
2025ല്‍ വമ്പന്‍ ബോക്‌സ് ഓഫീസ് വിജയങ്ങളുമായി അരങ്ങുതകര്‍ക്കുകയാണ് മോഹന്‍ലാല്‍. എമ്പുരാനും തുടരുമിനും ശേഷം സത്യന്‍ അന്തിക്കാട് ഒരുക്കിയ ഹൃദയപൂര്‍വവും തിയറ്ററിൽ കയ്യടികൾ വാങ്ങി കൂട്ടുകയാണ്. ഇതോടൊപ്പം ആരാധകരെ ആവേശത്തിലാഴ്ത്തുന്ന നിരവധി പ്രോജക്ടുകളെ കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
ഇക്കൂട്ടത്തില്‍ സംവിധായകന്‍ കൃഷാന്ദ് മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രമൊരുക്കുന്നു എന്ന ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുയാണ് കൃഷാന്ദ്. ഫണ്‍ ഡിറ്റക്ടീവ് ക്യാരക്ടറായിരിക്കും സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്നതെന്നും കൃഷാന്ദ് പറഞ്ഞു. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'മണിയന്‍പിള്ള രാജു സാര്‍ പ്രൊഡ്യൂസ് ചെയ്യാമെന്ന പറഞ്ഞ സിനിമയാണത്. അത് പിച്ച് ചെയ്തിട്ടുണ്ട്. ഒരു റീഡിങ് കഴിഞ്ഞു. ഞാനും നിരഞ്ജും മണിയന്‍പിള്ള രാജു സാറിന്റെ ടീമും എല്ലാം ആ ചിത്രത്തിന്റെ അടുത്ത ഘട്ടങ്ങളിലെ ചര്‍ച്ചയിലാണ്. കുറച്ച് മീറ്റിങ്ങുകള്‍ കൂടി ബാക്കിയുണ്ട്. അതുകഴിഞ്ഞാല്‍ പറയാനാകും ഈ ലാലേട്ടനുമായുള്ള ചിത്രം നടക്കുമോ ഇല്ലയോ എന്ന്. ഴോണര്‍ കൃത്യമായി പറയാനാകുന്നത് അല്ലെങ്കിലും ഒരു ഫണ്‍ ഡിറ്റക്ടീവ് ക്യാരക്ടറായിരിക്കും അദ്ദേഹം ചെയ്യുക എന്നതാണ് നിലവിലെ പ്ലാന്‍. പക്ഷെ സ്പൂഫ് അല്ല, അല്‍പം തമാശ കലര്‍ന്ന ഒരു സീരിയസ് കഥാപാത്രം തന്നെയാണ് അത്,' കൃഷാന്ദ് പറയുന്നു.
കൃഷാന്ദിന്റെ പരീക്ഷണാത്മക സിനിമാരീതികളും മോഹന്‍ലാലിന്റെ സൂപ്പര്‍സ്റ്റാര്‍ഡവും തമ്മില്‍ ചേരുന്നത് എങ്ങനെയായിരിക്കും എന്ന ചോദ്യത്തോടും കൃഷാന്ദ് പ്രതികരിച്ചു. 'ഈ സിനിമ പൂര്‍ണമായും എക്‌സ്പിരിമെന്റലോ അല്ലെങ്കില്‍ പൂര്‍ണമായും ഫാന്‍ മസാല ചിത്രമോ ആയിപ്പോകരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അതേസമയം, നന്നായി എന്റര്‍ടെയ്ന്‍ ചെയ്യിക്കുന്ന ചിത്രമായിരിക്കും. ഓരോ സീനിലും ലാലേട്ടന്‍ വരുന്നത് കാണുമ്പോള്‍ ആളുകള്‍ക്ക് സന്തോഷം തോന്നണം. അത് മാത്രമാണ് എന്റെ മനസിലുള്ളത്. പിന്നെ എന്റെ ഒരു ചെറിയ വട്ടന്‍ പരിപാടി കൂടിയുണ്ട്. പോപ്പുലറായ ആക്ടേഴ്‌സ് വരുമ്പോള്‍ അത് വര്‍ക്കാകും,' കൃഷാന്ദ് പറഞ്ഞു.
content highlights: Director Krishand shares update on Mohanlal's movie