'എല്ലാം ചിലരുടെ അജണ്ട, പാകിസ്താന്‍ തോല്‍ക്കാന്‍ അവർ കാത്തിരിക്കുകയായിരുന്നു'; ആഞ്ഞടിച്ച് മുഹമ്മദ് ആമിര്‍

ഇന്ത്യയ്‌ക്കെതിരായ പരാജയത്തിന് പിന്നാലെ പാകിസ്താന്റെ മുൻ താരങ്ങളടക്കം സൽമാൻ അലി ആ​ഗയെയും സംഘത്തെയും വിമർശിച്ചിരുന്നു

'എല്ലാം ചിലരുടെ അജണ്ട, പാകിസ്താന്‍ തോല്‍ക്കാന്‍ അവർ കാത്തിരിക്കുകയായിരുന്നു'; ആഞ്ഞടിച്ച് മുഹമ്മദ് ആമിര്‍
dot image

ഏഷ്യാ കപ്പിലെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണച്ച് മുന്‍ പാക് പേസര്‍ മുഹമ്മദ് ആമിര്‍. ഇന്ത്യയ്‌ക്കെതിരായ പരാജയത്തിന് പിന്നാലെ പാകിസ്താന്റെ മുൻ താരങ്ങളടക്കം സൽമാൻ അലി ആ​ഗയെയും സംഘത്തെയും വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആമിർ ടീമിനെ പിന്തുണയ്ക്കുകയും വിമർശകരുടെ കടുത്ത നിലപാടുകളെ ചോദ്യം ചെയ്യുകയും ചെയ്ത് രം​ഗത്തെത്തിയത്.

“കുറച്ചുപേർ‌ അവരുടേതായ അജണ്ടകൾ പ്രചരിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. അവർ ടീമിലെ കളിക്കാരെ തിരഞ്ഞെടുത്തതിനെ ചോദ്യം ചെയ്യുകയാണ്. എന്തുകൊണ്ടാണ് ഈ കളിക്കാരൻ ടീമിലുള്ളത്? അവൻ എങ്ങനെയാണ് ആ കളിക്കാരനുമായി മത്സരിക്കുന്നത്? യുവതാരങ്ങളെ വിമർശിക്കാൻ വേണ്ടി മാത്രം പാകിസ്താൻ ഒരു മത്സരത്തിൽ‌ തോൽക്കാൻ അവർ കാത്തിരിക്കുകയായിരുന്നുവെന്ന് തോന്നുന്നു,” സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആമിർ പറഞ്ഞു.

ഏഷ്യാ കപ്പിനുള്ള പാക് ടീമിൽ സൂപ്പർ താരങ്ങളായ അസമിനെയും മുഹമ്മദ് റിസ്വാനെയും ഉൾപ്പെടുത്താതിരുന്നത് വലിയ ചർച്ചകൾക്കും വിമർശനങ്ങൾ. ആരുടെയും പേര് എടുത്തുപറഞ്ഞില്ലെങ്കിലും പരിചയസമ്പന്നരായ കളിക്കാർക്ക് വലിയ നേട്ടങ്ങളൊന്നും നേടാൻ കഴിയാത്ത സാഹചര്യത്തിൽ യുവതാരങ്ങളെ പിന്തുണയ്ക്കണമെന്ന് ആമിർ അഭിപ്രായപ്പെട്ടു.

“നിങ്ങൾ പറയുന്ന കളിക്കാർ പരിചയസമ്പന്നർ തന്നെയാണ്. അവർ അഞ്ചോ ആറോ വർഷത്തിലേറെയായി കളിക്കുകയും ടീമിനെ നയിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾ പറയുന്ന കളിക്കാർ മികച്ചതൊന്നും ചെയ്തില്ല. എല്ലാവർക്കും അവരുടേതായ സ്ഥിതിവിവരക്കണക്കുകളും പ്രകടനങ്ങളുമുണ്ട്, പക്ഷേ അവർ ഒന്നും നേടിയില്ല. ഈ പുതിയ ടീം ഒരു മത്സരത്തിൽ പരാജയപ്പെട്ടു. അതോടെ നിങ്ങൾ എല്ലാവരും അവരെ വിമർശിക്കാൻ തുടങ്ങി. ഒന്നു ക്ഷമിക്കൂ“, ആമിർ കൂട്ടിച്ചേർത്തു.

ഏഷ്യാ കപ്പ് ടൂർണമെന്റിൽ സൂപ്പർ ഫോറിലേക്ക് കടന്നിരിക്കുകയാണ് ടീം പാകിസ്താൻ‌. ​ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ഇന്ത്യയ്ക്കെതിരെ മാത്രമാണ് പാകിസ്താന് പരാജയം വഴങ്ങേണ്ടിവന്നത്. സൂപ്പർ ഫോറിൽ സെപ്റ്റംബർ 21 ന് ടീം ഇന്ത്യയെ നേരിടാനൊരുങ്ങുകയാണ് പാകിസ്താൻ.

Content Highlights: Mohammad Amir defends Pakistan players despite defeat against India in Asia Cup 2025

dot image
To advertise here,contact us
dot image