
ആസിഫ് അലിയുടെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടിക്കിടാക്ക. രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ പാക്കഡ് ചിത്രത്തിനായി വലിയ ബോഡി ട്രാൻസ്‌ഫോർമേഷനാണ് ആസിഫ് നടത്തുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് ആസിഫ് പറഞ്ഞ വാക്കുകൾ ചർച്ചയാകുകയാണ്. ഒറ്റയടിക്ക് ഷൂട്ട് ചെയ്തു തീർക്കാൻ കഴിയാത്ത സിനിമയാണ് ടിക്കി ടാക്കയെന്നും ഫിസിക്കൽ സ്ട്രെയിൻ എടുക്കേണ്ട സിനിമയാണ് അതെന്നും ആസിഫ് അലി പറഞ്ഞു.
'കുറച്ചധികം ഫിസിക്കൽ സ്ട്രെയിൻ എടുക്കേണ്ട സിനിമയാണ് ടിക്കി ടാക്ക. അതുകൊണ്ട് ഒറ്റ സ്ട്രെച്ചിന് ആ സിനിമ ഷൂട്ട് ചെയ്തു പോകാൻ കഴിയില്ല. ഞങ്ങൾ ഒരു 10 - 15 ദിവസം ഷൂട്ട് ചെയ്യുകയാണെങ്കിൽ അടുത്ത അഞ്ച് ദിവസം ബ്രേക്ക് എടുക്കും. അല്ലാതെ ഒറ്റയടിക്ക് ഷൂട്ട് ചെയ്‌താൽ തീർന്ന് പോകും. വലിയ വാഗ്ദാനങ്ങൾ ഒന്നും ഞാൻ സിനിമയെക്കുറിച്ച് തരുന്നില്ല. കാരണം നമ്മൾ രാവിലെ 6 മണിക്കൊക്കെ എഴുന്നേറ്റ് പോയി കണ്ട വലിയ സിനിമകളൊക്കെ നെഗറ്റീവ് ഇമ്പാക്റ്റ് ആണ് തന്നിട്ടുള്ളത്. ഞാൻ ഇതുവരെ ചെയ്യാത്ത ഒരു സിനിമ, ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന സിനിമ ആണ് ടിക്കി ടാക്ക. അതിന്റെ ഏറ്റവും നല്ല വേർഷന് വേണ്ടിയിട്ടാണ് ടിക്കി ടാക്ക ട്രൈ ചെയ്യുന്നത്', ആസിഫ് അലി പറഞ്ഞു.
ഒരു പക്കാ മാസ് ആക്ഷൻ പടമായിരിക്കും ടിക്കി ടാക്ക എന്ന സൂചനയാണ് നേരത്തെ പുറത്തുവന്ന ടീസർ നൽകിയത്. പ്രേക്ഷകർക്ക് നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ് നൽകണമെന്ന ഉദ്ദേശത്തോടെ ഒരുക്കുന്ന സിനിമയാണ് ടിക്കി ടാക്കയെന്നും തന്റെ കെജിഎഫ് എന്ന് വിശ്വസിക്കുന്ന ചിത്രമാണ് അതെന്നുമാണ് ടിക്കി ടാക്കയെക്കുറിച്ച് ആസിഫ് അലി ഒരു അഭിമുഖത്തിൽ പറഞ്ഞത്.
#AsifAli's #TikiTaka 🫵😎🔥pic.twitter.com/qFyDJZU8IN
— FDFS Reviews (@FDFS_Reviews) September 14, 2025
ആക്ഷന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. 'ദ് റെയ്ഡ് റിഡെംപ്ഷൻ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയതും ഇദ്ദേഹമായിരുന്നു. ലുക്മാൻ അവറാൻ, വാമിക ഖബ്ബി, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമിക്കുന്നത്. നിയോഗ് കൃഷ്ണ, ഫിറോസ് നജീബ്, യദു പുഷ്പാകരൻ എന്നിവർ ചേർന്നാണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്.
content highlights: Asif Ali about Tiki Takka