
അഹമ്മദാബാദ്: അന്തരിച്ച ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംസ്‌കാരച്ചടങ്ങുകളുടെ ചെലവ് ഏറ്റെടുക്കാന്‍ വിസമ്മതിച്ച് ബിജെപി. ഗുജറാത്തില്‍ ജൂണ്‍ പന്ത്രണ്ടിനുണ്ടായ എയര്‍ ഇന്ത്യ വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട വിജയ് രൂപാണിയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി 25 ലക്ഷം രൂപയാണ് ചിലവായത്. ഈ തുക നല്‍കാന്‍ പാര്‍ട്ടി തയ്യാറായില്ല. ഇതോടെ ബില്ലുകള്‍ അടയ്ക്കാന്‍ കുടുംബം നിര്‍ബന്ധിതരായി.
2025 ജൂണ്‍ പതിനാറിനാണ് വിജയ് രൂപാണിയുടെ സംസ്‌കാരം നടന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തുടങ്ങി ബിജെപിയുടെ ഉന്നത നേതാക്കളെല്ലാം രൂപാണിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. സംസ്‌കാരം നടന്ന് മൂന്നുമാസത്തിനിപ്പുറമാണ് വിവാദമുണ്ടായിരിക്കുന്നത്. പൂക്കളും ടെന്റും മറ്റ് ക്രമീകരണങ്ങളും അടക്കം ചടങ്ങ് നടത്തിയതിന്റെ ബില്ലുകള്‍ വിജയ് രൂപാണിയുടെ കുടുംബത്തിന് കൈമാറുകയായിരുന്നു. ജൂലൈ മാസത്തോടെ പണം ലഭിക്കാനുളളവര്‍ വീട്ടുപടിക്കല്‍ എത്തി പണം ചോദിക്കാന്‍ തുടങ്ങി. അപ്പോഴാണ് പാര്‍ട്ടി ബില്ല് അടച്ചിട്ടില്ലെന്ന സത്യം വിജയ് രൂപാണിയുടെ കുടുംബം തിരിച്ചറിഞ്ഞത്. മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ കുടുംബം കടം വീട്ടിത്തുടങ്ങിയെങ്കിലും പാര്‍ട്ടി അണികള്‍ക്കിടയില്‍ സംഭവം അമര്‍ഷത്തിനിടയാക്കി.
രൂപാണിയുടെ സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട ചെലവുകള്‍ സംബന്ധിച്ച് ഉയര്‍ന്ന വിവാദത്തില്‍ പ്രതികരിക്കാന്‍ ബിജെപി നേതാക്കളാരും ഇതുവരെ തയ്യാറായിട്ടില്ല. ഇതുസംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ബിജെപി സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ സി ആര്‍ പാട്ടീലും ഒഴിഞ്ഞുമാറി. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തിലാണ് വിജയ് രൂപാണി കൊല്ലപ്പെട്ടത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനൊഴികെ മറ്റെല്ലാവരും മരിച്ചിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെയാണ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. ലണ്ടനിലുളള മകളെയും ഭാര്യയെയും കാണാനായിരുന്നു രൂപാണിയുടെ യാത്ര.
Content Highlights: BJP not bearing the expenses of former Gujarat Chief Minister Vijay Rupani's funeral: Controversy