
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ പിരിക്കുന്ന ഒരു പൈസയും സര്‍ക്കാര്‍ വാങ്ങില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍. ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രം ആക്കുകയാണ് ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യമെന്നും അതില്‍ ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.
'ശബരിമലയില്‍ മുന്‍പു തൊട്ടേ സ്‌പോണ്‍സര്‍ഷിപ്പുകള്‍ സ്വീകരിക്കുന്നതാണ്. 72 സ്‌പോണ്‍സര്‍മാരാണ് നിലവിലുള്ളത്. അയ്യപ്പ സംഗമത്തെ പ്രതിപക്ഷം രാഷ്ട്രീയമായി കാണുന്നു. കേരളത്തില്‍ വികസനം വരുമ്പോള്‍ പ്രതിപക്ഷം ക്രീയാത്മക പ്രതിപക്ഷമല്ല. അയ്യപ്പ സംഗമ വിഷയത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടല്ല. യുഡിഎഫില്‍ രണ്ട് അഭിപ്രായം ഉണ്ട്- വി എന്‍ വാസവന്‍ പറഞ്ഞു. സംഗമത്തില്‍ പങ്കെടുക്കുന്ന അയ്യപ്പന്മാരില്‍ നിന്നും അഭിപ്രായങ്ങള്‍ എഴുതി വാങ്ങിച്ച് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക എന്നുള്ളതാണ് സംഗമത്തിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
സംഗമത്തിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങിക്കഴിഞ്ഞു. ആത്മീയ നേതാക്കളും അയ്യപ്പഭക്തരും ജനപ്രതിനിധികളും പങ്കെടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഔദ്യോഗികമായി ക്ഷണം ഉണ്ടാകില്ലെന്നും രാഷ്ട്രീയം പാടില്ല എന്നതാണ് തീരുമാനമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി. രാഷ്ട്രീയ വിമുക്തമായി ആണ് സംഗമം സംഘടിപ്പിക്കുന്നതെന്നും പി എസ് പ്രശാന്ത് ചൂണ്ടിക്കാണിച്ചു.
Content Highlights: 'The Devaswom Board's aim is to make Sabarimala a global pilgrimage centre' VN Vasavan