
പത്തനംതിട്ട: അടൂരിൽ പൊലീസ് സ്റ്റേഷനിൽ എസ്എഫ്ഐ നേതാവിനെ മർദ്ദിച്ചെന്ന പരാതിയിൽ ഒത്തുതീർപ്പിന് ശ്രമം. അടൂർ എരിയ വൈസ് പ്രസിഡൻ്റ് ഹാഷിം മുഹമ്മദിനെ സർക്കിൾ ഇൻസ്പെക്ടർ യു ബിജു മർദിച്ചെന്നാണ് പരാതി. ഹാഷിം മുഹമ്മദിനെ ഫോണിൽ വിളിച്ച് യു ബിജു ഒത്തുതീർപ്പിന് ശ്രമിക്കുന്നതിന്റെ ശബ്ദരേഖ റിപ്പോർട്ടറിന് ലഭിച്ചു.
തന്നെ ഒന്ന് സഹായിക്കണമെന്ന് സിഐ ബിജു ഹാഷിം മുഹമ്മദിനോട് പറയുന്നുണ്ട്. പരാതി തീർക്കണമെന്നും സിഐ അഭ്യർത്ഥിക്കുന്നു. പാർട്ടിക്കാർ പ്രശ്നമുണ്ടാക്കാതിരിക്കാനാണ് ശരീരത്ത് കൈ വെച്ച് പ്രിവന്റീവ് അറസ്റ്റ് ചെയ്തതെന്നും സിഐ പറയുന്നു. പൊലീസ് സ്റ്റേഷനിൽ സിഐ ആക്ഷൻ ഹീറോ ബിജു കളിച്ചതായി ഹാഷിം മുഹമ്മദ് മറുപടി നൽകുന്നു. മർദ്ദനമേറ്റ് ആശുപത്രിയിൽ ആയതിനാൽ തന്റെ ബിസിനസ് നഷ്ടമായെന്നും ഫോണിൽ കൂടി സംസാരിച്ചിട്ട് കാര്യമില്ല നേരിൽ കണ്ട് സംസാരിക്കാമെന്നും ഹാഷിം മുഹമ്മദ് മറുപടി നൽകുന്നുണ്ട്.
നിയമം വിട്ട് താൻ എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്ന സിഐയുടെ ചോദ്യത്തിന് നിയമം വിട്ട് ചെയ്തിട്ടുണ്ടെന്ന് ഹാഷിം ഉറപ്പിച്ച് പറയുന്നുണ്ട്.
'നിയമം വിട്ട് സ്റ്റേഷനിൽ ഇരുന്ന് എന്തൊക്കെ ചെയ്തിട്ടുണ്ട് എന്നതിന്റെ ലിസ്റ്റ് എൻ്റെ കയ്യിലുണ്ട്. മണ്ണ് ലോബിയുടെ അടുത്ത് എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് അറിയാം', സംഭാഷണത്തിൽ പറയുന്നു. 'നമ്മൾ വെറുതെ ആവശ്യമില്ലാതെ അങ്ങോട്ട്…. ഹാഷിം എന്നെ ഒന്ന് സഹായിക്കണം അത്രയേ ഉള്ളൂ. ഒരപേക്ഷയാണ്' എന്നും സിഐ ബിജു ഹാഷിമിനോട് ആവശ്യപ്പെടുന്നത് സംഭാഷണത്തിൽ ഉണ്ട്.
Content Highlights: complaint against adoor si u biju