
കോഴിക്കോട്: മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും 'വൈഫ് ഇന്‍ ചാര്‍ജു'മാരുണ്ടെന്ന വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി ബഹാവുദ്ദീന്‍ നദ്‌വി. നെഗറ്റീവ് താല്‍പര്യം ഉള്ള മാധ്യമങ്ങളാണ് കുപ്രചരണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്തയാക്കി കുളം കലക്കണം എന്ന് ആഗ്രഹം ഉള്ളവരാണ് പ്രചരിപ്പിച്ചതെന്നും നദ്‌വി കൂട്ടിച്ചേര്‍ത്തു.
'പറഞ്ഞ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നു. മന്ത്രിമാരെ മാത്രം അല്ല ഉദേശിച്ചത്. മന്ത്രിമാരെ പ്രകോപിപ്പിച്ച് പ്രചരിപ്പിക്കാനാണ് ശ്രമിച്ചത്. ആ വസ്തുത നിലവില്‍ ഉള്ളതാണ്', അദ്ദേഹം പറഞ്ഞു. ആളുകളുടെ സ്വകാര്യതയില്‍ കയറി അഭിപ്രായം പറയരുതെന്ന സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കും നദ്‌വി മറുപടി നല്‍കി. വ്യക്തിപരമായി ഒരു കാര്യങ്ങളും പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചെന്നും നദ്‌വി കൂട്ടിച്ചേര്‍ത്തു. കുപ്രചരണം നടത്തിയതിനെ തുടര്‍ന്നാണ് ജിഫ്രി തങ്ങള്‍ അങ്ങനെ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
നദ്‌വിയുടെ പ്രസ്താവന ശരിയായില്ലെന്ന് അഭിപ്രായപ്പെട്ട മുശാവറ അംഗം ഉമര്‍ഫൈസി മുക്കത്തിനെതിരെയും നദ്‌വി പ്രതികരിച്ചു. ശിവലിംഗം പാര്‍വതിയുടെ ഫര്‍ജ്ജ് എന്ന് പറഞ്ഞ വ്യക്തിയാണ് ഉമര്‍ ഫൈസിയെന്ന് അദ്ദേഹം പറഞ്ഞു. ' ശിവപാര്‍വ്വതിയെ അധിക്ഷേപിച്ച ഉമര്‍ ഫൈസിയാണ് എനിക്കെതിരെ പറയുന്നത്. ഉമര്‍ ഫൈസി മുശാവറയില്‍ നേരത്തെ തന്നെ അധിക്ഷേപിച്ചു സംസാരിച്ചു. ഞാന്‍ മുജാഹിദ് വക്താവാണെന്ന് ഉമര്‍ ഫൈസി പറഞ്ഞു. ആരോപണങ്ങള്‍ അദ്ദേഹത്തിന് തെളിയിക്കാനായില്ല', അദ്ദേഹം പറഞ്ഞു.
ജീര്‍ണതകള്‍ക്കെതിരെയാണ് പറഞ്ഞതെന്നും ഒറ്റപ്പെടുത്താനുള്ള ശ്രമം ഉണ്ടെന്നും നദ്‌വി കൂട്ടിച്ചേര്‍ത്തു. സമൂഹത്തെ ഉണര്‍ത്തുക എന്നതാണ് പ്രയോഗത്തിലൂടെ ഉദ്ദേശിച്ചതെന്നും 20-ാം നൂറ്റാണ്ടിലും ശൈശവ വിവാഹം ഉണ്ടെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 'ഉദാഹരണം പറഞ്ഞപ്പോള്‍ ചിലര്‍ക്ക് പൊള്ളി. അതുപോലെ നബിയെ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കും പൊള്ളുമെന്ന് ഓര്‍ക്കേണ്ടതായിരുന്നു. ഇഎംഎസിന്റെ ഉദാഹരണം പറഞ്ഞതാണ്. ദുനിയാവ് മുഴുവന്‍ പ്രതിഷേധിച്ചാലും ചരിത്ര സത്യം നിലനില്‍ക്കും', അദ്ദേഹം പറഞ്ഞു.
പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഭാര്യക്ക് പുറമേ ഇന്‍ ചാര്‍ജ് ഭാര്യമാരുണ്ടെന്ന ബഹാഉദ്ദീന്‍ നദ്‌വിയുടെ പ്രസ്താവന വിവാദമായിരുന്നു. കോഴിക്കോട് മടവൂരില്‍ നടന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഇവര്‍ക്കൊക്കെ ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാല്‍ വൈഫ് ഇന്‍ചാര്‍ജ്ജുകളായി വേറെ ആളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവര്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ ആരും ഉണ്ടാവില്ല. ഇവരൊക്കെ ബഹുഭാര്യത്വത്തെ എതിര്‍ത്ത് സമൂഹത്തില്‍ മാന്യന്മാരായി നടക്കുകയാണ്. കേരള മുന്‍ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ അമ്മ 11 വയസ്സിലാണ് വിവാഹം ചെയ്തത്', എന്നായിരുന്നു നദ്‌വിയുടെ പ്രസ്താവന.
Content Highlights: Bahauddeen Muhammed Nadwi about his controversy statement