
കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുൺ ഒരുക്കിയ സിനിമയാണ് ലോക. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുടെ അടുത്ത ഭാഗങ്ങളെക്കുറിച്ച് സംവിധായകൻ ഡൊമിനിക് അരുൺ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ലോക യൂണിവേഴ്സിലെ അടുത്ത ഭാഗങ്ങളിൽ എന്താണ് നടക്കുന്നതിനെക്കുറിച്ച് തങ്ങൾക്ക് ധാരണയുണ്ടെന്നും എന്നാൽ തിരക്കഥയുടെ വർക്കുകൾ പൂർത്തിയാക്കാനുണ്ടെന്നും ഡൊമിനിക് അരുൺ പറഞ്ഞു.
'എല്ലാ കഥാപാത്രങ്ങളുടെയും ഒർജിൻ സ്റ്റോറി ഐഡിയ ഞങ്ങളുടെ പക്കലുണ്ട്. ഈ യൂണിവേഴ്‌സ് എങ്ങനെ അവസാനിക്കുമെന്നും വരാനിരിക്കുന്ന സിനിമകളിൽ സംഭവിക്കാൻ പോകുന്ന പ്രധാന പ്ലോട്ട് എന്താണെന്നും ഞങ്ങൾക്ക് കൃത്യമായ ഐഡിയ ഉണ്ട്. പക്ഷെ അടുത്ത സിനിമകളുടെ തിരക്കഥയിൽ ഇനിയും വർക്കുകൾ പൂർത്തിയാക്കാനുണ്ട്. ഈ യൂണിവേഴ്സിൽ എന്തൊക്കെയാണ് സംഭവിക്കേണ്ടത് എന്നതിൽ ഞങ്ങൾക്ക് കൃത്യമായ ധാരണയുണ്ട് എന്നാൽ ഒരു ഫോമിലേക്ക് അതിനെ മാറ്റിയെടുക്കേണ്ടതുണ്ട്', ഡൊമിനിക് അരുൺ പറഞ്ഞു.
ആഗോള ബോക്സ് ഓഫീസിൽ ചിത്രം 250 കോടി പിന്നിട്ടു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.പുറത്തിറങ്ങി പത്തൊമ്പതാമത്തെ ദിവസമാണ് ചിത്രം 250 കോടി ക്ലബ്ബിലേക്ക് എത്തുന്നത്. ഈ നേട്ടത്തിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളം സിനിമയാണിത്. മോഹൻലാൽ ചിത്രമായ എമ്പുരാൻ ആണ് ഒന്നാം സ്ഥാനത്തുള്ള സിനിമ. 265 കോടിയാണ് എമ്പുരാന്റെ നേട്ടം. ഈ നേട്ടത്തോടെ ലോക മഞ്ഞുമ്മൽ ബോയ്‌സിന്റെ ആഗോള കളക്ഷനെ മറികടന്നു. 242.25 കോടിയാണ് മഞ്ഞുമ്മൽ ബോയ്‌സിന്റെ നേട്ടം. മോഹൻലാൽ ചിത്രമായ തുടരുമിനെ ലോക നേരത്തെ മറികടന്നിരുന്നു. 235 കോടിയാണ് തുടരുമിന്റെ ആഗോള കളക്ഷൻ. ഈ റെക്കോർഡിനെയാണ് ലോക മറികടന്നത്. ജൂഡ് ആന്തണി ജോസഫ് ചിത്രമായ 2018 നെയും ലോക മറികടന്നു. 174.25 കോടിയാണ് 2018 ന്റെ നേട്ടം.
"We know how this is going to end and what's the main plot that's gonna happen in upcoming flims.
— Elton. (@elton_offl) September 15, 2025
We are specific on how this is gonna happen but we have to sketch that out" - Dominic Arun on the upcoming installments of #Lokah franchise ❗🔥
pic.twitter.com/q8d1eE3ikA
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണ് "ലോക - ചാപ്റ്റർ വൺ: ചന്ദ്ര". മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
content highlights : Dominic arun about Lokah next chapters