ലീഗിന്റെ പദ്ധതികളെ സംശയനിഴലിലാക്കരുത്; പി കെ ഫിറോസ് സാമ്പത്തിക ഉറവിടം വ്യക്തമാക്കാത്തതിൽ മുസ്‌ലിംലീഗിൽ അമര്‍ഷം

ബിസിനസ് ചെയ്യാന്‍ എങ്ങനെ തുക സമാഹരിച്ചെന്ന് വ്യക്തമാക്കണമെന്നാണ് ആവശ്യം

ലീഗിന്റെ പദ്ധതികളെ സംശയനിഴലിലാക്കരുത്; പി കെ ഫിറോസ് സാമ്പത്തിക ഉറവിടം വ്യക്തമാക്കാത്തതിൽ മുസ്‌ലിംലീഗിൽ അമര്‍ഷം
dot image

മലപ്പുറം: പി കെ ഫിറോസിനെതിരായ ആരോപണത്തില്‍ മുസ്‌ലിം ലീഗില്‍ ഒരു വിഭാഗത്തിന് അമര്‍ഷം. ഫിറോസ് സാമ്പത്തിക ഉറവിടം വ്യക്തമാക്കാത്തതിലാണ് ഒരുവിഭാഗത്തിന് അമര്‍ഷം. ബിസിനസ് ചെയ്യാന്‍ എങ്ങനെ തുക സമാഹരിച്ചെന്ന് വ്യക്തമാക്കണമെന്നാണ് ആവശ്യം. ലീഗിന്റെ പദ്ധതികളെ സംശയത്തിന്റെ നിഴലിലാക്കരുതെന്നും ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നു. പി കെ ഫിറോസ് റിവേഴ്‌സ് ഹവാലയാണ് നടത്തുന്നതെന്നതടക്കം ആരോപണങ്ങൾ കെ ടി ജലീൽ എംഎൽഎയാണ് ഉന്നയിച്ചത്.

ഫിറോസ് പല സ്ഥാപനങ്ങളും നടത്തുന്നുണ്ടെന്നും തിരുനാവായക്കാരനായ മുഹമ്മദ് അഷറഫാണ് അദ്ദേഹത്തിന്റെ ബിനാമിയെന്നും കെടി ജലീൽ പറഞ്ഞു. ഉന്നാവോ, കത്വ പെൺകുട്ടികളുടെ പേരിൽ പിരിച്ച തുകയും ദോത്തി ചാലഞ്ച് വഴി പിരിച്ച തുകയുമാണ് ഫിറോസ് ബിസിനസിനായി ഉപയോഗിച്ചതെന്നും ഫിറോസിന്റെ സ്ഥാപനം ഇന്ത്യയിൽ നിന്ന് കോടിക്കണക്കിന് രൂപ സർക്കാരിന്റെയും ബാങ്കിന്റെയും കണ്ണുവെട്ടിച്ച് ഗൾഫിലെത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

എന്നാൽ ബന്ധുനിയമനം കയ്യോടെ പിടികൂടിയതിലുള്ള അമർഷമാണ് ജലീലിനെന്നും ദാവൂദുമായി ബന്ധമുണ്ടെന്നേ ഇനി പറയാനുള്ളൂവെന്നുമായിരുന്നു ഫിറോസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. മന്ത്രി ആയിരുന്ന ഘട്ടത്തിലെ അഴിമതി പുറത്ത് വരുന്നു എന്നറിഞ്ഞ വെപ്രാളത്തിലാണ് ജലീൽ. തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമോ എന്ന ഭീതിയാണ്. മനോനില തെറ്റിയ നിലയിലാണ് അദ്ദേഹമുള്ളത്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. താൻ തൊഴിലും ബിസിനസും ചെയ്യുന്നുണ്ടെന്നും രാഷ്ട്രീയം ഉപജീവനമാക്കിയിട്ടില്ലെന്നും ഫിറോസ് പറഞ്ഞു. കൊപ്പത്തെയും ഹൈലൈറ്റ് മാളിലേയും സ്ഥാപനത്തിൽ പങ്കാളിത്തം ഉണ്ടെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഫിറോസ് വ്യക്തമാക്കിയിരുന്നു.

Content Highlights: Muslim League leaders angered by PK Feroz's failure to disclose financial source for business

dot image
To advertise here,contact us
dot image