'പഴയ ലോക്കപ്പ് മർദ്ദനങ്ങൾ ഇപ്പോള്‍ എല്‍ഡിഎഫിനെതിരായ വാർത്തയാക്കുന്നത് ആസൂത്രിതം'; ഇ പി ജയരാജൻ

കോൺഗ്രസ് ഭരണകാലത്ത് ലോക്കപ്പിൽ ആളുകളെ തല്ലിക്കൊന്നപ്പോൾ കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്തതെന്ന് ഇ പി ജയരാജൻ

'പഴയ ലോക്കപ്പ് മർദ്ദനങ്ങൾ ഇപ്പോള്‍ എല്‍ഡിഎഫിനെതിരായ വാർത്തയാക്കുന്നത് ആസൂത്രിതം'; ഇ പി ജയരാജൻ
dot image

കണ്ണൂർ: പഴയ ലോക്കപ്പ് മർദ്ദനങ്ങൾ വാർത്തയാക്കുന്നത് ആസൂത്രിതമാണെന്ന് എൽഡിഎഫ് മുൻ കൺവീനർ ഇ പി ജയരാജൻ. മുൻപ് നടന്ന ലോക്കപ്പ് മർദ്ദനങ്ങൾ ഇടതുപക്ഷത്തെ തകർക്കാനായി ഇപ്പോൾ നടന്നതുപോലെ ആസൂത്രിതമായി ചിത്രീകരിക്കുകയാണെന്നാണ് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ പറഞ്ഞത്. സംസ്ഥാനത്ത് പൊലീസ് കസ്റ്റഡി മർദ്ദനവുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഇപിയുടെ പ്രതികരണം.

12 കൊല്ലം മുൻപ് നടന്ന സംഭവം വരെ മാധ്യമങ്ങൾ ഇന്നലെ നടന്നതുപോലെ വാർത്തയാക്കുന്നത് ആസൂത്രിതമായാണ്. യുഡിഎഫ് ഭരണ സമയത്ത് സംഭവിച്ചത് ഇപ്പോൾ നടന്നതുപോലെ ചിത്രീകരിച്ചാണ് വാർത്ത കൊടുക്കുന്നത്. ഇടതുപക്ഷത്തിനുനേരെ നടക്കുന്ന ആസൂത്രിതമായ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ജനം മുന്നോട്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം അഞ്ചാറുമാസം മുൻപ് കുന്നംകുളത്ത് ഒരു കോൺഗ്രസ് പ്രാദേശികനേതാവിനെ പൊലീസ് മര്‍ദ്ദിച്ചുവെന്നാണ് മാധ്യമങ്ങൾ വാർത്ത നൽകിയത്. ആ നേതാവ് ആറുമാസം മുൻപ് എവിടെയായിരുന്നു. എവിടെയെങ്കിലും പരാതികൊടുത്തിട്ടുണ്ടോ എന്ന് ഇ പി ചോദിച്ചു.

ഇത് നടക്കുമ്പോൾ പ്രതിപക്ഷനേതാവ് എവിടെയായിരുന്നു, കേരളത്തിലില്ലേ. ഡിസിസി പരാതി നൽകിയിട്ടുണ്ടോ. ഒരു പരാതിയും എവിടെയും കൊടുത്തിട്ടില്ല. എന്നാൽ ആറുമാസത്തിനുശേഷം വലിയ ഭൂകമ്പമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ഇ പി പറഞ്ഞു.

കുന്നംകുളത്ത് യൂത്ത് കോണ്ർഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദിച്ച സംഭവത്തെ കുറിച്ചായിരുന്നു ഇ പിയുടെ ഈ പ്രതികരണം.

ആറുമാസത്തിന് മുൻപാണെങ്കിൽ പോലും കുന്നംകുളം പോലീസ് സ്റ്റേഷനിലെ ലോക്കപ്പിനകത്തെ ചില ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ നടപടിയെടുത്തു. നാലുപേരെ സസ്‌പെൻഡ് ചെയ്തുവെന്നും ഇപി പറഞ്ഞു. അതേസമയം കോൺഗ്രസ് ഭരണകാലത്ത് ലോക്കപ്പിൽ ആളുകളെ തല്ലിക്കൊന്നപ്പോൾ കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം ഒരു പൊലീസ് അതിക്രമത്തെയും അംഗീകരിക്കുന്ന പാർട്ടിയല്ല സിപിഐഎം, ഞങ്ങൾ അനുഭവിച്ചപോലെ പോലീസ് അതിക്രമം അനുഭവിച്ച വേറെയൊരു പാർട്ടിയില്ലെന്നും ഇ പി പറഞ്ഞു. ഇഎംഎസ് അധികാരത്തിൽ വന്നതിനുശേഷമാണ് കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ ലോക്കപ്പ് മർദനം അവസാനിപ്പിച്ചത്. എന്നാൽ ചില പൊലീസുകാർ പഴയ പൊലീസ് പാരമ്പര്യം മനസ്സിൽ വെച്ച് ചില അതിക്രമങ്ങൾ നടത്തിയേക്കും. അത്തരം അതിക്രമങ്ങളെ കൈയുംകെട്ടി നോക്കിനിൽക്കുന്ന സർക്കാരല്ല ഇതെന്നും ഇ പി വ്യക്തമാക്കി. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരകമന്ദിരത്തിന്റെ ഉദ്ഘാടനത്തിനായുള്ള സ്വാഗതസംഘം രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Content Highlights: Former LDF convener EP Jayarajan says making old lockup beatings news is planned

dot image
To advertise here,contact us
dot image