ബിഹാറില്‍ ആര്‍ജെഡി നേതാവ് വെടിയേറ്റ് മരിച്ചു

ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് ആര്‍ജെഡി നേതാവിൻ്റെ കൊലപാതകം

ബിഹാറില്‍ ആര്‍ജെഡി നേതാവ് വെടിയേറ്റ് മരിച്ചു
dot image

പാട്‌ന: ബിഹാറില്‍ ആര്‍ജെഡി നേതാവ് വെടിയേറ്റ് മരിച്ചു. രാജ്കുമാര്‍ റായ് ഏലിയാസ് അല്ലാഹ് റായ് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി പാട്‌നയിലാണ് സംഭവം. അജ്ഞാതരായ രണ്ട് പേരാണ് രാജ്കുമാര്‍ റായ്‌ക്കെതിരെ വെടിയുതിര്‍ത്തത്.

ചിത്രഗുപ്തയിലെ മുന്നാചാക് മേഖലയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃക്‌സാക്ഷികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഉടന്‍ തന്നെ പൊലീസ് എത്തി രാജ്കുമാര്‍ റായിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് ആര്‍ജെഡി നേതാവ് കൊല്ലപ്പെടുന്നത്. രാജ്കുമാര്‍ റായ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നതായി അദ്ദേഹവുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാഘോപുര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഭൂമി തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭൂമി സംബന്ധമായ ബിനിസനുകള്‍ നടത്തിവന്നിരുന്ന ആള്‍കൂടിയാണ് രാജ്കുമാര്‍ റായ്. അതുകൊണ്ടുതന്നെ ആ വഴിയിലും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. സംഭവം നടന്ന സ്ഥലത്തിന് സമീപത്തുനിന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പട്‌ന കിഴക്കന്‍ മേഖലാ എസ്പി പരിചയ് കുമാര്‍ പറഞ്ഞു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

Content Highlights- RJD leader shot dead in patna months before elections

dot image
To advertise here,contact us
dot image