വിരമിക്കലിൽ നിന്നും തിരിച്ചുവന്ന് റോസ് ടെയ്‌ലർ! കളിക്കുന്നത് പക്ഷെ ന്യൂസിലാൻഡിന് വേണ്ടിയല്ല

ന്യൂസിലാൻഡിന് വേണ്ടി 112 ടെസ്റ്റും 236 ഏകദിനവും 102 ടി ട്വന്റി-20 മത്സരവും കളിച്ച താരമാണ് ടെയ്‌ലർ

വിരമിക്കലിൽ നിന്നും തിരിച്ചുവന്ന് റോസ് ടെയ്‌ലർ! കളിക്കുന്നത് പക്ഷെ ന്യൂസിലാൻഡിന് വേണ്ടിയല്ല
dot image

മുൻ ഇതിഹാസ ന്യൂസിലാൻഡ് താരം റോസ് ടെയ്‌ലർ ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു. സമാവോ എന്ന രാജ്യത്തിന് വേണ്ടി കളിക്കാനാണ് ടെയ്‌ലർ വരുന്നത്. ന്യൂസിലാൻഡിന് വേണ്ടി 112 ടെസ്റ്റും 236 ഏകദിനവും 102 ടി ട്വന്റി-20 മത്സരവും കളിച്ച താരമാണ് ടെയ്‌ലർ.

41 വയസുകാരനായ ടെയ്‌ലർ അടുത്ത വർഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ക്വാളിഫയർ മത്സരങ്ങൾക്കായി സമോവക്ക് വേണ്ടി കളത്തിലിറങ്ങും. ഏഷ്യ-ഈസ്റ്റ്, ഏഷ്യാ-പസിഫിക് ക്വാളിഫയർ മത്സരങ്ങളിലാണ് സമോവയും റോസ് ടെയ്‌ലറും കച്ചക്കെട്ടുന്നത്. ഒക്ടോബർ 25നാണ് ടൂർണമെന്റ് ആരംഭിക്കുക.

ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ റോസ് ടെയ്‌ലർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'റിട്ടയർമെന്റിൽ നിന്നും തിരിച്ചുവരുന്നു, നീല ജേഴ്‌സി അണിഞ്ഞ് സമോവക്ക് വേണ്ടിയാണ് ഞാൻ കളത്തിലിറങ്ങുക. ഞാൻ സ്‌നേഹിക്കുന്ന കളിയിലേക്കുള്ള തിരിച്ചുവരവിനേക്കാൾ മുകളിലാണ് ഇത്. എന്റെ ഹെറിട്ടേച് കൾച്ചർ, വില്ലേജ്, കുടുംബം എന്നിവയെ പ്രതിനിധീകരിക്കുന്നത് അഭിമാനപരമായ കാര്യമാണ്,' ടെയ്‌ലർ പറഞ്ഞു.

കളിയിലേക്ക് തിരിച്ചുവരുന്നതിന്റെ ആവേശത്തിലാണ് താനെന്നും ടെയ്‌ലർ സോലഷ്യൽ മീഡിയയിൽ കുറിച്ചു. സമോവ ടെയ്‌ലറിന്റെ അമ്മയുടെ പാരമ്പര്യമാണെന്നും അവിടെ അദ്ദേഹത്തിന് പാസ്‌പോർട്ട് ഉണ്ടെന്ന് ഐസിസയുടെ വെബ്‌സൈറ്റിൽ പറയുന്നു. ന്യൂസിലാൻഡിൽ നിന്നും 2022ൽ വിരമിച്ച റോസ് ടെയ്‌ലർ മൂന്ന് വർഷത്തിന് ശേഷം സമോവക്ക് വേണ്ടി കളിക്കാൻ പ്രാപ്തനാകുകയായിരുന്നു.

ന്യൂസിലാൻഡിന് വേണ്ടി മൂന്ന് ഫോർമാറ്റിൽ നിന്നുമായി 18000 ത്തോളം റൺസ് സ്വന്തം പേരിൽ കുറിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ടി-20യിൽ 122.37 സ്‌ട്രൈക്ക് റേറ്റിൽ 1909 റൺസ് ന്യൂസിലാൻഡിന് വേണ്ടി നേടാൻ ടെയ്‌ലറിനായി. ഒരു പ്രധാനപ്പെട്ട രാജ്യത്തിന് വേണ്ടി കളിച്ച് ഐതിഹാസികമായ കരിയറുളള ഒരു താരം മറ്റൊരു രാജ്യത്തിന് വേണ്ടി കളിക്കുക എന്ന അപൂർവമായ കാര്യത്തിനാണ് ടെയ്‌ലർ വഴി തുറക്കുന്നത്.

Content Highlights- Ross Taylor to play for Samao coming out of Retirement

dot image
To advertise here,contact us
dot image