
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് അയ്യപ്പസംഗമം നടക്കുമോ ഇല്ലയോ എന്ന് നാളെയറിയാം. പന്തളത്ത് അയ്യപ്പ സംഗമം നടത്തുന്നതില്‍ നാളെ ഫൈനല്‍ പ്രഖ്യാപനം നടത്തുമെന്ന് വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് വി ആര്‍ രാജശേഖരന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തിലാണ് കൂടിയാലോചന യോഗം. സംഘപരിവാര്‍ സംഘടനകളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തില്‍ നിരവധി അവ്യക്തതയുണ്ട്. കരുതി ഇരിക്കണം എന്ന് കരുതിയാണ് പന്തളത്ത് നാളെ യോഗം ചേരുന്നതെന്നും വി ആര്‍ രാജശേഖരന്‍ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു. സംഗമത്തിലേക്ക് ക്ഷണിച്ചോ എന്ന ചോദ്യത്തിന് മറുപടി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയണമായിരുന്നുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ലെന്നും സുരേഷ് ഗോപി ചോദിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആഗോള അയ്യപ്പ സംഗമത്തിലേക്ക് സുരേഷ് ഗോപിയെ കഴിഞ്ഞദിവസം നേരിട്ട് ക്ഷണിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നേരിട്ട് സുരേഷ് ഗോപിയുടെ വീട്ടിലെത്തിയായിരുന്നു ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചത്. എന്നാല്‍ അയ്യപ്പ സംഗമം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരിപാടിയാണെന്നാണ് സംഘപരിവാര്‍ നിലപാട്. അതിനാല്‍തന്നെ സുരേഷ് ഗോപി പങ്കെടുക്കരുതെന്ന നിലപാടിലാണ് ബിജെപി നേതൃത്വവും.
അതേസമയം രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ ആഗോള അയ്യപ്പ സംഗമത്തിന്റേതായ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. എഡിഎം ഡോ അരുണ്‍ എസ് നായര്‍ക്കാണ് ഏകോപന ചുമതല. എഡിജിപി എസ് ശ്രീജിത്തിനാണ് സംഗമത്തിന്റെ സുരക്ഷാ ചുമതല.
പമ്പാ തീരത്ത് ഈമാസം 20നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍ അടക്കം പങ്കെടുക്കുമെന്നാണ് വിവരം.
Content Highlights: Will the visvasa Sangamam take place in Pandalam?; Final announcement tomorrow