റോഡ് അറ്റകുറ്റപ്പണിക്കായി കമ്മീഷന്‍; മുട്ടത്തറ കൗണ്‍സിലറുടെ രാജി വാങ്ങി സിപിഐഎം;പാര്‍ട്ടിയില്‍ നിന്നും പുറത്ത്

റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു സിപിഐഎമ്മിന്റെ നടപടി

റോഡ് അറ്റകുറ്റപ്പണിക്കായി കമ്മീഷന്‍; മുട്ടത്തറ കൗണ്‍സിലറുടെ രാജി വാങ്ങി സിപിഐഎം;പാര്‍ട്ടിയില്‍ നിന്നും പുറത്ത്
dot image

തിരുവനന്തപുരം: റോഡ് അറ്റകുറ്റപ്പണിക്കായി കമ്മീഷന്‍ വാങ്ങിയ മുട്ടത്തറ കൗണ്‍സിലര്‍ ബി രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഐഎം. കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നും രാജി എഴുതി വാങ്ങിയതായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു സിപിഐഎമ്മിന്റെ നടപടി.

'റിപ്പോര്‍ട്ടര്‍ ചാനലില്‍ വന്ന വാര്‍ത്ത ഞെട്ടിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്തു. ഞങ്ങള്‍ക്ക് 56 കൗണ്‍സിലര്‍മാരുണ്ട്. അവരില്‍ ആരും നിന്നും പ്രതീക്ഷിക്കാത്ത നിലയിലുള്ള നടപടിയാണ് രാജേന്ദ്രനില്‍ നിന്ന് വന്നത്. സിപിഐഎമ്മിനെ സംബന്ധിച്ച് ഒരു കാലത്തും അഴിമതി നടത്തുന്നവരെയോ ഇത്തരം മോശപ്പെട്ട പ്രവര്‍ത്തനം നടത്തുന്നവരെയോ അംഗീകരിക്കുകയോ സഹായിക്കുകയോ ചെയ്യുന്ന സമീപനം സ്വീകരിച്ചിട്ടില്ല. ഇവിടെയും കര്‍ക്കശമായ നിലപാട് സ്വീകരിക്കുന്നു', വി ജോയി പറഞ്ഞു.

ഇതില്‍ എത്രത്തോളം ശരിയുണ്ടെന്നോ ഇല്ലെന്നോ പരിശോധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്ത് വിട്ട കാര്യം ശരിയെന്ന് മനസിലാക്കി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് പ്രതിപക്ഷത്തുള്ള യുഡിഎഫിന്റെയും ബിജെപിയുടെയും കൗണ്‍സിലര്‍മാരുടെ പേരില്‍ അഴിമതി ആരോപണം വന്നിട്ടുണ്ട്. അവരൊന്നും ചെയ്യാത്ത കടുത്ത നിലപാടിലേക്ക് സിപിഐഎം ജില്ലാ കമ്മിറ്റി നീങ്ങി. ആളുകളോട് ജനപ്രതിനിധികള്‍ മാന്യമായി ഇടപെടണം. എല്ലാ കൗണ്‍സിലര്‍മാരും അങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു വിശ്വാസം. ചില കള്ളനാണയങ്ങള്‍ ഇക്കൂട്ടത്തിലുണ്ടെന്ന് ഇപ്പോള്‍ ബോധ്യപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഐഎം മുന്നോട്ട് വെക്കുന്ന എല്ലാ തരത്തിലുമുള്ള മൂല്യങ്ങള്‍ക്ക് വിരുദ്ധമായാണ് ഇടപെടലുണ്ടായതെന്ന് മേയര്‍ ആര്യാ രാജേന്ദ്രനും പ്രതികരിച്ചു. സത്യസന്ധമായി ഇടപെടല്‍ നടത്താനാണ് പാര്‍ട്ടി പഠിപ്പിക്കുന്നതെന്നും അതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി തെളിയിക്കുകയാണെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.

റോഡ് അറ്റകുറ്റപ്പണിക്കായി കൈക്കൂലി വാങ്ങിയെന്ന് ബി രാജേന്ദ്രന്‍ റിപ്പോര്‍ട്ടറിനോട് സമ്മതിച്ചിരുന്നു. ആദ്യം പണം വാങ്ങിയില്ലെന്ന് പറഞ്ഞ അദ്ദേഹം, പിന്നാലെ റോഡ് പണിക്കായി കൂടുതല്‍ മണല്‍ എത്തിക്കുന്നതിനാണ് പണം കൈപ്പറ്റിയതെന്ന് പറയുകയായിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ റോഡ് അറ്റകുറ്റപ്പണിക്ക് 12 ലക്ഷം പാസ്സായതിന് പിന്നാലെയാണ് പ്രദേശവാസികളോട് മുട്ടത്തറ കൗണ്‍സിലറും സിപിഐഎം പ്രദേശിക നേതാവുമായ ബി രാജേന്ദ്രന്‍ ഒരു ലക്ഷം രൂപ കമ്മീഷന്‍ ചോദിച്ചത്. റോഡിന്റെ ഉപഭോക്താക്കളെ പണം കൊടുക്കാന്‍ തുടര്‍ച്ചയായി അദ്ദേഹം നിര്‍ബന്ധിക്കുകയായിരുന്നു.

Content Highlights: CPIM accepts Muttathara councilor s resignation and expell from Party

dot image
To advertise here,contact us
dot image