
ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ യുഎഇക്കെതിരെ ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു.
യുഎഇയെ ഒൻപത് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. ആദ്യം ബാറ്റുചെയ്ത യുഎഇയെ 57 റൺസിന് എറിഞ്ഞിട്ട ഇന്ത്യ 4.3 ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ഉപനായകൻ ശുഭ്മാൻ ഗില്ലും അഭിഷേക് ശർമയുമാണ് ഇന്ത്യക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങിയത്. 15 പന്തിൽ നിന്നും 30 റൺസ് നേടി അഭിഷേക് ശർമ പുറത്തായപ്പോൾ മൂന്നാമനായി ക്രീസിലെത്തിയത് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.
എന്നാൽ ഇന്ത്യയുടെ ബാറ്റിങ് പൊസിഷനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ഇർഫാൻ പത്താൻ. ഇന്ത്യൻ ഓപ്പണർമാരെ അഭിനന്ദിക്കാനും പത്താൻ മറന്നില്ല. ശുഭ്മാൻ ഗിൽ വന്നയുടനെ മികച്ച രീതിയിൽ അറ്റാക്ക് ചെയ്ത് കളിക്കാൻ ശ്രമിച്ചുവെന്നും ആദ്യ ബോൾ മുതൽ അടിച്ചുകളിച്ച അഭിഷേക് ശർമ മികച്ച തുടക്കം നൽകിയെന്നും അദ്ദേഹം പറഞ്ഞു. സഞ്ജു സാംസണിന് ബാറ്റിങ് പൊസിഷൻ നഷ്ടമാകുന്നത് തിലക് വർമയെയും ബാധിക്കുമെന്നും അത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു.
'ശുഭ്മാൻ ഗിൽ ഓപ്പണറായതോട് കൂടി സഞ്ജൂ സാംസണ് പൊസിഷൻ നഷ്ടമാകുമെന്ന് തീർച്ചയാണ്. എന്നാൽ സഞ്ജു ടോപ് ത്രീയിൽ കളിക്കുകയാണെങ്കിൽ അത് തിലക് വർമയുടെയും സ്ഥാനം നഷ്ടപ്പെടുത്തും. ഈ സാഹചര്യത്തിൽ ബാക്കിയുള്ള ബാറ്റർമാർ പരാജയപ്പെടുകയും പിച്ച് കഠിനമാകുകയും ചെയ്താൽ അത് തിലകിനോട് ചെയ്യുന്ന അനീതിയല്ലേ? അതൊരു ചോദ്യമായി നിലനിൽക്കും,' തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ ഇർഫാൻ പത്താൻ പറഞ്ഞു.
ഇന്ത്യക്ക് വേണ്ടി ടി-20യിൽ മൂന്നാം നമ്പറിൽ 13 ഇന്നിങ്‌സിൽ നിന്നും 55.38 ശരാശരിയിൽ 443 റൺസ് നേടാൻ തിലകിന് സാധിച്ചിട്ടുണ്ട്.
Content Highlights- Irfan Pathan questions Indian Batting order