്കുറിച്ചാണ് സംസാരിച്ചതെന്നും സര്‍ക്കാരിനെ പുകഴ്ത്തിയിട്ടില്ലെന്നുമായിരുന്നു വി ഡി സതീശന്റെ പ്രതികരണം. സതീശന്റെ പരാമര്‍ശത്തിന് പിന്നാലെ സഭയിലെ മുതിര്‍ന്ന അംഗമായ മാത്യു ടി തോമസ് ഇടപെടുകയും ആ പ്രയോഗം പാര്‍ലമെന്ററി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. 'വസ്തുത വിരുദ്ധം' എന്നതാണ് ശരിയായ പ്രയോഗം എന്നും അദ്ദേഹം സതീശനെ തിരുത്തി.
'24 വര്‍ഷമായി സഭയിലുണ്ട്. ഇതുവരെ തന്റെ ഒരു വാക്കും സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തിട്ടില്ല. തന്റെ ഒരു വാക്ക് ഇനി വരുന്ന തലമുറയ്ക്ക് വിഷമമുണ്ടാക്കരുത്. തന്റെ ഭാഗത്ത് തെറ്റുണ്ടായി. ആ വാക്ക് പിന്‍വലിക്കുന്നു,' എന്ന് പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷനേതാവ് ക്ഷമാപണം നടത്തിയത്. മാത്യു ടി. തോമസിന്റെ വാക്ക് വിലമതിക്കുന്നുവെന്നും, താന്‍ ഉപയോഗിച്ച വാക്ക് സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന്, മന്ത്രിയോടും സഭയോടും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
പ്രതിപക്ഷ നേതാവിന്റെ നടപടി അനുകരണീയമാണെന്ന് പറഞ്ഞ സ്പീക്കര്‍ നിലപാടിനെ പ്രശംസിക്കുകയും ചെയ്തു.
Content Highlight; VD Satheesan Apologizes, Withdraws Remark on GR Anil