'മാധ്യമങ്ങളുടെ കയ്യടിക്കായി ഒരു നേതാവിനെയും കയ്യൊഴിയരുത്';രാഹുലിന് പരസ്യപിന്തുണയുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ

തെറ്റ് വന്നാൽ തിരുത്തുകയും ശാസിക്കുകയും ചെയ്യാം എന്നുമാണ് മുഹ്‌സിന്റെ ഫേസ്ബുക്ക് പോസ്റ്റ്

'മാധ്യമങ്ങളുടെ കയ്യടിക്കായി ഒരു നേതാവിനെയും കയ്യൊഴിയരുത്';രാഹുലിന് പരസ്യപിന്തുണയുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ
dot image

കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പരസ്യ പിന്തുണയുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹ്സിൻ കാതിയോടാണ് രാഹുലിന് പിന്തുണ പ്രഖ്യാപിച്ചും പാർട്ടിയെ പരോക്ഷമായി വിമർശിച്ചും രംഗത്തുവന്നിരിക്കുന്നത്. മറ്റ് പല നേതാക്കളും രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. മാധ്യമങ്ങളുടെ കയ്യടിക്കായി ഒരു നേതാവിനെ മാത്രമല്ല പ്രവർത്തകനെയും പൂർണ്ണമായും കയ്യൊഴിയരുത് എന്നും തെറ്റ് വന്നാൽ തിരുത്തുകയും ശാസിക്കുകയും ചെയ്യാം എന്നുമാണ് മുഹ്‌സിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കുറ്റിയോടെ പിഴുതു മാറ്റിയാൽ അയാൾ അഗ്നിശുദ്ധി വരുത്തി വന്നാൽ എത്ര വെള്ളമൊഴിച്ചാലും അതിൽ ഒരു നാമ്പും വളരില്ല എന്നും മുഹ്‌സിൻ കൂട്ടിച്ചേർക്കുന്നു.

"മാധ്യമപ്രവർത്തകൻ മാപ്രയാകാത്ത കാലത്ത് ഫ്ലാഷ് ന്യൂസുകൾ ബ്രേക്കിങ് ന്യൂസുകളാകാത്ത കാലത്ത് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നു വന്നതിനേക്കാൾ ആഴമുണ്ടെന്നു തോന്നിപ്പിക്കുന്നതും ഇര തന്നെ മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടതുമായ ആരോപണം ഐസ്ക്രീം പാർലർ പെൺവാണിഭ കേസ് ആയിരുന്നു. അന്ന് മുസ്ലിം ലീഗിന്റെ സമുന്നത നേതാവും കേരള രാഷ്ട്രീയത്തിലെ കിങ് മേക്കറായ പി കെ കുഞ്ഞാലിക്കുട്ടി ആയിരുന്നു ആരോപണ വിധേയൻ. പത്രമാധ്യമങ്ങളുടെ താളുകൾക്കു മതഗ്രന്ഥങ്ങളെപ്പോലെ മൂല്യം പൊതുസമൂഹം കല്പിച്ചിരുന്ന കാലമാണെന്ന് ഓർക്കണം. എഴുത്തുകാർക്കും സാമൂഹിക സാംസ്‌കാരിക പ്രവർത്തകരെ കേൾക്കുകയും അവർ ഒപ്പീനിയൻ മേക്കഴ്സ് ആയിരുന്ന കേരള രാഷ്ട്രീയ പരിസരത്തിലാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ റജീനയെന്ന സ്ത്രീ ഒക്കത്ത് കുഞ്ഞുമായി വന്നു മാധ്യമങ്ങൾക്ക് മുമ്പിൽ കണ്ണീർ വാർത്തതും കുഞ്ഞാലിക്കുട്ടിയെ കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ടവനായി ചിത്രീകരിച്ചതും. പക്ഷെ ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ കുഞ്ഞാലിക്കുട്ടിയെ വിശ്വാസത്തിലെടുക്കുകയും പിന്തുണ നൽകുകയും ചെയ്തു.

