'ചരിത്രപരമായ ഒരു നീതിന്യായം'; കൂടൽമാണിക്യം ക്ഷേത്രത്തിലെ അനുരാഗിന്റെ നിയമനത്തിൽ സിപിഐ

ഈഴവ സമുദായത്തിൽപ്പെട്ട യുവാവ് കഴകം ജോലിക്ക് പ്രവേശിച്ച സംഭവം ചരിത്രപരമായ ഒരു നീതിന്യായമെന്ന് സിപിഐ

'ചരിത്രപരമായ ഒരു നീതിന്യായം'; കൂടൽമാണിക്യം ക്ഷേത്രത്തിലെ അനുരാഗിന്റെ നിയമനത്തിൽ സിപിഐ
dot image

തിരുവനന്തപുരം: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഈഴവ സമുദായത്തിൽപ്പെട്ട യുവാവ് കഴകം ജോലിക്ക് പ്രവേശിച്ച സംഭവം ചരിത്രപരമായ ഒരു നീതിന്യായമെന്ന് സിപിഐ. നവോത്ഥാന മൂല്യങ്ങളെ വർത്തമാനകാലവുമായി ബന്ധിപ്പിക്കാനുള്ള ഒരു ശ്രമം കൂടിയാണ് ഇതെന്നും കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലം മുതൽ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വഴി നടക്കുന്ന സുതാര്യവും, ജാതി വിവേചനമില്ലാത്തതുമായ നിയമനങ്ങളുടെ തുടർച്ചയാണ് അനുരാഗിന്റെ നിയമനമെന്നും സിപിഐ പറഞ്ഞു. കുട്ടൻകുളം സമരം, താണിശ്ശേരി ലഹള എന്നിവ നടന്ന മണ്ണാണിത്. കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന ചാത്തൻ മാഷ്, പി.സി. കുറുമ്പ, കെ.വി. ഉണ്ണി എന്നിവർ നവോത്ഥാന പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ മണ്ണും. ഈ കേസിന്റെ വിജയത്തിൽ ഡോ. അമൽ സി. രാജൻ, അഡ്വ. രഞ്ജിത്ത് തമ്പാൻ എന്നിവരുടെ ഇടപെടലുകളും നിർണായകമായി എന്നും സിപിഐ പറഞ്ഞു.

"ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ മാലക്കഴകം തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ അവസാനിച്ചിരിക്കുകയാണ്. ഈഴവ സമുദായത്തിൽപ്പെട്ട അനുരാഗ് കെ.എസ്. ദേവസ്വം നൽകിയ നിയമന ഉത്തരവ് പ്രകാരം ജോലിയിൽ പ്രവേശിച്ചു. ഈഴവ സമുദായത്തിൽ ജനിച്ചയാൾക്ക് മാലക്കഴകം ജോലി ചെയ്യാൻ അവകാശമില്ലെന്ന് ഒരു വിഭാഗം ആളുകൾ വാദിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

കൂടൽമാണിക്യം ക്ഷേത്രത്തിന് മുന്നിലൂടെ നടക്കാനുള്ള അവകാശത്തിനായി പോരാടിയ കുട്ടൻകുളം സമരത്തിന് സാക്ഷ്യം വഹിച്ച നാടാണ് ഇരിങ്ങാലക്കുട. താണിശ്ശേരി ലഹളയും ഇവിടെത്തന്നെയാണ് നടന്നത്. കൂടാതെ, കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന ചാത്തൻ മാഷ്, പി.സി. കുറമ്പ, കെ.വി. ഉണ്ണി എന്നിവർ നവോത്ഥാന പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ മണ്ണാണിത്.

