ബലാത്സംഗക്കേസ്: റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം

കോടതിയുടെ പരിഗണനയിലുളള വിഷയമായതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും പറയാനുളള കാര്യങ്ങള്‍ കേസിനുശേഷം പറയാമെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു

ബലാത്സംഗക്കേസ്: റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം
dot image

കൊച്ചി: എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. യുവ ഡോക്ടറുടെ ബലാത്സംഗ പരാതിയില്‍ വേടന്റെ ഇന്നത്ത ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. നാളെ വീണ്ടും ഹാജരാകാനാണ് നിര്‍ദേശം. കോടതിയുടെ പരിഗണനയിലുളള വിഷയമായതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും പറയാനുളള കാര്യങ്ങള്‍ കേസിനുശേഷം പറയാമെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലൈംഗിക ആരോപണങ്ങൾക്കിടെ കഴിഞ്ഞ ദിവസം വേടൻ സംഗീത പരിപാടിയിൽ പങ്കെടുത്തിരുന്നു. പത്തനംതിട്ട കോന്നിയില്‍ നടന്ന സംഗീത പരിപാടിയിലാണ് വേടന്‍ പങ്കെടുത്തത്. താന്‍ എവിടെയും പോയിട്ടില്ലെന്ന് വേടന്‍ പരിപാടിക്കിടെ പറഞ്ഞു. 'ഒരുപാട് ആളുകള്‍ വിചാരിക്കുന്നത് വേടന്‍ എവിടെയോ പോയി എന്നാണ്. ഒരു കലാകാരന്‍ ഒരിക്കലും എവിടെയും പോകുന്നില്ല. ഞാനെന്റെ ഈ ഒറ്റ ജീവിതം ജനങ്ങളുടെ മുന്നില്‍ ജീവിച്ചുമരിക്കാന്‍ തന്നെയാണ് വന്നിരിക്കുന്നത്': എന്നാണ് വേടന്‍ പറഞ്ഞത്. കോന്നി കരിയാട്ടം സമാപന ദിവസമാണ് വേടന്റെ സംഗീത പരിപാടി അരങ്ങേറിയത്.

വേടനെതിരെ ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങളിൽ നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഓരോ കേസിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ് എന്നാണ് ഹൈക്കോടതി പറഞ്ഞത്. ബ്രേക്ക് അപ്പ് ആയതിന് ശേഷം മറ്റെയാളുടെ ഭാവി നശിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാല്‍ നീതി നിഷേധമാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

2021-2023 കാലയളവില്‍ വിവിധ ഫ്‌ളാറ്റുകളില്‍ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു വേടനെതിരായ പരാതി. എന്നാല്‍ വ്യക്തിഹത്യ ചെയ്യാനാണ് പരാതിക്കാരിയുടെ ശ്രമമെന്നും തനിക്കും മാനേജര്‍ക്കും ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്നുമായിരുന്നു വേടന്റെ മറുവാദം. വേടനെതിരെ അടുത്തിടെ ഗവേഷണ വിദ്യാര്‍ത്ഥിയും ലൈംഗിക അതിക്രമത്തിന് പരാതി നൽകിയിരുന്നു.സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗികാതിക്രമം നടത്തുക, അശ്ലീലപ്രയോഗം, ലൈംഗിക അംഗവിക്ഷേപങ്ങള്‍ കാണിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തി  കൊച്ചി സിറ്റി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

Content Highlights: Rapper Vedan granted anticipatory bail in Rape Case

dot image
To advertise here,contact us
dot image