പരസ്യപ്പോര് തുടരുന്നു; പി കെ ഫിറോസ് കേരള രാഷ്ട്രീയത്തിലെ മായാവിയെന്ന് കെ ടി ജലീൽ

ദുബായിൽ എവിടെയാണ് കമ്പനിയുടെ ഓഫീസ് പ്രവർത്തിക്കുന്നതെന്നും ആർക്കും കമ്പനി എവിടെ ആണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ജലീൽ ആരോപിച്ചു

പരസ്യപ്പോര് തുടരുന്നു; പി കെ ഫിറോസ് കേരള രാഷ്ട്രീയത്തിലെ മായാവിയെന്ന് കെ ടി ജലീൽ
dot image

തിരുവനന്തപുരം: പി കെ ഫിറോസിനെതിരെ പറഞ്ഞ പ്രധാന കാര്യങ്ങൾ അദ്ദേഹം നിഷേധിച്ചില്ലെന്നും താൻ ഉയർത്തിയ ഒരു ആരോപണവും തള്ളി പറഞ്ഞില്ലെന്നും കെ ടി ജലീൽ എംഎൽഎ. അഞ്ചേകാൽ ലക്ഷം രൂപ മാസ ശമ്പളം ലഭിക്കാൻ പി കെ ഫിറോസ് കമ്പനിക്ക് വേണ്ടി ചെയ്യുന്ന ജോലി എന്താണെന്നും ജലീൽ ചോദിച്ചു.

താൻ ഉയർത്തിയ ഒരു ആരോപണവും ഫിറോസ് തള്ളി പറഞ്ഞില്ല. എത്ര എക്സ്പോർട്ടുകൾ സെയിൽസ് മാനേജർ എന്ന നിലയ്ക്ക് ഫിറോസ് നടത്തുന്നുണ്ടെന്നും അത് പറയാൻ അദ്ദേഹം ബാധ്യസ്ഥനാണെന്നും ജലീൽ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് യുഎഇ വിസ കുറച്ചു കാലത്തേക്ക് വേണ്ടെന്ന് വെച്ചു. ചെറിയ ഇടവേളയ്ക്ക് ശേഷം അതേ വിസ വീണ്ടും പുതുക്കി. ദുബായിൽ എവിടെയാണ് കമ്പനിയുടെ ഓഫീസ് പ്രവർത്തിക്കുന്നതെന്നും ആർക്കും കമ്പനി എവിടെ ആണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ജലീൽ പരിഹസിച്ചു.

യുഎഇയിലെ ബിസിനസ് സംബന്ധമായ കാര്യങ്ങൾ ഫിറോസ് പുറത്തു വിടണം. ആകെ മൂന്ന് ജീവനക്കാരെ ഈ കമ്പനിയിലുള്ളൂ. മൂന്ന് മാനേജർമാർ മാത്രമുള്ള കമ്പനി. ഒരോഫീസിൽ തൂപ്പുകാർ എങ്കിലും വേണമല്ലോ. അതും ചെയ്യുന്നത് മാനേജർമാരാണോയെന്നും അദ്ദേഹം ചോദിച്ചു. പി കെ ഫിറോസ് കേരള രാഷ്ട്രീയത്തിലെ മായാവിയാണ്. കുമ്പിടി എന്ന് പറഞ്ഞാൽ അത് ചെറുതാവുമെന്നും കെ ടി ജലീൽ പരിഹസിച്ചു. മുസ്ലിം ലീഗിലെ എല്ലാ നേതാക്കൾക്കും ജോബ് വിസ ഉണ്ടോ എന്ന ചോദ്യവും കെ ടി ജലീൽ ഉന്നയിച്ചു.

സി എച്ച് മുഹമ്മദ് കോയക്ക് ഫിറോസിനെ പോലെ സാമർത്ഥ്യം ഇല്ലായിരുന്നു. അദ്ദേഹത്തിന് ഒന്നും അറിയില്ല. സിഎച്ച് അല്ല ഫിറോസിന്റെ രാഷ്ട്രീയ ഗുരു എന്ന് മനസ്സിലായി. യൂത്ത് ലീഗ് പിരിച്ച ഭീമമായ തുക പി കെ ഫിറോസ് മുക്കിയിട്ടുണ്ട്. കത്വ-ഉന്നാവോ ഫണ്ട്‌ ദുർവിനിയോഗം ചെയ്തുവെന്നും കെ ടി ജലീൽ ആരോപിച്ചു.

പി കെ ഫിറോസ് റിവേഴ്‌സ് ഹവാലയാണ് നടത്തുന്നതെന്നതടക്കം ആരോപണങ്ങൾ കെടി ജലീൽ എംഎൽഎ നേരത്തെ ഉന്നയിച്ചിരുന്നു. ഫിറോസ് പല സ്ഥാപനങ്ങളും നടത്തുന്നുണ്ടെന്നും തിരുനാവായക്കാരനായ മുഹമ്മദ് അഷറഫാണ് അദ്ദേഹത്തിന്റെ ബിനാമിയെന്നും കെടി ജലീൽ പറഞ്ഞിരുന്നു. പി കെ ഫിറോസിന് അത് നിഷേധിക്കാനാവില്ലെന്നും യൂത്ത് ലീഗ് പ്രവർത്തകർ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഉന്നാവോ, കത്വ പെൺകുട്ടികളുടെ പേരിൽ പിരിച്ച തുകയും ദോത്തി ചാലഞ്ച് വഴി പിരിച്ച തുകയുമാണ് ഫിറോസ് ബിസിനസിനായി ഉപയോഗിച്ചതെന്നും ഫിറോസിന്റെ സ്ഥാപനം ഇന്ത്യയിൽ നിന്ന് കോടിക്കണക്കിന് രൂപ സർക്കാരിന്റെയും ബാങ്കിന്റെയും കണ്ണുവെട്ടിച്ച് ഗൾഫിലെത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

എന്നാൽ ബന്ധുനിയമനം കയ്യോടെ പിടികൂടിയതിലുള്ള അമർഷമാണ് ജലീലിനെന്നും ദാവൂദുമായി ബന്ധമുണ്ടെന്നേ ഇനി പറയാനുള്ളൂവെന്നുമായിരുന്നു ഫിറോസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. മന്ത്രി ആയിരുന്ന ഘട്ടത്തിലെ അഴിമതി പുറത്ത് വരുന്നു എന്നറിഞ്ഞ വെപ്രാളത്തിലാണ് അദ്ദേഹം. തലയിൽ മുണ്ടിട്ട് നട്ടക്കേണ്ടി വരുമോ എന്ന ഭീതിയാണ്. മനോനില തെറ്റിയ നിലയിലാണ് അദ്ദേഹമുള്ളത്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. താൻ തൊഴിലും ബിസിനസും ചെയ്യുന്നുണ്ടെന്നും രാഷ്ട്രീയം ഉപജീവനമാക്കിയിട്ടില്ലെന്നും ഫിറോസ് കൂട്ടിച്ചേർത്തു. കൊപ്പത്തെയും ഹൈലൈറ്റ് മാളിലേയും സ്ഥാപനത്തിൽ പങ്കാളിത്തം ഉണ്ട്. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഇനിയും ബിസിനസുകൾ ഉണ്ടെന്നും ഫിറോസ് വ്യക്തമാക്കിയിരുന്നു.

Content Highlights:k t Jaleel said Firos did not deny any of the allegations against him

dot image
To advertise here,contact us
dot image