സി. അച്യുതമേനോൻ്റെ നേതൃത്വത്തിലുള്ള സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് വഴിയാണ് കൂടൽമാണിക്യം ക്ഷേത്രഭരണം ജനാധിപത്യവൽക്കരിക്കപ്പെട്ടത്. രണ്ടാം അച്യുതമേനോൻ സർക്കാരിൻ്റെ കാലത്ത് കൂടൽമാണിക്യം ദേവസ്വം ബിൽ നിയമമായി. ഈ കാലഘട്ടത്തിലാണ് കേരളത്തിൽ ആദ്യമായി ഒരു ദളിത് സമുദായത്തിൽ നിന്നുള്ള വ്യക്തി ദേവസ്വം മന്ത്രിയായതും ദേവസ്വം ക്ഷേത്രങ്ങളിൽ ദളിത് ശാന്തിക്കാരൻ നിയമിക്കപ്പെട്ടതും.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലം മുതൽ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വഴി നടക്കുന്ന സുതാര്യവും, ജാതി വിവേചനമില്ലാത്തതുമായ നിയമനങ്ങളുടെ തുടർച്ചയാണ് അനുരാഗിന്റെ നിയമനവും. ഈ നിയമനത്തെ എതിർത്തവർക്കെതിരെ എഐവൈഎഫ്, യുവകലാസാഹിതി, എഐഡിആർഎം തുടങ്ങി നിരവധി പുരോഗമന പ്രസ്ഥാനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. കൂടാതെ, ഈ കേസിന്റെ വിജയത്തിൽ ഡോ. അമൽ സി. രാജൻ, അഡ്വ. രഞ്ജിത്ത് തമ്പാൻ എന്നിവരുടെ ഇടപെടലുകളും നിർണായകമായി.

എല്ലാ പ്രതിരോധങ്ങളെയും അതിജീവിച്ച് അനുരാഗ് ജോലിയിൽ പ്രവേശിച്ച ഈ സംഭവം, ചരിത്രപരമായ ഒരു നീതിന്യായമാണ്. ഈ വിധി നവോത്ഥാന മൂല്യങ്ങളെ വർത്തമാനകാലവുമായി ബന്ധിപ്പിക്കാനുള്ള ഒരു ശ്രമം കൂടിയാണ്. അനുരാഗ് കെ.എസ്. അടക്കം ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ." എന്നായിരുന്നു സിപിഐയുടെ പോസ്റ്റ്.

കഴിഞ്ഞ ദിവസമാണ് ചേര്‍ത്തല സ്വദേശി അനുരാഗ് കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനായി ജോലിയില്‍ പ്രവേശിച്ചത്. ചേര്‍ത്തല വയലാര്‍ കളവംകോട് ഉത്രാടത്തില്‍ സുനേഷ്-ഷീബ ദമ്പതിമാരുടെ മകനായ അനുരാഗ് (23) മാതാപിതാക്കള്‍ക്കൊപ്പമെത്തി അഡ്മിനിസ്ട്രേറ്റര്‍ രാധേഷ് മുന്‍പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചാണ് ജോലിക്കുകയറിയത്.

ബികോം കഴിഞ്ഞ് ആറുമാസത്തെ അക്കൗണ്ടന്റ് കോഴ്സ് പാസായി എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരുകയായിരുന്നു അനുരാഗ്. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിയമിച്ചിരുന്ന റാങ്ക് പട്ടികയിലെ ഒന്നാംസ്ഥാനക്കാരനും എം.എ ബിരുദധാരിയുമായ തിരുവനന്തപുരം ആര്യനാട് സ്വദേശി ബി എ ബാലു രാജിവെച്ചതിനെത്തുടര്‍ന്നാണ് പിന്നാക്കവിഭാഗ ലിസ്റ്റില്‍നിന്നുള്ള അനുരാഗിനെ നിയമിച്ചത്.

ബാലുവിന് പൊതുവിഭാഗത്തിലായിരുന്നു നിയമനം. ബാലുവിനെ നിയമിച്ചതിനെത്തുടര്‍ന്നാണ് വിവാദങ്ങളും കോടതിവ്യവഹാരവും ആരംഭിച്ചത്. തന്ത്രിമാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ബാലുവിനെ ദേവസ്വം ഓഫീസിലേക്ക് മാറ്റിയിരുന്നു. പിന്നീട് അവധിയില്‍പ്പോയ ബാലു തിരിച്ചെത്തിയെങ്കിലും രാജിവെക്കുകയായിരുന്നു. ഏപ്രില്‍ 11-നാണ് അനുരാഗിനെ നിയമിക്കാനുള്ള ശുപാര്‍ശ നല്‍കിയത്.

dot image
To advertise here,contact us
dot image