1997 ൽ കോഴിക്കോട് വെച്ച് പൊട്ടിപ്പുറപ്പെട്ട ഐസ്ക്രീം കേസ് പൊതുജന ശ്രദ്ധയിലേക്ക് കൊണ്ട് വന്നത് അന്വേഷി എൻജിഓയുടെ നേതാവും മാധ്യമങ്ങൾ കേരളത്തിലെ അയൺ ലേഡി ആയി ചിത്രീകരിച്ച അജിത ആയിരുന്നു. കേരളത്തിലെ പത്രമാധ്യമങ്ങൾ മുഴുവൻ അത് ഏറ്റെടുത്തു. പി കെ കുഞ്ഞാലിക്കുട്ടി എന്ന നേതാവ് ക്രൂശിക്കപ്പെട്ടതിനോളം ഒരു നേതാവും അക്കാലത് ക്രൂശിക്കപ്പെട്ടില്ല. പക്ഷെ മുസ്ലിം ലീഗ് പ്രസ്ഥാനം അദ്ദേഹത്തിന്റെ കൂടെ നിന്നു. ലീഗിലും അക്കാലത്ത് ശാക്തിക ബലാബല ചേരികൾ വളരെ പ്രകടമായുണ്ടായിരുന്ന കാലമാണ്. പക്ഷെ സംസ്ഥാന അധ്യക്ഷൻ കുഞ്ഞാലിക്കുട്ടിയെ ഒരു വാക്ക് കൊണ്ട് പോലും തള്ളിപ്പറഞ്ഞില്ല. കേരളം ആദരവോടെ കണ്ടിരുന്ന ശിഹാബ് തങ്ങളെ ക്രൈം നന്ദകുമാറിനെപ്പോലെയുള്ള മഞ്ഞപത്രങ്ങളും ലീഗ് വിരോധം വലിയ രീതിയിൽ പ്രചരിപ്പിച്ചിരുന്ന മാധ്യമം പോലും ആരോപണനിഴലിൽ നിർത്തിയിരുന്നു. പക്ഷെ തങ്ങൾ പതറിയില്ല.

ഐസ്ക്രീം കേസ് ലൈവായി നിർത്തിയ പ്രധാന മാധ്യമം ഇന്ത്യവിഷൻ ആയിരുന്നു, ഇന്ത്യ വിഷൻ ന്യൂസ്‌ എഡിറ്റർ എം പി ബഷീർ, ഏഷ്യാനെറ്റ്‌ ന്യൂസിലെ വി എം ദീപ, കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വുമൺ ആക്റ്റീവിസ്റ്റ് സംഘടനകൾ ഇവരുടെ നേതൃത്വത്തിലുള്ള മാധ്യമ സാംസ്‌കാരിക നേതൃത്വം ഒറ്റക്കെട്ടായി കുഞ്ഞാലിക്കുട്ടി യെ എതിർത്തു. പാർട്ടി കുഞ്ഞാലിക്കുട്ടിയുടെ കൂടെ നിന്നു. മന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും കോടതി വ്യവഹാരങ്ങളിൽ അനേകനാൾ ഐസ്ക്രീം കേസ് കയറിയിറങ്ങിയെങ്കിലും കുഞ്ഞാലിക്കുട്ടി ഇപ്പോഴും ലീഗിനെ കരുത്തോടെ നയിക്കുന്നു. കുഞ്ഞാലിക്കുട്ടി മാറി ഇ ടി മുഹമ്മദ്‌ ബഷീർ ലീഗിനെ നയിച്ചെങ്കിലും പിന്നീട് കുഞ്ഞാലിക്കുട്ടിക്ക് തന്നെ പാർട്ടി സെക്രട്ടറി സ്ഥാനം തിരികെ നൽകി. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ ശിഹാബ് തങ്ങളും ലീഗും അന്ന് അദ്ദേഹത്തെ കൈവിട്ടിരുന്നുവെങ്കിൽ ഇന്ന് കുഞ്ഞാലിക്കുട്ടി എന്ന നേതാവ് അസ്തമിച്ചു പോയിരുന്നു.

വി എസ് അച്യുതാനന്ദൻ എന്ന പ്രതിപക്ഷ നേതാവിന്റെ ഇമേജ് ബിൽഡപ്പിന് വേണ്ടി ഉപയോഗിച്ച പ്രധാനപ്പെട്ട ടൂൾ ആയിരുന്നു ഐസ്ക്രീം കേസ്. പക്ഷെ അഗ്നിശുദ്ധി വരുത്തി കുഞ്ഞാലിക്കുട്ടി തിരിച്ചു വന്നു. എന്നാൽ അന്ന് ഐസ്ക്രീം കേസ് ഉയർത്തിക്കൊണ്ട് വന്ന ഇന്ത്യവിഷൻ ചാനൽ വിസ്‌മൃതിയിലായി. എം പി ബഷീർ വല്ലപ്പോഴും ഫേസ്ബുക്കിൽ മാത്രം കാണുന്ന മാധ്യമപ്രവർത്തകൻ മാത്രമായി. വി എം ദീപ ഇപ്പോൾ ഏത് മാധ്യമരംഗത്താണ് പ്രവർത്തിക്കുന്നത് എന്നറിയില്ല. കെ അജിത മഹാമൗനത്തിലാണ്.

