
കോഴിക്കോട്: സമസ്തയുടെ നൂറാം വാർഷിക പരിപാടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. കേന്ദ്ര ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ജമാൽ സിദ്ധീഖ് സമസ്ത ഓഫീസിൽ വന്ന് തന്നെ സന്ദർശിച്ചിരുന്നുവെന്നും എന്നാൽ അതുസംബന്ധിച്ച് ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തെറ്റിദ്ധാരണാജനകമാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
സമസ്ത നൂറാം വാർഷിക പരിപാടിയിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ചയും നടന്നിട്ടില്ല. പ്രധാനമന്ത്രിയോട് എന്താണു പറയാനുള്ളത് എന്നു ചോദിച്ചപ്പോൾ മുസ്‌ലിം, ക്രിസ്ത്യൻ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾ വലിയ ആശങ്കയിലാണെന്നും അതു പരിഹരിക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ കാണാൻ അവസരമൊരുക്കാമെന്ന് പറഞ്ഞപ്പോൾ ഇപ്പോൾ സമസ്ത നൂറാം വാർഷികവുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്നും അതിനു ശേഷം ആലോചിക്കാമെന്നും മറുപടി നൽകിയെന്ന് ജിഫ്രി തങ്ങൾ അറിയിച്ചു.
നൂറു വർഷമായി പ്രവർത്തിച്ചുവരുന്ന സമസ്ത, രാജ്യത്തിന്റെ സാമുദായിക സൗഹാർദത്തിനു വേണ്ടിയാണ് പ്രവർത്തിച്ചതെന്നും രഹസ്യമായോ പരസ്യമായോ വർഗീയ തീവ്രവാദ പ്രവർത്തനങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും അവരോട് പറഞ്ഞതായും ജിഫ്രി തങ്ങൾ വ്യക്തമാക്കി.
Content Highlights: There has been no discussion regarding inviting Prime Minister to Samastha's anniversary event says Jifri Thangal