
ആലപ്പുഴ: തൃശ്ശൂർ പൂരം കലക്കലും എഡിജിപി എം ആർ അജിത് കുമാറിനെതിരായ വിമർശങ്ങളും പരാമർശിക്കാതെ സിപിഐ പ്രവർത്തന റിപ്പോർട്ട്. തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽ വി എസ് സുനിൽകുമാറിന്റെ പരാജയത്തെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമില്ല. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അവതരിപ്പിച്ച റിപ്പോർട്ടിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. റിപ്പോർട്ടിന്മേൽ ഇന്നലെ രാത്രി നടന്ന ഗ്രൂപ്പ് ചർച്ചയിൽ റിപ്പോർട്ടിൽ ഈ വിഷയങ്ങൾ ഒഴിവാക്കിയതിനെതിരെ ഒരു വിഭാഗം വിമർശനം ഉയർത്തിയതായാണ് വിവരം. രാഷ്ട്രീയ, പ്രവർത്തന റിപ്പോർട്ടിന്മേൽ ഇന്ന് ചർച്ച നടക്കുന്നുണ്ട്. ഗ്രൂപ്പ് ചർച്ചയുടെ തുടർച്ച ഇന്നും ഉണ്ടാകുമെന്നാണ് വിവരം.
സിപിഐ വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെ ഏറ്റെടുത്ത വിഷയമായിരുന്നു തൃശ്ശൂർ പൂരം കലക്കൽ. പൂരം കലക്കലുമായി ബന്ധപ്പെട്ട് അജിത് കുമാറിന്റെ നിരുത്തരവാദപരമായ ഇടപെടലുകൾക്കെതിരെയും സിപിഐ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ സിപിഐ പ്രവർത്തന റിപ്പോർട്ടിൽ തൃശ്ശൂർ ജില്ലയെക്കുറിച്ച് പരാമർശിക്കുമ്പോൾ പൂരം കലക്കലുമായി ബന്ധപ്പെട്ടോ അജിത് കുമാറിനെതിരെയോ പരാമർശമില്ല. തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽ വി എസ് സുനിൽകുമാറിന്റെ തോൽവിയെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമില്ല. സിപിഐ ശക്തമായ നിലപാട് സ്വീകരിച്ച വിഷയങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കാത്തത് ശരിയായില്ലെന്നാണ് ഗ്രൂപ്പ് ചർച്ചയിൽ ഒരു വിഭാഗം നേതാക്കൾ ഉന്നയിച്ചത്. ബ്രൂവറി അടക്കമുള്ള വിഷയങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ തൃശ്ശൂർ പൂരം കലക്കലും അജിത് കുമാറിനെതിരായ വിമർശനവും എന്തുകൊണ്ട് റിപ്പോർട്ടിൽ പരാമർശിച്ചില്ലെന്നും നേതാക്കൾ ചോദിക്കുന്നു.
തൃശ്ശൂർ പൂരം കലക്കൽ വിവാദം ആരംഭിച്ചത് മുതൽ ശക്തമായ നിലപാടായിരുന്നു സിപിഐ സ്വീകരിച്ചിരുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി മന്ത്രി കെ രാജൻ, ബിനോയ് വിശ്വം, വി എസ് സുനിൽ കുമാർ അടക്കമുള്ളവർ ശക്തമായ നിലപാട് സ്വീകരിച്ചു. പൂരം കലക്കലിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നായിരുന്നു മന്ത്രി രാജൻ അടക്കമുള്ളവർ പറഞ്ഞത്. സംഭവം നടക്കുമ്പോൾ താൻ അവിടെയുണ്ടായിരുന്നുവെന്നും ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം ആർ അജിത് കുമാറിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭ്യമായിരുന്നില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ അന്വേഷണ സംഘത്തിന് മുന്നിലും മന്ത്രി വിശദീകരിച്ചിരുന്നു. മന്ത്രി വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്ന ആൾ കുറ്റവാളിയെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്.
Content Highlights: CPI state conference report without mentioning Thrissur Pooram and criticism against MR Ajith Kumar