മാധ്യമങ്ങളുടെ കയ്യടിക്ക് വേണ്ടി ഒരു നേതാവിനെ ഇല്ലാതാക്കിയാൽ ഇല്ലാതാവുന്നത് പാർട്ടിയാണ്. സമീപ കാല കോൺഗ്രസ്‌ രാഷ്ട്രീയത്തിൽ സിപിഎമ്മിനെയും ബിജെപി യെയും ഒരുപോലെ ആക്രമിക്കുകയും ഇരുപാർട്ടികളുടെ ആക്രമണത്തിൽ പ്രതിരോധം തീർക്കുകയും ചെയ്ത നേതാവാണ് രാഹുൽ മാങ്കൂട്ടത്തിൽ. അദ്ദേഹത്തിനെതിരെ ഉയർന്നു വന്ന ആരോപണങ്ങളെ നിഷേധിക്കാനോ, അതിനെ അംഗീകരിക്കുകയോ ചെയ്യേണ്ട. പക്ഷെ പുറന്തള്ളി ഇല്ലാതാക്കിയാൽ നാളെ കോൺഗ്രസിനെ നയിക്കേണ്ട ഒരു നേതാവാണ്‌ ഇല്ലാതാവുന്നത്.

കേരളത്തിലെ പ്രമാദമായ മറ്റൊരു പീഡനകേസ് ആയിരുന്നു മന്ത്രിയായിരുന്ന നീലലോഹിതദാസൻ നാടാർക്കെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥ പരാതി നൽകിയത്. ഇന്ന് ഹൈക്കോടതി അദ്ദേഹത്തെ വെറുതെ വിട്ടുള്ള വിധി വന്നത്, 1999 ൽ ഉയർന്നു വന്ന ഈ ആരോപണം അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിൽ തന്നെ കരിനിഴൽ വീഴ്ത്തി. പേരിൽ തന്നെ നീലയുണ്ടല്ലോ എന്ന പരിഹാസമെത്ര കേട്ടു, ജീവിത സായന്തനത്തിൽ വന്ന വിധി സ്വയം ആശ്വസിക്കാം എന്നല്ലാതെ രാഷ്ട്രീയജീവിതം തന്നെ ഇല്ലാതാക്കിയില്ലേ.

കണ്ണൂർ തലശ്ശേരി സ്വദേശിയായ മാധ്യമ പ്രവർത്തകൻ ജെ ഗോപീകൃഷ്ണൻ ഉയർത്തിക്കൊണ്ട് വന്ന 2 ലക്ഷം കോടി രൂപയുടെ 2 G സ്‌പെക്ട്രം അഴിമതി യുപിഎ ഭരണത്തിന്റെ അവസാനം കുറിച്ചു. ബിജെപി പടച്ചു വിട്ട ആരോപണമായിരുന്നുവത്. അന്ന് അഴിമതി ആരോപിക്കപ്പെട്ട മുൻ ടെലി കമ്മ്യൂണിക്കേഷൻ മിനിസ്റ്റർ രാജ ഇപ്പോഴും ലോക്സഭ മെമ്പറാണ്.

മാധ്യമങ്ങളുടെ കയ്യടിക്കായി ഒരു നേതാവിനെ മാത്രമല്ല പ്രവർത്തകനെയും പൂർണ്ണമായും കയ്യൊഴിയരുത്,പാർട്ടി എന്നത് ആദർശം മാത്രമല്ല അത് കുടുംബമാണ്, തെറ്റ് വന്നാൽ തിരുത്തുകയും ശാസിക്കുകയും ചെയ്യാം, കുറ്റിയോടെ പിഴുതു മാറ്റിയാൽ അയാൾ അഗ്നിശുദ്ധി വരുത്തി വന്നാൽ എത്ര വെള്ളമൊഴിച്ചാലും അതിൽ ഒരു നാമ്പും വളരില്ല" എന്നാണ് മുഹ്സിൻ ഫേസ്ബുക്കിൽ കുറിച്ചത്

Content Highlights: Youth congress leaders support rahul mamkoottathil

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us