'സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും തടയണം'; ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മതേതര നിലപാട് ഉന്നയിച്ച് അധികാരത്തിലേറിയ സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു മതപരമായ പരിപാടി സംഘടിപ്പിക്കുന്നത് ഭരണഘടനാ ലംഘനമെന്ന് ഹർജിയിൽ വാദം

'സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും തടയണം'; ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
dot image

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈന്ദവീയം ഫൗണ്ടേഷന്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്.

ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ആഗോള അയ്യപ്പ സംഗമം നടത്തുന്നതില്‍ നിന്ന് സര്‍ക്കാരിനെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും തടയണമെന്നാണ് ആവശ്യം. ആഗോള അയ്യപ്പ സംഗമത്തിനായി പണം ചെലവഴിക്കരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യമുണ്ട്. മതേതര നിലപാട് ഉന്നയിച്ച് അധികാരത്തിലേറിയ സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു മതപരമായ പരിപാടി സംഘടിപ്പിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നാണ് ഹര്‍ജിയിലെ വാദം. സമാന ആവശ്യം ഉന്നയിച്ചുള്ള മറ്റൊരു പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.

സെപ്റ്റംബർ 20 ന് പമ്പാ തീരത്താണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാർ, കേരളത്തിലെ കേന്ദ്ര മന്ത്രിമാർ അടക്കം പങ്കെടുക്കുമെന്നാണ് വിവരം. പരിപാടിയിലേക്ക് വ്യവസ്ഥകളോടെയാണ് പ്രവേശനം. പൊതുജനങ്ങൾക്ക് ഉപാധികളോടെ മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. പങ്കെടുക്കുന്നവർ മൂന്ന് വർഷത്തിനിടെ കുറഞ്ഞത് രണ്ട് പ്രാവശ്യം ദർശനം നടത്തിയിരിക്കണം. ശബരിമല വെർച്വൽ ക്യൂ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെ മാത്രമേ പരിഗണിക്കൂവെന്നും നിർദ്ദേശമുണ്ട്. 500 വിദേശ പ്രതിനിധികൾക്കും ക്ഷണമുണ്ട്.

dot image
To advertise here,contact us
dot image