
ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും വലിയ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട് ക്രിക്കറ്റ്. ദക്ഷിണാഫ്രിക്കയെ 342 റൺസിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ചരിത്ര വിജയം ആഘോഷിച്ചത്. 2023ൽ തിരുവന്തപുരത്തുവെച്ച് ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ നേടിയ 317 റൺസിന്റെ വിജയമെന്ന റെക്കോർഡാണ് തിരുത്തിക്കുറിക്കപ്പെട്ടത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 414 റൺസെടുത്തു. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ 400 റൺസെന്ന നേട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം രണ്ടാം സ്ഥാനത്തെത്താനും ഇംഗ്ലണ്ടിന് സാധിച്ചു. ഇന്ത്യയും ഇംഗ്ലണ്ടും ഏഴ് തവണ വീതം 400 റൺസെന്ന നേട്ടത്തിലെത്തിയിട്ടുണ്ട്. എട്ട് തവണ 400 റൺസ് നേട്ടം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയാണ് ഈ റെക്കോർഡിൽ മുന്നിലുള്ളത്.
മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു. ഓപണർമാരായ ജാമി സ്മിത്തും ബെൻ ഡക്കറ്റും ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നൽകിയത്. സ്മിത്ത് 62 റൺസും ഡക്കറ്റ് 31 റൺസും സംഭാവന ചെയ്തു. പിന്നാലെ ജേക്കബ് ബെഥലും ജോ റൂട്ടും ക്രീസിലൊന്നിച്ചതോടെ ഇംഗ്ലണ്ട് സ്കോർ മുന്നോട്ടുകുതിച്ചു.
96 പന്തുകളിൽ ആറ് ഫോറുകളുടെ അകമ്പടിയോടെ 100 റൺസാണ് ജോ റൂട്ട് നേടിയത്. 82 പന്തിൽ 13 ഫോറും മൂന്ന് സിക്സറും സഹിതം 110 റൺസ് ജേക്കബ് ബെഥൽ അടിച്ചുകൂട്ടി. ബെഥലിന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറിയുമാണിത്. ഇരുവരും ചേർന്ന മൂന്നാം വിക്കറ്റിൽ 182 റൺസ് കൂട്ടിച്ചേർത്തു.
അവസാന ഓവറുകളിൽ ജോസ് ബട്ലറിന്റെയും വിൽ ജാക്സിന്റെയും വെടിക്കെട്ടും ഇംഗ്ലണ്ടിന് തുണയായി. 32 പന്തിൽ എട്ട് ഫോറും ഒരു സിക്സറും സഹിതം പുറത്താകാതെ 62 റൺസാണ് ബട്ലർ നേടിയത്. എട്ട് പന്തിൽ രണ്ട് ഫോറും ഒരു സിക്സറും സഹിതം പുറത്താകാതെ 19 റൺസാണ് വിൽ ജാക്സിന്റെ സംഭാവന. ദക്ഷിണാഫ്രിക്കൻ ബൗളർമാരുടെ സംഭാവനയായി 27 എക്സ്ട്രാ റൺസും വിട്ടുനൽകി.
മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക നിരുപാധികം തകർന്നുവീണൂ. മൂന്ന് താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 20 റൺസെടുത്ത കോർബിൻ ബോഷാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്കോറർ. 20.5 ഓവറിൽ വെറും 72 റൺസിൽ ദക്ഷിണാഫ്രിക്കൻ സംഘം കിതച്ചുവീണൂ. ഏകദിന ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോറാണിത്. 1993ൽ സിഡ്നിയിൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്കോർ പിറന്നത്. അന്ന് 69 റൺസ് മാത്രമായിരുന്നു ദക്ഷിണാഫ്രിക്ക നേടിയത്.
ഒമ്പത് ഓവർ എറിഞ്ഞ് മൂന്ന് മെയ്ഡൻ ഉൾപ്പെടെ 18 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത ജൊഫ്ര ആർച്ചറാണ് ഇംഗ്ലണ്ട് ബൗളിങ്ങിൽ തിളങ്ങിയത്. ആദിൽ റാഷിദ് മൂന്നും ബ്രൈഡൻ കാർസ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. പരമ്പരയിൽ 2-1ന് ദക്ഷിണാഫ്രിക്കയ്ക്കാണ് വിജയം.
Content Highlights: England Registered the Biggest win in ODI Cricket History