
ന്യൂഡൽഹി: കെ ടി ജലീൽ എംഎൽഎയ്ക്ക് മനോനിലതെറ്റിയെന്നും ചികിത്സ നൽകണമെന്നും യൂത്ത് ലീഗ്. ജലീലിന്റെ മനോനിലതെറ്റിയിരിക്കയാണ്, എംഎൽഎ എന്ന നിലയിൽ അദ്ദേഹത്തിന് ചികിത്സ നൽകാൻ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തയ്യാറാകണമെന്നും യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി പി അഷ്‌റഫലി പറഞ്ഞു. ജലീലിന്‍റെ മനോനില തകർന്നതിനെ കുറിച്ച് ഇടതുപക്ഷം ഗൗരവമായി ആലോചിക്കണമെന്നും ടി പി അഷ്‌റഫലി ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം ജലീലിന്‍റെ ആരോപണങ്ങളില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ ദേശീയ നേതൃത്വം പിന്തുണച്ചു. മുസ്‌ലിം യൂത്ത് ലീഗ് കേരളത്തിൽ നടത്തിയ അഴിമതിവിരുദ്ധ പോരാട്ടത്തിലൂടെ മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന ആളാണ് കെ ടി ജലീൽ. അതിന്റെ രാഷ്ട്രീയവൈരാഗ്യം ജലീലിന് തീർന്നിട്ടില്ല. അന്ന് തുടങ്ങിയതാണ് യൂത്ത് ലീഗിനോടുള്ള അദ്ദേഹത്തിന്റെ കലിപ്പെന്ന് ടി പി അഷ്‌റഫലി പറഞ്ഞു.
അദ്ദേഹത്തിന്റെ രാഷ്ട്രീയവൈരാഗ്യമായി മാത്രമേ അതിനെ കാണുന്നുള്ളു. ഗൗരവമായി എടുക്കുന്നില്ല.
ജലീൽ പറയുന്ന എല്ലാത്തിനും മറുപടി പറയേണ്ട കാര്യമില്ല. ആവശ്യമെങ്കിൽ പികെ ഫിറോസ് മറുപടി നൽകും. ആരോപണങ്ങൾ ജല്‍പനങ്ങളായി കണ്ട് അവഗണിച്ച് ഒഴിവാക്കുകയാണ്. ഗൗരവമുള്ള ആരോപണം വന്നാൽ പ്രതികരിക്കുമെന്നും അഷ്റഫ് അലി പറഞ്ഞു.
അതേസമയം പി കെ ഫിറോസിനെതിരെ ഓരോദിവസവും കൂടുതൽ ആരോപണങ്ങളുമായി രംഗത്ത് വരികയാണ് ജലീൽ.
പികെ ഫിറോസ് റിവേഴ്‌സ് ഹവാലയാണ് നടത്തുന്നതെന്നാണ് കെടി ജലീല്‍ എംഎല്‍എ ഉന്നയിച്ച പുതിയ ആരോപണം. പികെ ഫിറോസ് പല സ്ഥാപനങ്ങളും നടത്തുന്നുണ്ടെന്നും തിരുനാവായക്കാരനായ മുഹമ്മദ് അഷറഫാണ് അദ്ദേഹത്തിന്റെ ബിനാമിയെന്നും കെടി ജലീല്‍ പറഞ്ഞിരുന്നു. പികെ ഫിറോസിന് അത് നിഷേധിക്കാനാവില്ലെന്നും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ജലീൽ പറഞ്ഞിരുന്നു.
ഉന്നാവോ, കത്വ പെണ്‍കുട്ടികളുടെ പേരില്‍ പിരിച്ച തുകയും ദോത്തി ചാലഞ്ച് വഴി പിരിച്ച തുകയുമാണ് ഫിറോസ് ബിസിനസിനായി ഉപയോഗിച്ചതെന്നും ഫിറോസിന്റെ സ്ഥാപനം ഇന്ത്യയില്‍ നിന്ന് കോടിക്കണക്കിന് രൂപ സര്‍ക്കാരിന്റെയും ബാങ്കിന്റെയും കണ്ണുവെട്ടിച്ച് ഗള്‍ഫിലെത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: Youth league against K T Jaleel MLA