'ഇത് സ്റ്റാലിന്‍റെ റഷ്യയല്ല കേരളമാണ്,മുഖ്യമന്ത്രി സ്റ്റാലിന്‍ ചമയേണ്ട'; കസ്റ്റഡി മര്‍ദ്ദനത്തില്‍ വി ഡി സതീശന്‍

'രാഹുൽ മാങ്കൂട്ടത്തിൽ പാര്‍ട്ടിക്ക് പുറത്താണ്, നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനെ കുറിച്ച് കോൺഗ്രസിലെ ഒരാളും അഭിപ്രായം പറഞ്ഞിട്ടില്ല'

'ഇത് സ്റ്റാലിന്‍റെ റഷ്യയല്ല കേരളമാണ്,മുഖ്യമന്ത്രി സ്റ്റാലിന്‍ ചമയേണ്ട'; കസ്റ്റഡി മര്‍ദ്ദനത്തില്‍ വി ഡി സതീശന്‍
dot image

കൊച്ചി: പൊലീസ് മർദ്ദനത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡിവൈഎഫ്‌ഐ നേതാവിനെ സ്റ്റേഷനിൽ തല്ലിച്ചതയ്ക്കുന്ന പൊലീസാണ് കേരളത്തിലുള്ളതെന്നും ഇത്രയധികം പരാതികൾ ഉയർന്നിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ ചുമതലയിൽ നിന്നും പിണറായി വിജയൻ ഒഴിയണം. ആ സ്ഥാനത്ത് തുടരാൻ അദ്ദേഹം യോഗ്യനല്ലെന്നും സതീശൻ പറഞ്ഞു.

സ്റ്റാലിന്റെ കാലത്തെ ഗുലാഗുകളാക്കി കേരളത്തിലെ പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് കേരളത്തിലെ അഭിനവ സ്റ്റാലിനായ മുഖ്യമന്ത്രി. ഇത് സ്റ്റാലിന്റെ റഷ്യയല്ല, ഇത് ജനാധിപത്യ കേരളമാണെന്നും സതീശൻ പറഞ്ഞു. വ്യാപകമായി പൊലീസിനെതിരെ പരാതികൾ ഉന്നയിക്കപ്പെടുന്നുണ്ട്. എന്നിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണെന്നും സതീശൻ ആരോപിച്ചു.

അരോഗ്യ വകുപ്പിനേയും സതീശൻ വിമർശിച്ചു. ലോകത്തുള്ള എല്ലാ അസുഖവും കേരളത്തിലുണ്ട്. എന്നാൽ അതിനെ നിയന്ത്രിക്കാൻ ആരോഗ്യ വകുപ്പ് ഒന്നും ചെയ്യുന്നില്ല. അമീബിക് മസ്തിഷ്‌ക ജ്വരത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് സർക്കാരിന് ഒരുപിടിയുമില്ല. എത്രപേർ മരിച്ചെന്നോ രോഗകാരണം എന്താണെന്നോ സർക്കാരിനറിയില്ല. എന്തിനാണ് ഇങ്ങനെയൊരു ആരോഗ്യവകുപ്പ്. അമീബിക് മസ്തിഷ്‌കജ്വരം സംബന്ധിച്ച് കേന്ദ്രത്തിന്റെ സഹായത്തോടെ ഗൗരവമായ അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു.

പത്താം വർഷത്തിൽ സർക്കാർ ഭയപ്പെട്ട് നിൽക്കുകയാണെന്നും തെരഞ്ഞെടുപ്പിൽ വലിയ തോൽവിയാണ് അവർ പ്രതീക്ഷിക്കുന്നതെന്നും സതീശൻ പറഞ്ഞു. പത്താമത്തെ കൊല്ലം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ഇത്രകാലമില്ലാത്ത ഭക്തിയാണ് അയ്യപ്പനോട് ഇടതുപക്ഷത്തിനുളളത്. സംഗമം മറ്റെന്തെങ്കിലും രീതിയിൽ വ്യാഖ്യാനിക്കപ്പെടുമെന്ന് കരുതിയാണ് ന്യൂനപക്ഷ സംഗമം നടത്താനിരിക്കുന്നത്. ഇതെന്ത് പാർട്ടിയാണ്, എന്ത് സർക്കാരാണെന്നും സതീശൻ ചോദിച്ചു.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനെ കുറിച്ച് കോൺഗ്രസിലെ ഒരാളും അഭിപ്രായം പറഞ്ഞിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. അദ്ദേഹത്തെ പാർട്ടിയിൽനിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തതാണ്. ബാക്കി കാര്യത്തെ കുറിച്ച് പാർട്ടി തീരുമാനമുണ്ടെങ്കിൽ പാർട്ടി പ്രസിഡന്റ് അറിയിക്കും. അല്ലാതെ യാതൊരു തീരുമാനവും എടുത്തിട്ടില്ല. രാഹുൽ വിഷയത്തിൽ കോൺഗ്രസിൽ രണ്ട് അഭിപ്രായമില്ല. സോഷ്യൽ മീഡിയയയിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ മറുപടി പറയേണ്ട ബാധ്യത ഞങ്ങൾക്കില്ലെന്നും രാഹുൽ പാർട്ടിക്ക് പുറത്താണെന്നും സതീശൻ പറഞ്ഞു.

Content Highlights:Opposition leader VD Satheesan strongly reacts against C M Pinarayi Vijayan over police brutality

dot image
To advertise here,contact us
dot image